30.8 C
Trivandrum
April 25, 2024
Articles

ലോകം നമ്മെ ഉറ്റു നോക്കുന്നുണ്ട്

ഇന്ത്യ മഹാരാജ്യം – ലോകം ഉറ്റുനോക്കുന്ന, സാമ്പത്തികവും സൈനികവുമായി വളർച്ച നേടിയ രാജ്യം! ഇക്കാരണത്താൽ ലോകം നമ്മെ ഉറ്റുനോക്കുന്നതിൽ അത്ഭുതമില്ല. എന്നാൽ, നാം ഇന്ത്യൻ പൗരനെന്ന നിലയിൽ നമ്മുടെ പോരായ്മകൾ സ്വയം മനസ്സിലാക്കേണ്ട സമയമാണിത്. അങ്ങനെ നോക്കുമ്പോൾ നാം ഇനിയും ഒരുപാട് പാഠങ്ങൾ പഠിച്ചു മുന്നേറണം. വരും തലമുറയ്‌ക്കെങ്കിലും അതൊരു മുതൽക്കൂട്ടായിരിക്കും.

ഒരുപക്ഷെ, ഇന്ത്യയ്ക്ക് പുറത്തു യാത്ര ചെയ്തവർക്ക് അറിയാം, നമ്മൾ ഏതെല്ലാം കാര്യങ്ങളിലാണ് മറ്റു രാജ്യങ്ങളേക്കാൾ മെച്ചപ്പെടേണ്ടത് എന്ന്. പരിസര വൃത്തി, മറ്റുള്ളവരോടുള്ള പെരുമാറ്റം, സ്ത്രീകളെയും മുതിർന്നവരെയും ബഹുമാനിക്കൽ ഇവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്.

ഏതൊരു രാജ്യവും ഉന്നതിയിൽ എത്തിയിട്ടുണ്ടെങ്കിൽ, അതിൽ അവിടുത്തെ പൗരന്മാർ വഹിക്കുന്ന പങ്ക് ചെറുതല്ല. ഒരുപക്ഷെ ലോകം കണ്ട ഏറ്റവും ദുരിതം അനുഭവിച്ച രണ്ടു രാജ്യങ്ങളാണ് ജർമ്മനിയും, ജപ്പാനും. ലോകമഹായുദ്ധങ്ങളുടെ കെടുതിയിൽ തകർന്നു തരിപ്പണമായി കിടന്ന ഈ രണ്ടു രാജ്യങ്ങൾ ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്ന് നോക്കുക. ലോകത്തെ തന്നെ വ്യവസായികവും സാമ്പത്തികവുമായി വളർന്നു കഴിഞ്ഞിരിക്കുന്നു ഈ രണ്ടു രാജ്യങ്ങളും. അതുപോലെ ഉദാഹരങ്ങളായി നമ്മുടെ മുന്നിൽ അനേകം ലോകരാജ്യങ്ങൾ. എന്തുകൊണ്ട് നമുക്കും അതുപോലെയുള്ള പുതു തലമുറയെ വാർത്തെടുത്തുകൂട? കുട്ടിക്കാലം മുതൽ തന്നെ നമ്മുടെ കുട്ടികൾക്ക് രാജ്യസ്നേഹവും, രാജ്യത്തിന് വേണ്ടി നമ്മൾ ചെയ്യേണ്ട കടമകളും, നല്ല ശീലങ്ങളും പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തണം. നല്ല പൗരന്മാരായി അവർ മാറണം.

നമ്മുടെ വീടും പരിസരവും പോലെ തന്നെ, നമ്മുടെ നാടും വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. ആദ്യം വീട് നന്നാക്കൂ, പിന്നീട് നാട് എന്നാണല്ലോ പണ്ട് മുതലേ നമ്മൾ കേൾക്കുന്നത്. റെസിഡൻസ് തലത്തിൽ തുടങ്ങി, പഞ്ചായത്തു തലത്തിൽ വരെ നമുക്ക് ശ്രമിക്കാവുന്നതാണ്. കോളേജിലും മറ്റും പഠിച്ചിരുന്ന കാലത്തു നാഷണൽ സർവീസ് സ്കീം (NSS) പോലെയുള്ള സംഘടനകളിൽ പ്രവർത്തിച്ചിട്ടുള്ളവർക്കു കുറച്ചു കൂടി മനസ്സിലാക്കാൻ സാധിക്കും.

നാട് നന്നാക്കാൻ ആർജവമുള്ള ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതിലാണ് നമ്മൾ അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം. രാഷ്ട്രത്തെ സംബന്ധിക്കുന്നതാണ് രാഷ്ട്രീയം എന്ന് നാം കാട്ടികൊടുക്കണം. ആര് നമ്മുടെ നാടിനോടൊപ്പം നിൽക്കുന്നു, അവരെയാണ് നാം തിരഞ്ഞെടുക്കേണ്ടത്. കാരണം മറ്റൊന്നുമല്ല, ഇക്കാര്യം ഓർത്താൽ നന്ന് – ‘നമ്മെ ലോകം ഉറ്റു നോക്കുന്നുണ്ട്’. നാടിന്റെ അഭിവൃദ്ധി ഓരോ പൗരന്റെയും കടമയാണ്. അതിൽ രാഷ്ട്രീയമില്ല, മതമില്ല, പാവപ്പെട്ടവനും പണക്കാരനുമില്ല – നമ്മുടെ രാഷ്ട്രം മാത്രം.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More