ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിലൂടെ ഒന്ന് സഞ്ചരിക്കുകയും കൂടുതൽ അറിയാനായി കുറച്ചു പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യുകയാണ് ഈ ലേഖനത്തിലൂടെ.
ഫീൽഡ് മാർഷൽ കീറ്റൽ 1945 -ൽ ബെർലിനിൽ ജർമ്മൻ കീഴടങ്ങൽ നിബന്ധനകളിൽ ഒപ്പിടുന്നു.
(Image courtesy: Google.com)
ലോകം കണ്ട ഏറ്റവും ക്രുരമായ നാശനഷ്ടങ്ങൾക്ക് വഴിതെളിച്ച ലോക മഹാ യുദ്ധങ്ങളാണ് ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ. പങ്കെടുത്ത രാജ്യങ്ങളിൽ വിപ്ലവങ്ങൾ ഉൾപ്പെടെ വളരെ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കും ഇവ വഴിവച്ചു. ലോകത്തിലെ എല്ലാ സാമ്പത്തിക ശക്തികളും യുദ്ധത്തിന്റെ രണ്ടു വിരുദ്ധ ചേരികളിലുമായി സ്ഥാനം പിടിച്ചു.
ഒന്നാം ലോകമഹായുദ്ധം
യുറോപ്പ് കേന്ദ്രമാക്കി 1914 ജൂലൈ 28 മുതൽ 1918 നവംബർ 11 വരെ നടന്ന ലോക യുദ്ധത്തെയാണ് ഒന്നാം ലോകമഹായുദ്ധം എന്നു പറയുന്നത്. 90 ലക്ഷത്തിലധികം പോരാളികളും 70 ലക്ഷത്തിലധികം സാധാരണക്കാരും ഈ യുദ്ധത്തിന്റെ ഭാഗമായി മരണപ്പെട്ടു.
ലോകത്തിലെ എല്ലാ സാമ്പത്തിക ശക്തികളും യുദ്ധത്തിന്റെ രണ്ടു വിരുദ്ധ ചേരികളിലുമായി സ്ഥാനം പിടിച്ചു. ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തികളും ഓസ്ട്രിയ–ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികളുമായിരുന്നു യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്. മൂന്നാം മുന്നണിയിൽ ഉൾപെട്ടിരുന്ന ഇറ്റലി കേന്ദ്രിയ ശക്തികളോടു ചേരാതെ സംഖ്യ കക്ഷികളോടു ചേർന്നു. പിന്നിട് സംഖ്യ കക്ഷികൾ പുനക്രമീകരിക്കപ്പെടുകയും യുദ്ധം പുരോഗമിക്കുന്നതിനനുസരിച്ച് കുടുതൽ രാജ്യങ്ങൾ അംഗങ്ങളാവുകയും ചെയ്തു. ഇറ്റലി, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ സംഖ്യകക്ഷികളോടും ഓട്ടോമൻ ചക്രവർത്തിയും ബൾഗേറിയയും കേന്ദ്രിയ ശക്തികളോടും ചേർന്നു.
ബാൾക്കൻ പ്രതിസന്ധിക്കു ശേഷം ഓസ്ട്രിയയ്ക്കും സെർബിയയ്ക്കുമിടയിൽ നിലനിന്ന സംഘർഷാവസ്ഥയാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രധാന കാരണം. ഓസ്ട്രിയൻ കിരീടാവകാശിയായിരുന്ന ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡിനെയും ഭാര്യയെയും ഗാവ്രിലോ പ്രിൻസിപ് എന്നയാൾ ബോസ്നിയയിലെ സരാജെവോയിൽ വച്ച് 1914 ജൂൺ 28-നു വെടിവച്ചുകൊന്നു. ഓസ്ട്രിയയിൽ നിന്നും ബോസ്നിയയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന യങ് ബോസ്നിയ എന്ന സംഘടനയിലെ അംഗമായിരുന്നു ഗാവ്രിലോ. ആർച്ച്ഡ്യൂക്ക് ഫെർഡിനാൻഡിന്റെ കൊലപാതകത്തിൽ സെർബിയയ്ക്കും പങ്കുണ്ടെന്നാരോപിച്ച് 1914 ജൂലൈ 28-ന് ഓസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് ഇരുപക്ഷത്തുമായി രാജ്യങ്ങൾ അണിനിരന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യക്ഷകാരണം മാത്രമായിരുന്നു ഇത്. യുദ്ധത്തിനു പരോക്ഷ കാരണമായ ഒട്ടേറെ സംഭവങ്ങൾ വേറെയുണ്ട്.
ലോകഭൂപടത്തിലെ നാലു പ്രധാന സാമ്രാജ്യങ്ങളുടെ ശിഥീലികരണത്തിന് ഈ യുദ്ധം കാരണമായി. ഓസ്ട്രിയ–ഹംഗറി, ജർമ്മനി, ഓട്ടോമൻ, റഷ്യ എന്നീ സാമ്രാജ്യങ്ങളാണ് തകർച്ച നേരിട്ടത്. ജർമ്മനിയുടെ സ്വാധീനം അതിന്റെ അതിർത്തികൾക്കുള്ളിൽ ഒതുങ്ങി. ചെക്കോസ്ലൊവാക്യ, യൂഗോസ്ലാവിയ, പോളണ്ട് എന്നിങ്ങനെ പുതിയ രാജ്യങ്ങൾ പിറവിയെടുക്കുകയോ പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്തു.
നെപ്പോളിയൻ കാലഘട്ടത്തിലെ യുദ്ധങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ദേശീയതാ പ്രസ്ഥാനങ്ങളും രൂപം നൽകിയ ലോകക്രമം ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അപ്രസക്തമായി. യുദ്ധവും അതിന്റെ അനന്തരഫലങ്ങളും മറ്റൊരു ലോകമഹായുദ്ധത്തിനു മൂലകാരണമായി എന്നതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം.
രണ്ടാം ലോകമഹായുദ്ധം
ലോകം കണ്ട ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നാണ് 1939 മുതൽ 1945 വരെ നീണ്ടു നിന്ന രണ്ടാം ലോകമഹായുദ്ധം. ഇപ്പോഴും അതിന്റെ കെടുതികൾ അനുഭവിക്കുന്ന ജനതയുണ്ട്.
ലോകത്തെ വൻ ശക്തികളെല്ലാം പങ്കെടുത്ത ഒരു മഹാ യുദ്ധമായിരുന്നു അത്. ഒന്നാം ലോക മഹായുദ്ധം പോലെത്തന്നെ യൂറോപ്പിൽ പൊട്ടിപ്പുറപ്പെട്ട ഈ യുദ്ധത്തിന്റെ അവസാനം ഒരുപാട് രാജ്യങ്ങളെ സാമ്പത്തികമായി പിന്നോട്ടടിച്ചു. ജർമ്മനി, ഇറ്റലി, ജപ്പാൻ തുടങ്ങിയ അച്ചുതണ്ട് ശക്തികളും അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികളും തമ്മിലായിരുന്നു രണ്ടാം മഹായുദ്ധം നടന്നത്.
1939 സെപ്റ്റംബർ 1 ന് ജർമ്മനി പോളണ്ടിനെ ആക്രമിച്ചതോടെയാണ് ഈ മഹായുദ്ധത്തിനു തുടക്കമായത്.
അച്ചുതണ്ട് ശക്തികളുടെ നേതാക്കൾ – ചർച്ചകൾക്കിടയിൽ
(Image courtesy: Google.com)
ഒന്നാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികളോട് പരാജയപ്പെട്ട് ജർമ്മനിക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. എന്നാൽ 14 വർഷത്തിന് ശേഷം 1933 ജനുവരിയിൽ അഡോൾഫ് ഹിറ്റ്ലറുടെ നാസി പാർട്ടി അധികാരത്തിൽ വന്നതോടെ, വെറും ആറു വർഷത്തിനുള്ളിൽ ജർമ്മനി സാമ്പത്തികവും സൈനികവുമായി വൻശക്തിയായി മാറി. 20 വർഷം മുൻപ് വെഴ്സൈൽസ് ഉടമ്പടിയിൽക്കൂടി ലോകത്തിനു മുൻപിൽ നിന്നും നേരിട്ട നാണക്കേടിൽ നിന്ന് മോചനം നേടാനായി ഹിറ്റ്ലറുടെ ജർമ്മനി ഒരുങ്ങുകയായിരുന്നു. 1933 ഒക്ടോബറിൽ ജർമനി ലീഗ് ഓഫ് നേഷൻസിൽ നിന്നു പിന്മാറി. 1934 ൽ വെഴ്‍സായ് ഉടമ്പടിയെ കാറ്റിൽ പറത്തിക്കൊണ്ടു ജർമനി, വായുസേന രൂപവത്കരിച്ചു. ഒപ്പം തന്നെ കര, നാവികസേനകളേയും വിപുലീകരിച്ചു.
ഇതിനിടയിൽ 1935 ഒക്ടൊബറിൽ മധ്യധരണ്യാഴിയിൽ ആധിപത്യം ലക്ഷ്യമാക്കി, ഇറ്റലി അബിസ്സീനിയയെ ആക്രമിച്ച് കീഴ്പ്പെടുത്തി. 1937 ജനുവരിയിൽ ഹിറ്റ്ലർ വെർസായ് ഉടമ്പടിയെ അസാധുവയി പ്രഖ്യപിച്ചു. ഇതേ കൊല്ലം സെപ്റ്റംബറിൽ ജപ്പാൻ ചൈനയെ ആക്രമിച്ച് ഏഷ്യയിലും സംഘർഷാവസ്ഥ സൃഷ്ടിച്ചു. 1940 സെപ്റ്റംബർ 27-ന് ബെർലിനിൽ ഇറ്റലി, ജർമനി, ജപ്പാൻ എന്നീ രാജ്യങൾ ത്രിശക്തി ഉടമ്പടിയിൽ ഒപ്പു വച്ചു. ത്രിശക്തി ഉടമ്പടിയിൽ പിന്നീടു 1940 നവംബർ 20 നു ഹംഗറിയും നവംബർ 23നു റൊമേനിയയും 1941 മാർച്ച് 1-ന് ബൾഗേറിയയും ഒപ്പ് വച്ചു.
1940 സെപ്റ്റംബർ 7-നു ജർമനി ഇംഗ്ലണ്ട് ആക്രമിച്ചു . 1941 ജൂൺ 22-ന് ജർമനി, സോവിയറ്റ് യൂണിയനെതിരെ യുദ്ധം പ്രഖ്യപിച്ചു (ഓപ്പറേഷൻ ബാർബറോസ്സ). തുടർന്ന് ഇറ്റലി, ഫിൻലൻഡ്, റൊമേനിയ എന്നീ രാജ്യങ്ങളും ഈ യുദ്ധത്തിൽ പങ്കു ചേർന്നു. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് പ്രയോഗിച്ചതോടെ ജപ്പാൻ നിരുപാധികം കീഴടങ്ങുകയായിരുന്നു. താമസിയാതെ അച്ചുതണ്ട് ശക്തികളുടെ പരാജയമാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം ലോകം കണ്ടത്.
ലോക മഹായുദ്ധങ്ങൾ പുസ്തകങ്ങളിലൂടെ
ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളെ കുറിച്ച് പല എഴുത്തുകാരും ചരിത്രമായും അനുഭവകുറിപ്പുകളായും എഴുതിയിട്ടുണ്ട്. അവയിൽ ചിലത് യുദ്ധത്തിന്റെ അനന്തര ഫലങ്ങൾ കാണിച്ചു തരുന്നവയും, ചിലത് മനുഷ്യരാശിക്ക് ഇനി ഇങ്ങനെയൊരു ദുരിതം ഉണ്ടാകരുതെന്ന് താക്കീത് തരുന്നവയുമാണ്. എന്നാൽ ചിലതാകട്ടെ അന്നത്തെ ദുരിതങ്ങൾ കാണിച്ചു തരുന്ന ചിത്ര പുസ്തകങ്ങളുമാണ്.
അങ്ങനെയുള്ള തിരഞ്ഞെടുക്കപ്പെട്ട കുറച്ചു പുസ്തകങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ആവശ്യക്കാർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ വഴി പുസ്തകങ്ങൾ വാങ്ങാവുന്നതാണ്.