ബെന്യാമിന്റെ ‘ആടുജീവിതം’ അനുഭവസാക്ഷ്യത്തിൽനിന്നും രേഖപ്പെടുത്തിയ അതിമനോഹരമായ ഒരു നോവലാണ്. പ്രവാസജീവിതത്തിന്റെ മണൽപ്പരപ്പിൽനിന്നും രൂപംകൊണ്ട മഹത്തായ ഒരു സാഹിത്യശില്പം.
ആടുജീവിതം:
ബെന്യാമിന്റെ ‘ആടുജീവിതം’ അനുഭവസാക്ഷ്യത്തിൽനിന്നും രേഖപ്പെടുത്തിയ അതിമനോഹരമായ ഒരു നോവലാണ്. പ്രവാസജീവിതത്തിന്റെ മണൽപ്പരപ്പിൽനിന്നും രൂപംകൊണ്ട മഹത്തായ ഒരു സാഹിത്യശില്പം. പ്രവാസം ഇവിടെ ബാഹ്യസ്പർശിയായ അനുഭവമല്ല. വെന്തുനീറുന്ന ഒരു തീക്ഷ്ണതയാണ്. മണൽപ്പരപ്പിലെ ജീവിതം ചുട്ടു പൊള്ളുന്പോഴും വിഷാദമധുരമായ നർമ്മത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ എഴുത്തുകാരനാകുന്നില്ല. മലയാള സാഹിത്യത്തിലെ അത്യപൂർവ്വമായ ഒരു രചന.
ഗ്രന്ഥകാരൻ:
ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിൻ, കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശിയാണ്. പ്രവാസിയായ ഇദ്ദേഹം, ബഹ്റൈനിലാണ് താമസം. ബെന്യാമിൻ എന്നത് തൂലികാനാമമാണ്. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ എന്നാണ്. അബുദാബി മലയാളി സമാജം കഥാപുരസ്കാരം നേടിയ യൂത്തനേസിയ, പെണ്മാറാട്ടം എന്നീ കഥാസമാഹാരങ്ങളും, അബീശഗിൽ, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, അക്കപ്പോരിലെ ഇരുപത് നസ്രാണി വർഷങ്ങൾ, മഞ്ഞവെയിൽ മരണങ്ങൾ എന്നീ നോവലുകളും അദ്ദേഹത്തിന്റെ ഇതര രചനകളാണ്.
കഥാസംഗ്രഹം:
കേരളത്തിൽ ഒരു മണൽവാരൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന നജീബ്, ഒരു സുഹൃത്തിന്റെ ബന്ധു വഴി കിട്ടിയ തൊഴിൽ വിസയിലാണ് സൗദി അറേബ്യയിലേക്കു പോയത്. കൂടെ, അതേ വഴിക്കു തന്നെ വിസ കിട്ടിയ ഹക്കീം എന്ന കൂട്ടുകാരനും ഉണ്ടായിരുന്നു. റിയാദിൽ വിമാനം ഇറങ്ങിയ അവർ വിമാനത്താവളത്തിൽ ആരെയോ അന്വേഷിച്ചു നടക്കുന്നതായി തോന്നിയ ഒരു അറബിയെ കണ്ടു മുട്ടുകയും സ്പോൺസറാണെന്ന് (ആർബാബ്, അഥവാ മുതലാളി) തെറ്റിദ്ധരിച്ച് അയാളുടെ കൂടെ പോകുകയും ചെയ്തു. അവർ എത്തിപ്പെട്ടത് മസ്ര എന്നറിയപ്പെടുന്ന രണ്ട് വ്യത്യസ്ത തോട്ടങ്ങളിലായിരുന്നു.
വൃത്തിഹീനമായ സാഹചര്യത്തിൽ ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ചുകൊണ്ടുള്ള വിശ്രമമില്ലാത്ത ജീവിതമായിരുന്നു മസറയിൽ നജീബിനെ കാത്തിരുന്നത്. നജീബ് എത്തിയപ്പോൾ അവിടെ മറ്റൊരു വേലക്കാരൻ കൂടി ഉണ്ടായിരുന്നു. വർഷങ്ങൾ നീണ്ടു നിന്ന അടിമപ്പണി അയാളെ ഒരു “ഭീകരരൂപി” ആയി മാറ്റിയിരുന്നു.
ആടുകൾക്ക് നാട്ടിലെ കഥാപാത്രങ്ങളുടെയും സ്വന്തക്കാരുടെയും പേരുകൾ നൽകി അവരുമായി സംവദിച്ചാണ് തന്റെ ഏകാന്തതക്ക് നജീബ് ആശ്വാസം കണ്ടെത്തിയത്. ഇതിനിടെ ഹക്കീം ജോലി ചെയ്തിരുന്ന മസറയിൽ ഇബ്രാഹിം ഖാദരി എന്നൊരു സൊമാലിയക്കാരൻ കൂടി ജോലിക്കാരനായി വന്നു. ഒളിച്ചോടാനുള്ള അവസരം പാർത്തിരുന്ന ഹക്കീമും ഖാദരിയും നജീബും മസറകളിലേയും മുതലാളിമാർ, അവരിൽ ഒരാളുടെ മകളുടെ വിവാഹത്തിൽ സംബന്ധിക്കാൻ പോയ അവസരം ഉപയോഗിച്ച് ഒളിച്ചോടി. മരുഭൂമിയിലൂടെ ദിവസങ്ങൾ നീണ്ടു നിന്ന പലായനത്തിൽ ദിശനഷ്ടപ്പെട്ട അവർ ദാഹവും വിശപ്പും കൊണ്ടു വലഞ്ഞു. യാത്രയ്ക്കിടയിൽ ദാഹം സഹിക്കാതെ ഹക്കീം മരിച്ചു. പിന്നെയും പലായനം തുടർന്ന ഖാദരിയും നജീബും ഒടുവിൽ ഒരു മരുപ്പച്ച കണ്ടെത്തി. അവിടെ ദാഹം തീർത്ത് കുറച്ച് ദിവസം തങ്ങിയ ശേഷം അവർ വീണ്ടും യാത്ര തുടർന്നു. ഒടുവിൽ നജീബ് ഒരു ഹൈവേയിൽ എത്തുമ്പോഴേക്ക് ഖാദരിയെ കാണാതായിരുന്നു. അവിടെ നിന്നും, ഒരു അറബി അയാളെ തന്റെ കാറിൽ കയറ്റി, അടുത്ത പട്ടണമായ റിയാദിലെ ബത്‌ഹയിൽ എത്തിച്ചു.
പിന്നീട് നജീബ് നാട്ടിൽ തിരിച്ചെത്തുന്നത് എങ്ങനെ എന്ന് തുടർന്ന് കഥ വിവരിക്കുന്നു.
യഥാർത്ഥത്തിൽ നജീബ് ആരായിരുന്നു?
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ പഞ്ചായത്തിൽ 1962 മെയ് 15-ന് ജനിച്ച നജീബ് എന്ന വ്യക്തിയുടെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ബെന്യാമിൻ ‘ആടുജീവിതം’ എന്ന നോവൽ രചിച്ചത്.
ഗൾഫിലെ ജോലിക്കാരുടെ വിജയകഥകളായിരുന്നു ബെന്യാമിൻ കൂടുതലും കേട്ടിരുന്നതെങ്കിലും ഒരു പരാജയകഥയെഴുതാൻ ഇദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നു. സുഹൃത്തായ സുനിൽ പറഞ്ഞ്ന ജീബിന്റെ കഥ കേട്ടപ്പോൾ “ലോകത്തോടുപറയാൻ ഞാൻ കാത്തിരുന്ന കഥ ഇതായിരുന്നുവെന്നും എനിക്കീ കഥ പറഞ്ഞേ മതിയാകൂ എന്നും തോന്നി” എന്നാണ് ബെന്യാമിൻ അഭിപ്രായപ്പെട്ടത്. നജീബ് ബെന്യാമിനെ ബഹ്റൈനിൽ വെച്ച് പിന്നീട് കണ്ടുമുട്ടുകയുമുണ്ടായി.
മണിക്കൂറുകളോളം നജീബുമായി സംസാരിച്ചാണ് ബെന്യാമിൻ കഥ മെനഞ്ഞത്. നജീബിന്റെ ജീവചരിത്രം തേച്ചുമിനുക്കുകയോ മധുരമുള്ള്താക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് തനിക്ക് തോന്നിയില്ല എന്നാണ് ബെന്യാമിൻ വിശദീകരിക്കുന്നത്. ആടുജീവിതത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങിയതും കഥാപാത്രമായ നജീബാണു. 2008 ൽ ബഹ്റൈനിൽ വച്ച് കവി കുഴൂർ വിൽസൺ പുസ്തകത്തിന്റെ ആദ്യകോപ്പി നജീബിനു നൽകി പ്രകാശനം നിർവ്വഹിച്ചു.
ആടുജീവിതം സിനിമയാകുമ്പോൾ:
Image courtesy: Google.com
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി, ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങാനിരിക്കുന്ന ഒരു മലയാളം ചിത്രമാണ് ‘ആടുജീവിതം’. പൃഥ്വിരാജ് ആണ് നജീബ് എന്ന പ്രവാസിയുടെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് കെ. യു. മോഹനനും, ശബ്ദമിശ്രണവും നിർവഹിക്കുന്നത് റസൂൽ പൂക്കുട്ടിയും ആണ്. എന്നാൽ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഗാനങ്ങളും ഒരുക്കുന്നത് പ്രശസ്ത സംഗീതസംവിധായകൻ എ. ആർ. റഹ്മാൻ ആണ്.
തിരുവല്ലയിലെ അയ്യൂരിൽ 2018 മാർച്ച് 1ന് ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 2018 ഏപ്രിൽ ആദ്യം തന്നെ കേരളത്തിലുള്ള ചിത്രീകരണം പൂർത്തിയായി. ബാക്കി ചിത്രീകരണം ജൂണിലേക്ക് മാറ്റി വെക്കുകയും ചെയ്തു. കൂടാതെ 27 വർഷങ്ങൾക്ക് ശേഷം എ. ആർ. റഹ്മാൻ മലയാളസിനിമയിലേക്ക് തിരിച്ച് വരുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ആടുജീവിതത്തിന്. ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ മലയാള ചിത്രമാണ്.
പൃഥ്വിരാജ് (നജീബ് മുഹമ്മദ്), അമല പോൾ (സൈനു), വിനീത് ശ്രീനിവാസൻ (മഹെർ), അപർണ ബാലമുരളി (റുആ), സന്തോഷ് കീഴാറ്റൂർ (ഹംസ), ലെന (ഐഷ) എന്നിവരാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്.