അനീഷ് കെ.അയിലറ
രാത്രിയില്‍ പെട്ടെന്നാണ് കാറ്റും മഴയും വന്നത്. പുറത്ത് മരത്തിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞു വീഴുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. അപ്പൊഴേ വിചാരിച്ചതാണ് കറന്‍റ് പോകുമെന്ന്. സാധാരണ വൈദ്യുതി പോയാല്‍ ഉടന്‍ തന്നെ വരാറുണ്ട്. രണ്ടു മൂന്നു പ്രാവശ്യം ഒന്നു മിന്നി അണഞ്ഞു.
അപ്പോള്‍ അച്ഛന്‍ പറഞ്ഞു,
“ഇനി കറന്‍റ് ഉടനേ വരുമെന്ന് തോന്നുന്നില്ല. ലൈനില്‍ വല്ല മരവും ഒടിഞ്ഞു കിടക്കുന്നുണ്ടാവും. മാളു മുറിക്കുള്ളില്‍ തന്നെ ഇരുന്നോട്ടോ.”
അച്ഛന്‍ ഓരോന്ന് ആലോചിച്ച് വാരാന്തയിലെ കസേരയിലിരുന്നു. ‘കറന്‍റ് എപ്പോള്‍ വരുമെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡ് ഓഫീസില്‍ വിളിച്ച് ചോദിക്കണേയെന്ന്’ അമ്മ ഇടയ്ക്കിടയ്ക്ക് ഓർമ്മപ്പെടുത്തി. പുറത്ത് ഇരുട്ടില്‍ ഒരു ഞരങ്ങിയ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. അച്ഛന്‍ ടോര്‍ച്ചെടുത്ത് വെളിയിലിറങ്ങി. മാളുവും അച്ഛനോടൊപ്പം കൂടി.
ഗേറ്റ് തുറന്ന് ദൂരേക്ക് ടോര്‍ച്ച് പായിച്ചു. ഒരു ചെറുപ്പക്കാരന്‍ റോഡിന്റെ അരികിലായി കിടക്കുന്നുണ്ടായിരുന്നു. ശരീരമാസകലം രക്തത്തില്‍ കുളിച്ച നിലയിലാണ്. അടുത്ത് ഒരു ബൈക്കും കാണാമായിരുന്നു.
‘രക്ഷിക്കണേ രക്ഷിക്കണേ’ എന്ന ദീന സ്വരം മാത്രം കേള്‍ക്കാം.
അച്ഛന്‍ പതുക്കെ അയാളെ പിടിച്ച് എഴുനേല്‍പ്പിക്കാന്‍ നോക്കി. ഒരു രക്ഷയുമില്ല. അച്ഛന്‍ ഉടന്‍തന്നെ ഫോണെടുത്ത് അടുത്ത വീട്ടിലെ രാജു അങ്കിളിനെ വിളിച്ചു. അങ്കിള്‍ ഓടി അവിടെത്തി.
ആ സമയം ആ വഴി പോയ ഒരു കാറിന് രാജു അങ്കിള്‍ കൈകാണിച്ചു. കാറില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അയാള്‍ വണ്ടി നിറുത്തി ഇറങ്ങി. തറയില്‍ കിടന്ന ചെറുപ്പക്കാരനെ മൂന്നു പേരും കൂടി താങ്ങിയെടുത്ത് കാറില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പാന്‍റിന്റെ പോക്കറ്റില്‍ കിടന്ന ഫോണ്‍ ബല്ലടിക്കുന്നുണ്ടായിരുന്നു. അച്ഛന്‍ ഫോണെടുത്തു. ആരാണ് വിളിക്കുന്നതെന്നും ആരെയാണ് വിളിക്കുന്നതെന്നുമൊക്കെ തിരക്കി. അപകടത്തില്‍ പെട്ടത് അനൂപ് എന്ന ആളാണെന്നും വിളിക്കുന്നത് ജോസഫ് എന്ന സുഹൃത്താണെന്നും അച്ഛന് മനസ്സിലായി. അനുപ് അപകടത്തില്‍ പെട്ട കാര്യങ്ങളൊക്കെ ജോസഫ് അറിഞ്ഞു. വീട്ടുകാരെ വിവരം അറിയിക്കാനും ജോസഫിനോടു പറഞ്ഞു.
അര മണിക്കൂറിനുള്ളില്‍ ജോസഫും അനുപിന്റെ അടുത്ത ബന്ധുക്കളും ആശുപത്രിയിലെത്തി. നടന്ന കാര്യങ്ങളൊക്കെ അച്ഛന്‍ പറഞ്ഞു. അച്ഛനും മാളുവും തിരിച്ച് വീട്ടിലെത്തി.
രണ്ടു മുന്നു ആഴ്ച കഴിഞ്ഞു കാണും ഒരു ദിവസം വൈകിട്ട് ഒരു കാര്‍ വന്നു മാളുവിന്റെ വീടിനു മുന്നില്‍ നിന്നു. അതില്‍ നിന്നു ഒരു പുരുഷനും സ്ത്രീയും ഇറങ്ങി വന്നു സ്വയം പരിചയപ്പെടുത്തി.
“ഞാന്‍ രാധാകൃഷ്ണന്‍, ഇതെന്‍റെ ഭാര്യ നിര്‍മ്മല. ഞങ്ങളുടെ മകനാണ് ഇവിടെ വച്ച് ബൈക്കപകടത്തില്‍ പെട്ട അനുപ്. നിങ്ങള്‍ ആ സമയത്ത് ചെന്ന് അവനെ രക്ഷിച്ചില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ മകനെ തിരിച്ചുകിട്ടില്ലായിരുന്നു.”
അച്ഛന്‍ പറഞ്ഞു, “നന്ദി പറയേണ്ടത് ദൈവത്തോടാണ്. ആ സമയത്ത് ഇരുട്ടത്തിരുന്നതുകൊണ്ടു മാത്രമാണ് അവന്റെ ദീനസ്വരം എന്റെ ശ്രദ്ധയില്‍ പെട്ടത്. കറന്‍റ് ഉണ്ടായിരുന്നെങ്കില്‍ ടി.വിയുടെ ശബ്ദം കൊണ്ട് പുറത്തുള്ളതൊന്നും ഒരു പക്ഷേ അറിയുമായിരുന്നില്ല.”
കറന്‍റ് പോകുമ്പോള്‍ എപ്പോഴും വൈദ്യുതി ബോര്‍ഡിനെ ശപിക്കാറുള്ള അച്ഛന്‍ ഇരുട്ടാണല്ലോ മകന്റെ രക്ഷകനായി വന്നതെന്നോര്‍ത്തു സമാധാനപ്പെട്ടു.
1 comment
കഥ നന്നായിട്ടുണ്ട്. മാനുഷികത നിറഞ്ഞ നല്ലൊരു ചെറു കഥ . കഥാകൃത്തിന് അഭിനന്ദനങ്ങൾആശംസകൾ