തങ്കപ്രസാദ് വി.
മേശപ്പുറത്ത് അലക്ഷ്യമായി വെച്ചിരിക്കുന്ന പുസ്തകകെട്ടുകൾക്കിടയിൽ നിന്ന് ഒരു നിലവിളി കേട്ടു.
“എന്നെ പുറത്തെടുക്കൂ എനിക്ക് ശ്വാസം മൂടുന്നു.”
സമീപത്തുള്ള മഷിക്കുപ്പി അത് കേട്ടു ഓടിച്ചെന്നു. നോക്കിയപ്പോള്‍ തന്റെ ഉറ്റ സുഹൃത്ത് പേന പുസ്തകത്തിന്റെ അകത്ത് പെട്ട് നിലവിളിക്കുന്നതാണ് കണ്ടത്. മഷിക്കുപ്പി ഉടനെ തന്റെ പേന സുഹൃത്തിനെ പുസ്തകത്തിന്റെ അകത്ത് നിന്നും പുറത്തെടുത്തു.
“നീ എന്തിനാണ് പുസ്തകത്തിന്റെ അകത്ത് കയറിയത്?”
“അത്… അത്…” വീണ്ടും പേന പറയാന്‍ മടിച്ചു.
“പറയൂ.” മഷിക്കുപ്പി ആവശ്യപ്പെട്ടു.
“ഞാന്‍ മഹത്വത്തിന്റെ അര്‍ത്ഥം തിരയുകയായിരുന്നു.”
പേനയുടെ മറുപടി കേട്ട് മഷിക്കുപ്പി പൊട്ടിച്ചിരിച്ചു. ആ ചിരിയില്‍ മഷി നാലുപാടും ചിതറി. കുറച്ച് നമ്മുടെ പേനയുടെ മുഖത്തും. പേന ക്ഷുഭിതനായി.
“എന്റെ മുഖത്ത് മഷിയാക്കി അല്ലേ?” പേന ചോദിച്ചു.
അതിന് മഷിക്കുപ്പിയുടെ മറുപടി.
“നിന്റെ ഉള്ളില്‍ ഞാനാണ്. ആ ബോധമില്ലാതെ നിന്റെ മുഖത്തായപ്പോള്‍ ക്ഷോഭം. ഉള്ളുകൊണ്ട് അറിയാത്തത് മുഖത്ത് കാണുന്നതെങ്ങനെ? ആട്ടെ, നിനക്കീ ചിന്ത എവിടെനിന്നു കിട്ടി?” മഷിക്കുപ്പി ചോദിച്ചു.
“ചില മനുഷ്യര്‍ പറയുന്നത് കേട്ടിട്ടുണ്ട് മഹത്വത്തെ കുറിച്ച്. ഞാനതു പുസ്തകത്തില്‍ തിരയുകയായിരുന്നു.” പേന പറഞ്ഞു.
ഇത് കേട്ട് മഷിക്കുപ്പി വീണ്ടും പൊട്ടിച്ചിരിച്ചു. ഈ പ്രാവശ്യം നമ്മുടെ പേന ഓടിമറിഞ്ഞു.
“നീ ഓടി മറയുകയൊന്നും വേണ്ട. ഇങ്ങുവാ.” മഷിക്കുപ്പി നീട്ടി വിളിച്ചു.
“ചില മനുഷ്യര്‍ അങ്ങനെ പലതും പറയും. പറഞ്ഞ് പറഞ്ഞ് അവര്‍ മഹത്വവല്‍ക്കരിക്കും. തന്റെ ഉള്ളിലെ സ്വത്വത്തേയോ, മഹാത്മാക്കളുടെ കൂടെയുള്ള സഹവാസത്തെയോ അവര്‍ ഒരു തരിപോലും ഗൗനിക്കുകയില്ല.”
“അപ്പോള്‍ എനിക്കു മഹത്വപൂരിതമായ ജീവിതം ലഭിക്കുകയില്ലേ?” പേന ചോദിച്ചു.
“ജന്മം കൊണ്ടല്ല, കര്‍മ്മം കൊണ്ടാണ് മഹത്വ ജീവിതം ലഭിക്കുക. അതും മഹാത്മാക്കളുമായുള്ള കര്‍മ്മം.” മഷിക്കുപ്പി പറഞ്ഞു.
നമ്മുടെ സുഹൃത്തുക്കളായിട്ടുള്ള പേനയുടെയും മഷിക്കുപ്പിയുടെയും സംഭാഷണത്തിനിടെ ആ മുറിയില്‍ വിളക്ക് തെളിഞ്ഞു. അതാ നമ്മുടെ യജമാനന്‍. മഷിക്കുപ്പിയും പേനയും നിശബ്ദരായി. യജമാനന്‍ മേശക്കരികില്‍ കസേരയില്‍ വന്നിരുന്നു. ഒരു പേപ്പറെടുത്ത് എന്തോ എന്നെഴുതാന്‍ അയാല്‍ പേന കൈയ്യിലെടുത്തു. അതില്‍ മഷിയില്ല. സമീപത്തുള്ള മഷിക്കുപ്പിയെടുത്തു. നോക്കിയപ്പോള്‍ അതില്‍ മഷിയുമില്ല. ഒരല്പം ക്ഷോഭത്തോടെ അയാള്‍ മഷിക്കുപ്പിയേയും പേനയേയും ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു. ചവറ്റുകുട്ടയിലിരുന്ന് നമ്മുടെ സുഹൃത്തുക്കളായ പേനയും, മഷിക്കുപ്പിയും സങ്കടത്തില്‍ കണ്ണീര്‍ വാര്‍ത്തു.
“ഈ ജന്മത്തില്‍ ആരുമില്ലേ നമുക്ക് വേണ്ടി കണ്ണീര്‍ വാർക്കാൻ?” പേനയുടെ കണ്ഠമിടറി.
“ആരുമില്ല.” മഷിക്കുപ്പി പറഞ്ഞു. “പക്ഷേ അടുത്ത ജന്മത്തില്‍ നമുക്ക് ഒരു മഹാത്മാവിന്റെ കൈയ്യിലെ പേനയും മഷിക്കുപ്പിയും ആവാം എന്നിട്ട് ഈ ലോകത്ത് മഹാകാവ്യങ്ങളായി ജീവിക്കാം. അന്ന് നമ്മളായിരിക്കും ഈ ലോകത്തെ നയിക്കുന്ന അക്ഷരങ്ങള്‍. മഹത്വത്തിന്റെ ഉറവിടം മഹാത്മാക്കളിലെത്രെ.”
ഒരിറ്റു കണ്ണീരോടെ ആ സുഹൃത്തുക്കള്‍ കണ്ണടച്ചു. നമ്മുടെ അകകണ്ണുതുറപ്പിച്ചുകൊണ്ട്. അവരുടെ സംഭാഷണം കേട്ട ചവറ്റുകുട്ടയിലെ തുണ്ട് കടലാസുകള്‍ മൊഴിയുന്നുണ്ടായിരുന്നു “ഞാനും” എന്ന്.