മഹേഷ്‌കുമാർ
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായിരുന്ന ശാസ്ത്രഗവേഷകൻ ആൽബർട്ട് ഐൻസ്റ്റീന്റെ ചരമദിനം ഇന്നലെ (ഏപ്രിൽ 18) യായിരുന്നു. 1955 ഏപ്രിൽ 18 ന് തന്റെ 76 -ാം വയസ്സിലായാണ് ഐൻസ്റ്റീൻ ഈ ലോകത്തോട് വിട പറയുന്നത്. യുദ്ധവിരോധിയായിരുന്ന ആൽബർട്ട് ഐൻസ്റ്റീൻ, യുദ്ധത്തിനും ആണവായുധത്തിനുമെതിരായ പ്രവർത്തനങ്ങളിൽ സജീവമാകുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആണവ സാങ്കേതിക വിദ്യ മനുഷ്യരാശിയുടെ നന്മയ്ക്കായി പ്രയോജനപ്പെടുത്തണം എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം.
ജർമനിയിലെ ഊം നഗരത്തിൽ 1879ലായിരുന്നു ഐൻസ്റ്റീന്റെ ജനനം. തലയ്ക്ക് അസാധാരണ വലിപ്പമുണ്ടായിരുന്ന ശിശുവിന് ജീവൻ നിലനിർത്താനാകില്ലെന്നാണ് എല്ലാവരും കരുതിയത്. ആകുലതകളുടേതായിരുന്നു ബാല്യവും. വളരെ വൈകിയാണ് കുട്ടി ഐൻസ്റ്റീൻ സംസാരശേഷിയാർജിച്ചത്. പഠനത്തിൽ മെല്ലെപ്പോക്കുകാരൻ. അഞ്ചുവയസുള്ളപ്പോൾ രോഗബാധിതനായിക്കിടന്ന ഐൻസ്റ്റീന് അച്ഛൻ കളിക്കാൻ നൽകിയ വടക്കുനോക്കിയന്ത്രമാണ് അവനിൽ ശാസ്ത്രകൗതുകം ജനിപ്പിച്ചതെന്ന് ഒരു കഥയുണ്ട്. ഗലീലിയോ ആയിരുന്നു ഐൻസ്റ്റീന്റെ ആരാധനാ മൂർത്തി. വിശ്വവിജ്ഞാനീയത്തിലെ സമസ്യകൾ ലോകത്തിന് മുന്നിൽ അഴിച്ചുവെച്ച മഹാപ്രതിഭയ്ക്ക് ഓർമ ശക്തി കുറവായിരുന്നുവെന്ന കാര്യവും രഹസ്യമല്ല. പേരുകളോ, തീയതികളോ, ഫോൺ നമ്പരുകളോ ഓർത്തുവെക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
1955 ൽ ഐൻസ്റ്റീൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ തോമസ് ഹാർവ്വി ആ തലച്ചോർ വേർപെടുത്തിയെടുത്തു മരിക്കുന്നതിന് മുമ്പേ തന്റെ തലച്ചോർ പരീക്ഷണങ്ങൾക്കായി എടുക്കാൻ ഐൻസ്റ്റീൻ സമ്മതം കൊടുത്തിരുന്നതായി ഒരു വാദമുണ്ട്. പക്ഷെ അത് കള്ളമായിരുന്നുവെന്ന് പിന്നീട് മനസിലായി. സത്യത്തിൽ സമ്മതം വാങ്ങാതെയാണ് ഐൻസ്റ്റീന്റെ തലച്ചോർ മുറിച്ചെടുത്തത്. ഒടുവിൽ ഐൻസ്റ്റീന്റെ കുടുംബം അത് ഗവേഷണങ്ങൾക്കേ ഉപയോഗിക്കാവൂ എന്ന നിബന്ധനയിൽ വിവാദം അവസാനിപ്പിക്കുകയായിരുന്നു
പ്രായപൂർത്തിയായ സാധാരണ ഒരു മനുഷ്യന്റേതിനേക്കാൾ (1300-1400 gm) ഭാരക്കുറവായിരുന്നു ആ ബുദ്ധിരാക്ഷസന്റെ തലച്ചോറിന്. വെറും 1230gm മാത്രം ഭാരമുള്ള ആ തലച്ചോറിൽ നിന്നാണ് E=mc സ്ക്വയറും റിലേറ്റിവിറ്റി തിയറിയുമൊക്കെ പിറന്നത്. ആ മസ്തിഷ്കത്തിന്റെ വിവിധ ആംഗിളുകളിലുള്ള ചിത്രങ്ങൾ ഹാർവ്വിയെടുത്തു. ആ ചെറിയ തലച്ചോറിൽ ഭാഷയും സംസാരവുമൊക്കെ കൈകാര്യം ചെയ്യുന്ന ഭാഗങ്ങൾ താരതമ്യേന ചെറുതാണെന്ന് അദ്ദേഹം മനസിലാക്കി. പക്ഷെ, ഇൻഫീരിയർ പരൈറ്റൽ ലോബിന്റെ വലിപ്പം സാധാരണയേക്കാൾ 15 ശതമാനത്തിലധികം കൂടുതലായിരുന്നു. അവിടമാണ് സംഖ്യകളെയും സൂത്രവാക്യങ്ങളെയും ഒക്കെ സൂക്ഷ്മമായി വിശകലനം ചെയ്യുകയും സമയം, സ്ഥലം, ദൂരം തുടങ്ങിയ ഭൗതികശാസ്ത്ര വസ്തുതകളെ അപഗ്രഥിക്കുകയും ചെയ്യുന്ന തലച്ചോറിന്റെ കണക്കുമുറി.
ഡോ. ഹാർവി ഫോട്ടോ പിടിത്തം കഴിഞ്ഞ് ഈ തലച്ചോറിനെ 1 cm വീതം നീളവും വീതിയും ഉയരവുമുള്ള 240 ചെറിയ കഷ്ണങ്ങളായി മുറിച്ച് കോളോഡിയോണിൽ പൊതിഞ്ഞു വച്ചു. എന്നിട്ട് ചില പഠനങ്ങളൊക്കെ നടത്താൻ നോക്കി. എന്നാൽ 1978 വരെയും ഇതൊന്നും വേറാർക്കും പഠിക്കാനോ പരീക്ഷിക്കാനോ കൊടുത്തില്ല. 20 വർഷത്തിലധികം ഒരു സിഡർ ബോക്സിനുള്ളിൽ ആൾക്കഹോളിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയായിരുന്നു, ബുദ്ധിയുടെയും ഓർമ്മയുടെയും ഇലക്ട്രോൺ പ്രവാഹം നിലച്ച ആ യന്ത്രത്തെ. 1978 ൽ സ്റ്റീഫൻ ലെവിയെന്ന ജേണലിസ്റ്റാണ് ഹാർവിയുടെ കയ്യിൽ നിന്നും ഇതൊക്കെയും കണ്ടെടുക്കുകയും ഗവേഷണങ്ങൾക്കായി വിവിധ രാജ്യങ്ങളിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞർക്ക് ഈ തലച്ചോർ കഷ്ണങ്ങൾ കുറച്ചു വീതം നൽകുകയും ചെയ്തത്.
ഐൻസ്റ്റിൻ ഒരു സമാധാന പ്രേമിയോ അതോ യുദ്ധ വെറിയനോ, കമ്മ്യൂണിസ്റ്റോ അതോ സയണിസ്റ്റോ തുടങ്ങി പല വിവാദങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. ആ പ്രതിഭയുടെ കണ്ടുപിടുത്തങ്ങളെ പോലെ തന്നെ ചർച്ചയായതാണ് ഇക്കാര്യങ്ങളും.1939 -ൽ ബെർലിനിലെ ജർമൻ ശാസ്ത്രജ്ഞരായ ഓട്ടോഹാനും, സ്ട്രാസ്മാനും ചേർന്ന് ചേർന്ന് യുറേനിയം ആറ്റത്തെ വിഭജിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു എന്നുള്ള വിവരം ഐൻസ്റ്റീന്റെ കാതിലെത്തിയപാടെ അദ്ദേഹം അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന റൂസ്വെൽറ്റിന് ഒരു കത്തെഴുതി. അമേരിക്കൻ ശാസ്ത്രജ്ഞരെ എത്രയും പെട്ടെന്ന് ഒരു ആറ്റംബോംബ് ഉണ്ടാക്കാൻ പ്രേരിപ്പിക്കണം എന്നതായിരുന്നു കത്തിലെ ഉള്ളടക്കം. അദ്ദേഹം ഒരു തികഞ്ഞ യുദ്ധവിരോധി ആണെന്നോർക്കണം. എന്നിരുന്നാലും, യുദ്ധവെറിയന്മാരായ നാസികളുടെ കയ്യിൽ ആറ്റംബോംബുകൾ കിട്ടിയാൽ, മറുപക്ഷത്ത് ബോംബില്ലെങ്കിൽ അവർ നിർബാധം എടുത്ത് ഉപയോഗിക്കും എന്നുള്ള തിരിച്ചറിവായിരുന്നു ഈ അഭ്യർത്ഥനയ്ക്കു പിന്നിൽ.
തീവ്ര കമ്മ്യൂണിസ്റ്റ് അനുഭാവം പുലർത്തിയിരുന്ന ആളാണ് ഐൻസ്റ്റീൻ. അദ്ദേഹം അമേരിക്കയിൽ ജീവിച്ച 22 വർഷത്തോളം FBI കർക്കശമായി നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ തീവ്ര കമ്യൂണിസ്റ്റ് അനുഭാവം രാഷ്ട്ര സുരക്ഷയ്ക്ക് അപായകരമാണ് എന്ന് അക്കാലത്തെ എഫ്ബിഐ ഡയറക്ടർ ജെ. എഡ്ഗാർ ഹൂവർ വരെ കരുതിയിരുന്നു. അദ്ദേഹത്തിന്റെ ഫോണുകൾ ടാപ്പു ചെയ്തും, അദ്ദേഹത്തിന് വരുന്ന കത്തുകൾ പൊട്ടിച്ചു വായിച്ചും വീടിനു വെളിയിലെ ചവറ്റു വീപ്പ ചിക്കിച്ചികഞ്ഞും ഒക്കെ അവർ തെളിവുണ്ടാക്കാൻ വേണ്ടി പരിശ്രമിച്ചു. അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ പരിശ്രമിച്ചെങ്കിലും അദ്ദേഹത്തെ അകത്താക്കാൻ പോന്ന തെളിവുകളൊന്നും എഫ്ബിഐയ്ക്ക് കിട്ടിയില്ല. എഫ്ബിഐയുടെ 1500 പേജുള്ള ഒരു ഡോസിയറിൽ അവർ ഐൻസ്റ്റീനെ വിശേഷിപ്പിച്ചത്, ”സ്റ്റാലിനെക്കാൾ തീവ്രവാദി” എന്നായിരുന്നു.
ലോകത്തിലെ ഏക ജൂത രാഷ്ട്രത്തിന്റെ ആദ്യ പ്രസിഡന്റ് എന്ന പദവി വെച്ച് നീട്ടപ്പെട്ടെങ്കിലും സ്നേഹത്തോടെ നിരസിക്കുകയായിരുന്നു ഐൻസ്റ്റീൻ. 1952 -ലാണ് ആ സംഭവം. ആൽബർട്ട് ഐൻസ്റ്റീനോട് ഇസ്രായേലിന്റെ ആദ്യത്തെ പ്രസിഡണ്ടായ കൈം വൈസ്മാൻ തന്നെയാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. ‘ലോകം കണ്ട ഏറ്റവും മഹാനായ ജൂതൻ ‘ എന്നദ്ദേഹം കരുതിയിരുന്ന തന്റെ ആത്മസ്നേഹിതൻ ആൽബർട്ട് ഐൻസ്റ്റീനാണ് ജൂതരാഷ്ട്രത്തിന്റെ നായകനാകാൻ ഏറ്റവും യോഗ്യനെന്ന് അദ്ദേഹം കരുതിയിരുന്നു.
അക്കൊല്ലം പിറന്നുവീണ് പിച്ചവെയ്ക്കാൻ തുടങ്ങുകയായിരുന്ന ഇസ്രായേൽ എന്ന തന്റെ രാജ്യത്തിന്റെ പ്രഥമ പ്രസിഡന്റുപദം അലങ്കരിക്കാമോ എന്നായിരുന്നു കൈം വൈസ്മാൻറെ ചോദ്യം. അതോടൊപ്പം, ഐൻസ്റ്റൈന് തന്റെ ഗവേഷണങ്ങൾ തുടരുന്നതിനുള്ള സകല സൗകര്യങ്ങളും അവർ വാഗ്ദാനം ചെയ്തെങ്കിലും, അദ്ദേഹം അതെല്ലാം സ്നേഹപൂർവ്വം നിരസിച്ചു. 1947 -ൽ തന്നെ സയണിസത്തിലുള്ള തന്റെ വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു എങ്കിലും, ജൂതന്മാരോട് വളരെ അടുപ്പമുണ്ടായിരുന്നു അദ്ദേഹത്തിന് എങ്കിലും, ഒരു ലോകനേതാവിന്റെ രൂപത്തിൽ തന്നെ കാണാൻ ഐൻസ്റ്റീന് ആയിരുന്നില്ല.
ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ വിളംബരം അനുസരിച്ച് രൂപീകൃതമായ തിരുവിതാംകൂർ സർവകലാശാല പിൽക്കാലത്ത് കേരളാ സർവകലാശാലയായി പരിണമിച്ചു. ശ്രീ ചിത്തിരതിരുനാൾ മഹാരാജാവായിരുന്നു സർവകലാശാലയുടെ ആദ്യത്തെ ചാൻസലർ. പണ്ഡിതനും കഴിവുറ്റ ഭരണ തന്ത്രജ്ഞനുമായിരുന്ന തിരുവിതാംകൂർ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ ഈ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ആയിരുന്നു. അന്നത്തെ ഭരണകർത്താക്കൾ സർവകലാശാലയുടെ ആദ്യ വൈസ്- ചാൻസലർ ആയി ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീനെ ക്ഷണിച്ചെങ്കിലും ആ ശ്രമം ഫലവത്തായില്ല. ബ്രിട്ടനിലെ മികച്ച സർവകലാശാലകളുടെ മാതൃകയിലാണ് കേരള സർവകലാശാലയ്ക്കു രൂപം നൽകിയത്. എന്നാൽ ബ്രിട്ടീഷ് സർവകലാശാലകളിൽ നിന്നും വ്യത്യസ്തമായി കോളേജുകളെ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്യുന്ന രീതി പിന്നീട് നിലവിൽ വന്നു.
“ഈ ലോകത്ത് എല്ലാവരും ജീനിയസ്സുകളാണ്. പക്ഷേ, ഒരു മത്സ്യത്തെ അതിന്റെ മരം കയറാനുള്ള കഴിവ് വെച്ച് നമ്മൾ വിലയിരുത്താൻ തുനിഞ്ഞാൽ, പിന്നെ അത് ആയുഷ്കാലം ഒരു വിഡ്ഢിയുടെ ജീവിതമായിരിക്കും കഴിച്ചുകൂട്ടുക…” – ഐൻസ്റ്റീന്റെ പ്രസിദ്ധമായ വാക്കുകളിൽ നിന്നും ആ പ്രതിഭയുടെ കാഴ്ച്ചപ്പാടുകൾ ലോകത്തിന് മനസ്സിലാക്കാം.
#malayalam #kerala #entertainment #films #manicheppu #OnLine #books #literature #writers
Images: google