Stories

ദൈവ വിശ്വാസിയായ കനകമ്മ (ചെറുകഥ)

സുജ ശശികുമാർ

കനക വാരസ്യാര് അടുത്തുള്ള അമ്പലങ്ങളിൽ എല്ലാം ഭഗവാന് ചാർത്താനുള്ള മാലകൾ കെട്ടിക്കൊടുത്ത് അമ്പലത്തിലെ നിവേദ്യവും കഴിച്ച് ദിനചര്യകൾ തെറ്റിക്കാതെ ജീവിക്കുന്ന ഒരു പാവം സ്ത്രീയാണ്. ഇത്രയൊക്കെ ദൈവത്തെ ഭജിച്ചിട്ടും, സേവിച്ചിട്ടും കനകമ്മയ്ക്ക് എന്നും ദാരിദ്ര്യം തന്നെ. കയറിക്കിടക്കാനൊരു കൂര പോലും ശരിക്കില്ല.

എല്ലാവരും പറയും. “ഓ… ദൈവത്തിന്റെ ഇഷ്ട പുത്രിയല്ലേ, കുചേലന് കുടിലിന്റെ സ്ഥാനത്ത് കൊട്ടാരം കൊടുത്ത പോലെ ഒരു ദിവസം എല്ലാം കിട്ടുമായിരിയ്ക്കും, ല്ലേ?”

അവരുടെ പരിഹാസത്തിനു മറുപടി കൊടുക്കാതെ എല്ലാം ഒരു പുഞ്ചിരിയിലൊതുക്കി അവർ അവരുടെ കർത്തവ്യത്തിൽ മുഴുകും.‘എല്ലാം മുകളിലൊരാള് കേൾക്കുന്നുണ്ടല്ലോ. ഭഗവാനെ ഇവരോടു ക്ഷമിക്കണേ.’

ഒരു ദിവസം അമ്പലത്തിന്റെ ഒരു വശത്ത് ഇരുന്ന് മാലകെട്ടിവെക്കുന്നതിനിടെ കനകമ്മ ബോധരഹിതയായി വീണു. അതു കണ്ട് അവിടെ കൂടിയിരുന്നവരെല്ലാം കൂടി എടുത്ത് നല്ലപോലെ നിവർത്തിക്കിടത്തി.

മേൽശാന്തി ശ്രീകോവിലിൽ നിന്നും പൂജിച്ച തീർത്ഥജലം കൊണ്ടുവന്ന് കനകമ്മയുടെ മുഖത്ത് തളിച്ചു.
കനകമ്മ ഉറക്കത്തിൽ നിന്നെന്ന പോലെ പെട്ടെന്നുണർന്ന് കൈകൂപ്പി നിന്ന്, “ന്റെ ഭഗവാനേ…” ന്ന് വിളിച്ച് കരഞ്ഞു.
“എന്താപ്പണ്ടായേ… കനകമ്മേ?”
“അതേയ്, തമ്പായീ… ഭഗവാൻ സ്വപ്നത്തിലെന്ന പോലെ വന്ന് എന്നോടു പറയാണേയ്. നിങ്ങൾ കടുത്ത ദാരിദ്ര്യത്തിലാണല്ലോ, ഒരു പാട് ദു:ഖത്തിന്റെ നടുവിലാണല്ലോ ജീവിതം. എന്നിട്ടും നിങ്ങൾക്കൊരു പരാതിയും ഇല്ലല്ലോ. ഇന്നത്തോടെ നിങ്ങളുടെ ദാരിദ്ര്യവും കഷ്ടപ്പാടും എല്ലാം ഞാൻ തീർക്കാംന്ന്. ഞാൻ പറഞ്ഞു. വേണ്ട ഭഗവാനേ… സുഖലോലുപതയിൽ ജീവിക്കുമ്പോൾ ദൈവത്തെ മറക്കും. എനിക്കീ കഷ്ടപ്പാടും ദു:ഖവും തന്നെ മതി. എങ്കിൽ മാത്രമേ ഭഗവാനെ ദിവസവും ഓർക്കുകയും, ഭജിക്കുകയും ചെയ്യൂ… താണ നിലത്തേ നീരുള്ളൂ… അവിടെ ദൈവം തുണയുള്ളൂ. ഇതല്ലേ സത്യം. ഭഗവാനെ അതു കൊണ്ട് എനിക്കിങ്ങനെത്തന്നെ ജീവിച്ചു മരിച്ചാൽ മതി. സർവ്വ ഐശ്വര്യവും വന്നു ചേർന്നാൽ ഞാൻ ഞാനല്ലാതാവുംന്ന്. ദു:ഖത്തിനും ഉണ്ട് ഒരു സുഖം. അതു മനസ്സിലാക്കി ജീവിക്കുന്നവളാ ഞാനെന്ന് പരിഹസിക്കുന്നവർ പരിഹസിക്കട്ടേ ന്ന്. എന്നാലങ്ങനെയാവട്ടെ എന്നും പറഞ്ഞ് ഭഗവാൻ അപ്രത്യക്ഷനായി.”

“അപ്പോ, ഭഗവാന്റെ ദർശനം കിട്ടീല്ലേ? ഭാഗ്യവതി.” അവിടെയുള്ള മേൽശാന്തി പറഞ്ഞു..
“നിങ്ങളുടെ ഈ ജീവിതം ധന്യമാവാൻ ഇതിൽ കൂടുതൽ എന്താ വേണ്ടത്?”
“ഒന്നും വേണ്ട, ഭഗവാനേന്ന്” വിളിച്ച് കനകമ്മ. ശ്രീ കോവിലിന്റെ മുന്നിൽ തൊഴുതു നിന്നു…
“ആശ്രയമില്ലാത്തവർക്ക് ദൈവം തുണയുണ്ടാവും. പരീക്ഷിച്ചാലും കൈവിടില്ല.” മേൽശാന്തി പറഞ്ഞു.
കനകമ്മ സന്തോഷത്തോടെ വീണ്ടും മാലകെട്ടുന്ന തിരക്കിലായി..
ഓരോ ജോലിക്കും അതിന്റേതായ മാന്യത ഉണ്ട്.
(ശുഭം.)

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More