വരുൺ എം.ഒ.
ഒരു ആയിരത്തി തൊള്ളായിരത്തി എൺപത്തിനയഞ്ചു – എൺപത്തിയാറു കാലഘട്ടം. ഞങ്ങളുടെ വീടിനു കുറച്ചകലെയുള്ള ഗവണ്മെന്റ് എൽ പി സ്കൂളിൽ പഠിക്കുന്ന കാലം. അന്ന് ഒരു വെള്ള ഷർട്ടും കറുത്ത നിക്കറുമായിരുന്നു വേഷം. സ്കൂൾ യൂണിഫോമൊന്നും അന്ന് ഗവണ്മെന്റ് സ്കൂളുകളിൽ ആയിട്ടില്ല.
അങ്ങനെ ആദ്യത്തെ ക്ലാസ് കഴിഞ്ഞുള്ള ഇടവേള. കുട്ടികളെല്ലാവരും കളിക്കാനായി പുറത്തേക്കോടി. പോലീസും കള്ളനും കളി, കബഡി കളി അങ്ങനെ അങ്ങനെ വിവിധതരം കളികളിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ. കുറേപേർ അടുത്തുള്ള വീട്ടിൽ നിന്നും പുളിഞ്ചിക്ക, കാരക്ക പോലുള്ള കായ്കൾ പറിച്ചു കഴിക്കാനായി ഓടുന്നു. അന്ന് അതൊക്കെ ഒരു സ്ഥിര സംഭവമാണല്ലോ.
‘എന്തായാലും കുറച്ചു നേരം കബഡി കളി കാണാം’ എന്ന് കരുതി കബഡി കളിക്കുന്ന കൂട്ടുകാരുടെ അടുത്ത് ചെന്നു.
“ഡാ, നീയും വാ.” അവർ എന്നെയും കളിക്കാനായി ക്ഷണിച്ചു. അവരുടെ നിർബന്ധത്തിനു വഴങ്ങിയാവണം ഞാനും കൂടെ കൂടി.
കബഡി കളി കൊഴുത്തു. ഞാനും ആത്മാർത്ഥമായി കളിച്ചു. നിലത്തു വീണും, ഉരുണ്ടും..അങ്ങനെ… അങ്ങനെ ആത്മാർത്ഥതയോടെ കബഡി കളിയിൽ ഏർപ്പെട്ടു.
കുറെ കഴിഞ്ഞപ്പോൾ മണിയടിച്ചു. അടുത്ത ക്ലാസ് തുടങ്ങാൻ സമയമായി. എല്ലാവരും കളികൾ ഉപേക്ഷിച്ചു അവരവരുടെ ക്ലാസ്സുകളിലേയ്ക്ക് ഓടി. ഞാനും എന്റെ ക്ലാസ്സിലേക്ക് മടങ്ങി. അപ്പോഴാണ് ഒരു സത്യം ഞാൻ മനസ്സിലാക്കിയത്. എന്റെ കൂടെ കളിച്ചവന്മാർക്കെല്ലാം കളർ ഷർട്ടുകളും എനിക്ക് വെള്ള ഷർട്ടും. കബഡികളിയുടെ മൂർദ്ധന്യത്തിൽ എന്റെ വെള്ള ഷർട്ടിൽ അഴുക്കും ചെളിയും എല്ലാം കൊണ്ട് ഒരു പരുവമായി.
ക്ലാസുകൾ നിശബ്ദമാകാൻ തുടങ്ങി. ഞാൻ വേഗം എന്റെ പെട്ടിയുമെടുത്തു പിറകിലെ ബെഞ്ചിൽ പോയി ഇരുന്നു (പണ്ട് സ്കൂളിൽ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്നത് ഒരു അലൂമിനിയം പെട്ടിയായിരുന്നു). ഇനി സാറിന്റെയൊന്നും കണ്ണിൽ പെടരുത് തന്റെ ദേഹത്ത് ആകമാനം അഴുക്കു പറ്റിയത്.
ഉടൻ തന്നെ മലയാളം പഠിപ്പിക്കാനായി കുറുപ്പ് സർ എത്തി. പഠിപ്പിക്കാനായി പുസ്തകമെടുത്തു. എന്നിട്ടു തന്റെ കണ്ണട ഒന്ന് നേരെ വച്ച് കുട്ടികളെ മൊത്തത്തിൽ ഒന്ന് നോക്കി. എല്ലാപേരെയും സ്കാൻ ചെയ്തു കൊണ്ടിരുന്ന ആ കണ്ണട വച്ച കണ്ണുകൾ എന്റെ ദേഹത്തും പതിഞ്ഞു. ശേഷം ഒന്ന് തുറിച്ചു നോക്കി. എന്റെ ഹൃദയമിടിപ്പ് വേഗത്തിലായി. ‘താൻ പെട്ടിരിക്കുന്നു’ എന്ന സത്യാവസ്ഥ ഞാൻ തിരിച്ചറിഞ്ഞു.
“ഡേയ്, ഇങ്ങു വാ.” കുറുപ്പ് സർ വിളിച്ചത് എന്നെ തന്നെയായിരുന്നു. അപ്പോൾ ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളുമടക്കം എല്ലാപേരുടെയും കണ്ണുകൾ എന്റെ നേരെയായി.
ഞാൻ പതിയെ സാറിന്റെ അടുത്തേയ്ക്കു ചെന്നു.
“എന്തോന്നാടാ ഇത്? എവിടെ പോയി കിടന്നു ഉരുണ്ടു? തിരിഞ്ഞു നില്ക്കു എല്ലാവരും കാണട്ടെ” എന്നിങ്ങനെ കുറുപ്പ് സാർ എന്തൊക്കെയോ പറയുന്നത് ഒരു മുഴക്കം പോലെയാണ് എനിക്ക് തോന്നിയത്.
“സാറെ, കബഡി കളിച്ചപ്പോൾ…” ഞാൻ ഇടറിയ വാക്കുകളോടെ പറയാൻ ശ്രമിച്ചെങ്കിലും മുഴുവിപ്പിക്കാൻ കഴിയുന്നില്ല.
“നീ ആ ഷർട്ട് ഒന്ന് ഊരിയേ..” സാറിന്റെ മുഖത്ത് ദേഷ്യം നിഴലിച്ചിരുന്നു.
ഒന്നും പറയാനാവാതെ ഞാൻ എന്റെ ഷർട്ട് അഴിച്ചു. കുട്ടികളെല്ലാം അടക്കി ചിരി തുടങ്ങി.
സർ എന്റെ ഷർട്ട് വാങ്ങി അത് ഉയർത്തി കാട്ടി.
“കണ്ടോ, ഒരു കബഡികളിക്കാരന്റെ ഷർട്ട്.”
ഞാൻ വിയർത്തു ഒരു പരുവമായി. എന്ത് ചെയ്യാം, തല കുനിച്ചു നില്ക്കുകയല്ലാതെ.
അന്നത്തെ ആ സംഭവം ഞാൻ ഒരിക്കലും മറക്കില്ല. അന്ന് ആ അധ്യാപകൻ എന്നെ മനപ്പൂർവ്വം അപമാനിക്കുകയായിരുന്നില്ല എന്ന് മാത്രമല്ല ഭാവിയിലേക്ക് വൃത്തിയോടെ നടക്കുക എന്ന വലിയ പാഠം കുറുപ്പ് സാർ എന്നെ പഠിപ്പിക്കുകയായിരുന്നു എന്ന് പിന്നീട് എനിക്ക് മനസ്സിലായി.
#childhood #nostalgia #school #kabadi #teacher #shortstory #storytelling #malayalam