വിനുക്കുട്ടന് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. ഇന്ന് ഉത്രാടം. നാളത്തെ കാര്യം ആലോചിച്ചു അവൻ കിടക്കുകയാണ്.
“അമ്മേ, നാളെ എപ്പോഴാണ് നമ്മൾ തറവാട്ടിലേക്ക് പുറപ്പെടുന്നത്?” അവനു ജിജ്ഞാസ സഹിക്കാൻ വയ്യാതെ അമ്മയോട് ചോദിച്ചു. കാരണം മറ്റൊന്നുമല്ല, നാളെ തിരുവോണമാണ്. കുടുംബവീട്ടിൽ എല്ലാവരും ഒത്തുകൂടും.
“ങേ, നീ ഇതുവരെ ഉറങ്ങിയില്ലേ?” ‘അമ്മ അത്ഭുതത്തോടെ ചോദിച്ചു.
“ഇല്ല.” അവൻ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
“നാളെ രാവിലെ നമ്മൾ പുറപ്പെടും. ഇപ്പോഴേ കിടന്നു ഉറങ്ങിക്കോ, ഇല്ലെങ്കിൽ നാളെ നല്ല ക്ഷീണമായിരിക്കും.” ‘അമ്മ പറഞ്ഞു.
അതെ, കിടന്നു ഉറങ്ങാം. ഇല്ലെങ്കിൽ ‘അമ്മ പറഞ്ഞത് പോലെ നാളെ ക്ഷീണമായാൽ മാമന്റെയും വല്യമ്മയുടേയുമൊക്കെ മക്കൾ വരുമ്പോൾ അവരുമായി കളിക്കാൻ പറ്റില്ല. നാളെ എന്തൊക്കെയായിരിക്കും ഓണസമ്മാനമായി കിട്ടാൻ പോകുന്നത്? ഇനി മറ്റുള്ളവർ തങ്ങൾക്കു മുൻപേ അവിടെ എത്തുമോ?
ഇങ്ങനെ നൂറായിരം ചോദ്യങ്ങൾ ആ കുഞ്ഞു മനസ്സിൽ കൂടി ഓടിയെത്തി.
തിരുവോണ സദ്യ എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറും. കഴിഞ്ഞ വർഷം എല്ലാവരും കൂടി തറയിൽ പായ വിരിച്ചു വാഴയിലയോക്കെ ഇട്ടു ഓണസദ്യ കഴിച്ച കാര്യം അവന്റെ മനസ്സിൽ കൂടി കടന്നു പോയി. അന്ന് എന്തുമാത്രം സമ്മാനങ്ങളാണ് അപ്പൂപ്പനും മാമനും ഒക്കെ തന്നത്.
കുട്ടികൾ എല്ലാവരും കൂടി പൂക്കൾ പറിക്കാനായി ഓടിയതും, ഊഞ്ഞാലിൽ ആടിയതും എല്ലാം അവന്റെ മനസ്സിലെത്തി. പക്ഷെ എത്ര ദിവസം അവിടെ തങ്ങും? രണ്ടു ദിവസം കഴിഞ്ഞാൽ അച്ഛന് ജോലിക്കു പോകണം. അപ്പോൾ തിരിച്ചു വരേണ്ടി വരും. അപ്പോൾ അപ്പൂപ്പനൊക്കെ വലിയ സങ്കടമാകും. എന്നെ അവിടെ നിർത്തിയിട്ടു പോകാൻ പറഞ്ഞാൽ അച്ഛൻ ഒരിക്കലും സമ്മതിക്കില്ല.
എന്നെ വീണ്ടും പോയി കൂട്ടികൊണ്ടു വരാൻ അച്ഛന് സമയമില്ലത്രേ. അതാലോചിച്ചപ്പോൾ വിനുക്കുട്ടന് സങ്കടമായി. വെറും രണ്ടു ദിവസം പോരാ, ഓണക്കളികളൊക്കെ കളിച്ചു തീർക്കാൻ. എന്തായാലും ഇത്തവണ അച്ഛനോട് ഒന്നുകൂടി പറഞ്ഞു നോക്കാം. അപ്പൂപ്പനോടും.
പിന്നെ ഒരുപാട് കഥാബുക്കുകൾ അവിടെ ചെന്നാൽ വായിക്കാം. ചിത്രകഥകളും നോവലുകളും ചെറു മാഗസിനുകളുമെല്ലാം. തിരിച്ചു വരുമ്പോൾ ഒന്നുരണ്ടെണ്ണം കൈയിൽ കരുതിക്കോളാൻ അപ്പൂപ്പനൊക്കെ പറയും.
പതിയെ വിനുക്കുട്ടൻ കണ്ണുകൾ അടച്ചു. അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.
പിറ്റേന്ന് രാവിലെ തന്നെ അവർ തറവാട്ടിലേക്ക് പുറപ്പെട്ടു. നഗരം വിട്ട് ഗ്രാമപാതയിലേക്കു ബസ് കയറി. കുറെയൊക്കെ മാറ്റങ്ങൾ വന്നു. ഒരുപാട് ചെറു കടകളും വീടുകളും ഒക്കെ റോഡിന്റെ ഇരുവശങ്ങളിലും കാണാനായി. മുൻപൊക്കെ ഇതുവഴി വരുമ്പോൾ പാടങ്ങളും ചെറുകൃഷിയിടങ്ങളും മറ്റും കാണാമായിരുന്നു. വീടുകളുടെ മുന്നിൽ അത്തപൂക്കളങ്ങൾ.
“വാ കുട്ടാ, ഈ സ്റ്റോപ്പിൽ നമുക്ക് ഇറങ്ങണം.” ‘അമ്മ അവന്റെ കൈയിൽ പിടിച്ചു. അച്ഛൻ ഇതിനകം എഴുന്നേറ്റു ബസിന്റെ വാതിൽക്കൽ നിൽക്കുന്നു.
വിനുക്കുട്ടന്റെ സന്തോഷം ഇരട്ടിച്ചു.
ഉടൻ കുടുംബ വീട്ടിൽ എത്തും. അവന്റെ നടത്തത്തിനു വേഗം കൂടി.
“നേരത്തെ ഈ മതിലുകൾ ഒന്നും ഇല്ലായിരുന്നല്ലോ അമ്മേ.” വിനുക്കുട്ടൻ സംശയം പ്രകടിപ്പിച്ചു.
“അതെ. ഇപ്പോൾ എല്ലായിടത്തും വീടുകളും മറ്റും വച്ചു. അവർ മതിലുകളും കെട്ടി.” അച്ഛനാണ് അത് പറഞ്ഞത്.
അവർ കുടുംബ വീട്ടിലെത്തി. പക്ഷെ പെട്ടെന്ന് വിനുക്കുട്ടന്റെ മനസ്സിൽ കൂടി ഒരു വെള്ളിടി വെട്ടി!
കുടുംബവീടിനു ചുറ്റും ഒരു മതിൽ! കൂടാതെ അവിടെ നിന്ന മരം മുറിച്ചു കളഞ്ഞിരിക്കുന്നു. അതെ, കഴിഞ്ഞ വർഷം ഊഞ്ഞാൽ കെട്ടിയിരുന്ന അതേ മരം.
അപ്പോൾ ഇത്തവണ ഊഞ്ഞാൽ ഇല്ല. വിനുക്കുട്ടന് സങ്കടം വന്നു.
“നോക്കണ്ട കുട്ട്യേ, ഇത്തവണ ആ മരമില്ല. എന്ത് ചെയ്യാനാ, കാലത്തിനൊത്തു വന്ന മാറ്റങ്ങൾ.” തെല്ലൊരു വിഷമത്തോടെ അത് പറഞ്ഞത് അപ്പൂപ്പനായിരുന്നു.
അപ്പോൾ അകത്തു നിന്ന് മറ്റു കുട്ടികൾ ചിരിച്ചു കൊണ്ട് ഓടിയെത്തി.
“വാ വിനുക്കുട്ടാ, പെട്ടെന്ന് ഡ്രെസ്സ് മാറിയിട്ട് വാ. നമുക്ക് എന്തെങ്കിലും കളിക്കാം” അവരിൽ ഒരാൾ പറഞ്ഞു.
“അവർ ഇപ്പോൾ വന്നതല്ലേ ഉള്ളൂ. അവൻ വല്ലതും കഴിക്കട്ടെ ആദ്യം.” വല്യമ്മയായിരുന്നു അത്.
“എങ്കിൽ പെട്ടെന്ന് കഴിച്ചിട്ട് വാ. കാരണം ഞങ്ങൾ ഇന്ന് തന്നെ തിരിച്ചു പോകും” കുട്ടികൾ തെല്ലൊരു വിഷമത്തോടെ പറഞ്ഞത് കേട്ട് വിനുക്കുട്ടൻ ഒന്നുകൂടി ഞെട്ടി!
“വന്നു വന്നു ആർക്കും സമയമില്ലാതായി.” അപ്പൂപ്പന് ദേഷ്യം.
എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തിയിട്ട് വിനുക്കുട്ടൻ കുട്ടികളുടെ അടുത്തെത്തി.
“എന്ത് കളിക്കാനാ? ഊഞ്ഞാലില്ല, പൂക്കൾ പറിക്കാൻ പറമ്പും ഇല്ല. എല്ലാം മതിൽ കെട്ടി തിരിച്ചു.” വിനുക്കുട്ടന് ദേഷ്യവും സങ്കടവും വന്നു.
“എന്തെങ്കിലും ഇവിടെ ഇരുന്നുള്ള കളികൾ കളിക്കാൻ പറ്റൂ.” മറ്റു കുട്ടികൾക്കും വിഷമം.
ഉച്ചയായപ്പോൾ കുട്ടികളെയെല്ലാം മുതിർന്നവർ വിളിച്ചു–ഓണസദ്യ കഴിക്കാൻ.
അത് മാത്രം വലിയ മാറ്റങ്ങൾ ഒന്നുമില്ലാതെ നടന്നു.
“പണ്ടൊക്കെ പാടത്തു വിളയിക്കുന്ന പച്ചക്കറികൾ ആയിരുന്നു, ഇപ്പോൾ പുറത്തു നിന്ന് വാങ്ങണം.” അമ്മൂമ്മ പറഞ്ഞു.
അപ്പോൾ സദ്യക്കും മാറ്റമുണ്ട്. കൊള്ളാം അപ്പോൾ അതും തികഞ്ഞു.
വൈകുന്നേരമായപ്പോൾ മറ്റുള്ളവർ യാത്ര പറഞ്ഞിറങ്ങി. കുട്ടികളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“നമ്മൾ എപ്പോഴാണ് ഇറങ്ങുക?” വിനുക്കുട്ടന്റെ ചോദ്യം കേട്ട് അച്ഛൻ ഒന്നു ചിരിച്ചു.
“എന്താ പോകാൻ ധൃതിയായോ? നമുക്ക് നാളെ പോകാം“
വിനുക്കുട്ടൻ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും മുഖത്തേക്ക് നോക്കി. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“വരും വർഷങ്ങളിൽ ഓണങ്ങളൊക്കെ എങ്ങനെയൊക്കെ ആകുമെന്ന് ആര് കണ്ടു?” അപ്പൂപ്പന്റെ വാക്കുകളിൽ ഒരു വിറയൽ.
“അപ്പൂപ്പാ, ഞാൻ രണ്ടു ദിവസം കഴിഞ്ഞേ പോകുന്നുള്ളൂ. എനിക്ക് അപ്പൂപ്പൻ കഥകൾ പറഞ്ഞു തന്നാൽ മതി.” വിനുക്കുട്ടൻ അപ്പൂപ്പനെ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു. അപ്പൂപ്പനും അവനെ വാരിപ്പുണർന്നു.
ഇത്തവണ വിനുക്കുട്ടന്റെ അച്ഛൻ ഒന്നും മിണ്ടിയില്ല. വിനുക്കുട്ടൻ ചെയ്യുന്നതാണ് ശെരി. വയസ്സുകാലത്തു അവർക്കൊപ്പം ചിലവിട്ടില്ലെങ്കിൽ പിന്നെന്തു ഓണം?
****** ****** ******
എല്ലാ കൂട്ടുകാർക്കും ഉത്രാടദിനാശംസകൾ!