സുജ ശശികുമാർ
നാട്ടിലെ പ്രശസ്തനായ ജോതിഷിയുടെ ഏകമകൾ കാർത്തിക. അവളുടെ കാർത്തിക നക്ഷത്രം ഭാഗ്യനക്ഷത്രമാണത്രേ.
അവൾക്ക് വിവാഹപ്രായം കഴിഞ്ഞിരിക്കുന്നു. ഇതു വരെ ഒന്നും ഒത്തു വന്നില്ല, അല്ലാ, ഒത്തു നോക്കാൻ
ജോതിഷിക്ക് സമയം തീരെ ഇല്ലാത്രേ, തിരക്കോടു തിരക്കാ..
അദ്ദേഹത്തിന്റെ സഹധർമ്മിണിക്ക് ആകെ വിഷമമായിട്ടവർ പറയും.
“ആണും പെണ്ണുമായിട്ട് ഒന്നേ ഉള്ളൂ, അതിന്റെ മംഗല സമയം കഴിഞ്ഞോന്ന് നോക്കാൻ നേരമില്ല
ഇവിടൊരാൾക്ക്. കണ്ടവന്റെ മക്കളെ ജാതകവും പൊരുത്തവും നോക്കി എല്ലാം ഉത്തമത്തിലല്ലേലും ഉത്തമത്തിലാണെന്നു പറയും. മുന്നിലെ പണത്തിന്റെ എണ്ണം നോക്കി, മടി നിറയ്ക്കുമ്പോൾ ആലോചിക്കണമായിരുന്നു. പൊരുത്തക്കേടു കൊണ്ട് സ്വന്തം മക്കൾ വീട്ടിൽ വന്നു നിൽക്കേണ്ടി വന്ന അച്ഛന്റെയും, അമ്മയുടേയും ശാപമാവും നമ്മുടെ മോൾക്ക്. അതാ ആർക്കും വേണ്ടാത്ത ചരക്കായി എന്റെ മോള് ഇവിടെ മംഗല്യഭാഗ്യമില്ലാതെ…” അവർ മിഴി നനച്ചു നിന്നു.
ആ സമയം സുമുഖനായൊരു ചെറുപ്പക്കാരൻ അവിടെ ജാതകം നോക്കിയ്ക്കാൻ വന്നു.
അപ്പോഴാണ് കവിഹൃദയം പാടിയ പോലെ ഒരു കറുത്ത സുന്ദരി അതുവഴി കടന്നു പോയത്.
അവൻ അവളെയും അവൾ അവനെയും നോക്കി. ഒരേ മാത്രയിൽ രണ്ടു പേരുടെയും മിഴികളുടക്കി പ്രണയാർദ്രമായി.
ജോതിഷി ജാതകം നോക്കാൻ അവനെ വിളിച്ചപ്പോൾ ആളില്ല.
അവൻ ജാതകം നോക്കാതെ ജാതകമേ വേണ്ടെന്നു വെച്ച് അവളെയും കൊണ്ടുപോയി.
അതു കണ്ട അവളുടെ അമ്മ പറഞ്ഞു,
“ഹൊ, എന്തൊരു പൊരുത്തമാ രണ്ടു പേരും” ന്ന്
ജോതിഷി അവിടെ നോക്കുകുത്തിയായി നിന്നു…