സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ വരവിനു മുമ്പ് നാട്ടിലുള്ള സാധാരണ ആശുപത്രികൾ കൈയ്യൊഴിയുന്ന കേസുകളുടെ അവസാന ആശ്രയമായിരുന്നു വെല്ലൂർ മെഡിക്കൽ കോളേജ്. അവിടെ എത്തിയാൽ രോഗികൾ രക്ഷപ്പെടുമെന്ന ഒരു വിശ്വാസവും ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. “വെല്ലൂർക്ക് കൊണ്ടുപോയിട്ടും രക്ഷയുണ്ടായില്ല” എന്നു പറഞ്ഞു കേട്ടാൽ ചെയ്യാവുന്നതിൻ്റെ പരമാവധി ചെയ്തു… എന്ന ധ്വനി അതിൽ അടങ്ങിയിരുന്നു. ഈ മെഡിക്കൽ കോളേജ് എങ്ങനെ ഉണ്ടായി എന്നറിയുന്നത് നന്നായിരിക്കും.
ജീവിതത്തിലുണ്ടാകുന്ന ചില അനുഭവങ്ങൾ നമ്മുടെ ജീവിത ദൗത്യം എന്താണെന്നു ബോധ്യപ്പെടുത്തിത്തരും. ചില സന്ദർഭങ്ങളിൽ നാം അനുഭവിക്കുന്ന നിസ്സഹായാവസ്്ഥ പിന്നീട് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള പ്രചോദനമാകാറുണ്ട്. തങ്ങളുടെ പോരായ്മകളെയും ദൗർബല്യങ്ങളെയും കരുത്താക്കി മാറ്റിക്കൊണ്ടു വിജയിച്ച നിരവധി പ്രതിഭകൾ ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. 1894 ലെ ഒരു രാത്രിയിൽ താൻ അനുഭവിച്ച നിസ്സഹായാവസ്ഥയാണ് ഇഡാ സോഫിയ സ്കഡർ (Ida Sophia Scudder) എന്ന അമേരിക്കക്കാരിയെ ശ്രേഷ്ഠമായൊരു ദൗത്യത്തിനായി ഇറങ്ങിപ്പുറപ്പെടാൻ പ്രേരിപ്പിച്ചത്.
അമേരിക്കൻ മിഷനറി പ്രവർത്തകനും ഡോക്ടറുമായ ജോൺ സ്കഡറുടെ പുത്രി ഇഡാ സ്കഡർ 1870 ൽ തമിഴ്നാട്ടിലെ ദിണ്ടിവനം എന്ന ഗ്രാമത്തിലാണ് ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്കു പോയെങ്കിലും പിതാവിനെ സഹായിക്കാനായി ഇരുപതാമത്തെ വയസിൽ ഇന്ത്യയിൽ തിരിച്ചെത്തി. പൊതുവെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമുള്ള ഒരു സമൂഹത്തിലാണ് അവർ പ്രവർത്തിച്ചിരുന്നത്. വൈദ്യശാസ്ത്രത്തിന്റെ സേവനങ്ങൾ എത്താതിരുന്ന ഗ്രാമീണ മേഖലകളിൽ അക്കാലത്ത് സ്ത്രീകളുടെ ശരാശരി ആയുസ് 24 വയസ് മാത്രമായിരുന്നു. സ്ത്രീകൾക്ക് ചികിൽസ ലഭിക്കാതിരുന്നതിന്റെ പ്രധാന കാരണം പുരുഷന്മാർ സ്ത്രീകളെ ചികിൽസിക്കാൻ പാടില്ല എന്ന അനാചാരം അക്കാലത്ത് നിലനിന്നതിനാലാണ്. വൈദ്യശാസ്ത്രപഠനം നടത്തിയ സ്ത്രീകളാരും തന്നെ അക്കാലത്ത് ഉണ്ടായിരുന്നുമില്ല. പ്രസവത്തോടെ സ്ത്രീകൾ മരണപ്പെടുന്ന ഭീതികരമായ അവസ്ഥയായിരുന്നു ഇന്ത്യയിലെ ഗ്രാമങ്ങളിൽ.
1894 ലെ ഒരു രാത്രി രാത്രിനേരത്ത് ഇഡയും പിതാവും താമസിക്കുന്ന ദിണ്ടിവനത്തെ ഭവനത്തിലേക്ക് ഒരാൾ കടന്നുചെന്നു. കലശലായ പ്രസവവേദന അനുഭവിക്കുന്ന അയാളുടെ ഭാര്യയെ സഹായിക്കാനായി ഇഡയെ കൂട്ടിക്കൊണ്ടു പോകാനായിരുന്നു ആ മനുഷ്യൻ എത്തിയത്. ജോൺ സ്കഡർ സഹായിക്കാമെന്നു പറഞ്ഞെങ്കിലും അയാൾ അതു നിരാകരിച്ചു. വൈദ്യപഠനം നടത്താത്ത ഇഡ തന്റെ നിസ്സഹായത അറിയിച്ചു. അന്നു രാത്രിയിൽത്തന്നെ വേറെ രണ്ടു പുരുഷന്മാരും ഇതേ ആവശ്യവുമായി എത്തി. എന്നാൽ ചികിൽസാ പരിചയമില്ലാത്ത ഇഡയ്ക്ക് അവരെ സഹായിക്കാൻ കഴിഞ്ഞില്ല. പിറ്റേന്നാണ് അറിയുന്നത് തലേ ദിവസം രാത്രിയിൽ എത്തിയ മൂന്നു പേരുടെയും ഭാര്യമാർ മരണപ്പെട്ടു എന്ന്. ഇഡയ്ക്ക് വലിയ നിരാശയും കുറ്റബോധവും തോന്നി. വൈദ്യശാസ്ത്രം പഠിക്കാൻ അവർ തീരുമാനിച്ചുറച്ചു. അമേരിക്കയിലേക്ക് തിരിച്ചുപോയ അവർ കോർണൽ മെഡിക്കൽ കോളജിൽനിന്നും മെഡിക്കൽ ബിരുദമെടുത്തു. അക്കാലത്ത് മെഡിക്കൽ ബിരുദമെടുക്കുന്ന വളരെ ചുരുക്കം വനിതകളിൽ ഒരാളായിരുന്നു ഇഡാ സ്കഡർ.
1900–ൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഇഡ തമിഴ്നാട്ടിലെ വെല്ലൂർ എന്ന ഗ്രാമത്തിൽ ഒരു ക്ലിനിക് ആരംഭിച്ചു. തൻ്റെ മരിച്ച ഭാര്യയുടെ ഓർമ്മക്കായി എന്തെങ്കിലും ചെയ്യാനായി ഒരാൾ നൽകിയ പതിനായിരം രൂപയായിരുന്നു മൂലധനം. ഈ തുകകൊണ്ട് ഒരു ബഡ് മാത്രമുള്ള സ്ത്രീകൾക്കു മാത്രമായുള്ള ക്ലിനിക്ക് ആയിട്ടായിരുന്നു തുടക്കം. 1902 ആയപ്പോൾ 40 കിടക്കകളുള്ള ആശുപത്രിയായി വളർന്നു. ഗ്രാമപ്രദേശത്തെ പെൺകുട്ടികളെ നഴ്സിങ് പരിശീലിപ്പിച്ചു. 1918 ൽ പെൺകുട്ടികൾക്കു മാത്രമായി ഒരു മെഡിക്കൽ പഠന കേന്ദ്രം തുറന്നു. ഇഡാ സ്കഡറുടെ സേവന പ്രവർത്തനങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ മഹാത്മാ ഗാന്ധി 1928 ൽ വെല്ലൂരിലെത്തി ആശുപത്രി സന്ദർശിച്ചു. 1945 വരെയും സ്ത്രീകൾക്കു മാത്രമായായിരുന്നു ആശുപത്രി പ്രവർത്തിച്ചിരുന്നത്. 1952 ൽ ലോകത്തെ ഏറ്റവും മികച്ച വനിതാ ഡോക്ടർക്കുള്ള പുരസ്കാരമായ ‘എലിസബത്ത് ബ്ലാക്ക്‌വെൽ’ അവാർഡ് ഇഡാ സ്കഡറെ തേടിയെത്തി. 1960 ൽ ഇഡാ സ്കഡർ മരണപ്പെട്ടു.
ഇഡാ സ്കഡറുടെ മഹത്തായ ദൗത്യം ഇന്നു വളർന്നു പന്തലിച്ച് ഏഷ്യയിലെതന്നെ ഏറ്റവും ബൃഹത്തായ ആതുരാലയമായ സിഎംസി വെല്ലൂരായി പരിണമിച്ചു. ഇന്ന് വെല്ലൂർ മെഡിക്കൽ കോളജിൽ 3000 ത്തോളം ബെഡ്ഡുകളും 1656 ഡോക്ടർമാരും, 2646 നഴ്സുമാരും അടക്കം 9066 പേരാണ് തൊഴിലെടുക്കുന്നത്. പ്രതിവർഷം ദശലക്ഷക്കണക്കിന് ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. മെഡിക്കൽ സംബന്ധമായ 175 കോഴ്സുകൾ ഇവിടെ നടക്കുന്നു. ഇഡാ സ്കഡർ എന്ന മഹതിയുടെ ശ്രേഷ്ഠമായ ദൗത്യത്തിന് പ്രേരണയായത് ഒരു രാത്രിയിൽ താൻ അനുഭവിച്ച നിസ്സാഹായാവസ്ഥയാണ്. ഇച്ഛാശക്തിയുള്ളവർക്ക് ഏതൊരു പോരായ്മയെയും പരിഹരിച്ചു മുന്നേറാൻ കഴിയുമെന്നതിന് ഉത്തമ ഉദാഹരണമാണ് ഇഡാ സ്കഡറുടെ ജീവിതം.
– മഹേഷ്‌കുമാർ
(Images courtesy: google)