“ഉമ്മാ, നാളെ പെരുന്നാളല്ലേ, ഇന്ന് വാപ്പച്ചി എവിടെപ്പോയി?”
കുഞ്ഞ് റഹീം ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിൽ ഉമ്മയോട് ചോദിച്ചു.
“വാപ്പച്ചിക്ക് ഇന്നും ജോലിയുണ്ട് മോനെ. ഒരു ദിവസം പോലും ജോലി ചെയ്യാതിരുന്നാൽ നമ്മുടെ കുടുംബം പട്ടിണിയായി പോകില്ലേ?” ചെറിയൊരു ഗദ്ഗദത്തോടെയാണ് ആ ഉമ്മ അത് പറഞ്ഞത്.
“അപ്പോൾ നമുക്കുള്ള പുതിയ ഡ്രെസ്സുകൾ എപ്പോഴാണ് വാങ്ങിക്കുക?” റഹീമിന്റെ നിഷ്കളങ്കമായ അടുത്ത ചോദ്യം.
“അത്… അത്… വാപ്പച്ചിക്ക് വാങ്ങാൻ സമയം കിട്ടുമോ എന്നറിയില്ല മോനെ.” ആ ഉമ്മയുടെ തൊണ്ടയിടറി. ‘പടച്ചോനെ, മോന് എന്തെങ്കിലും വാങ്ങാൻ കൈയിൽ ഒന്നുമില്ലല്ലോ’ എന്ന് മോന്റെ വാപ്പച്ചി ഇന്നലെയും പറഞ്ഞതേയുള്ളൂ. അത് എങ്ങനെ ആ കുഞ്ഞ് മുഖത്തേക്ക് നോക്കി പറയും?
ഉമ്മയുടെ കണ്ണ് നിറയുന്നത് കണ്ടിട്ടാകണം റഹീം പറഞ്ഞു.
“എനിക്ക് പുതിയത് ഇല്ലെങ്കിലും കുഴപ്പമില്ല ഉമ്മാ, വാപ്പച്ചി നാളെ വീട്ടിൽ ഉണ്ടായാൽ മതിയായിരുന്നു.”
“നാളെ പെരുന്നാളല്ലേ, വാപ്പച്ചി എന്തായാലും മോന്റെ കൂടെ ഇവിടെ കാണും.” ഉമ്മ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
“എനിക്ക് വലുതാകുമ്പോൾ വാപ്പച്ചിയെ പോലെ ആയാൽ മതി.” അത് കേട്ടു റഹീമിന്റെ ഉമ്മ ഒന്ന് ഞെട്ടി!
“എന്റെ പൊന്നു മോനെ, മോൻ വലിയ ആളാകാൻ വേണ്ടിയല്ലേ വാപ്പച്ചി ഇത്രയും കഷ്ട്ടപ്പെട്ടു പഠിപ്പിക്കുന്നത്? എന്നിട്ട് വാപ്പച്ചിയെ പോലെ ആയാൽ മതിയെന്നോ?”
റഹീമിന്റെ കുഞ്ഞു മുഖം പെട്ടെന്ന് ഗൗരവത്തിലായി. അവൻ പറഞ്ഞു.
“ഉമ്മാ, വാപ്പച്ചിയെ പോലെ ആകണമെന്ന് ഞാൻ പറഞ്ഞത് ഒരു കൂലിപ്പണിക്കാരൻ ആകണമെന്ന് വിചാരിച്ചല്ല. വാപ്പച്ചി നമ്മളെ നോക്കുന്നപോലെ ഞാനും നോക്കും. അത് മാത്രമല്ല ഉമ്മാ, ഞാൻ കുറച്ചു ദിവസങ്ങൾക്കു മുൻപ് കണ്ടിട്ടുണ്ട് വാപ്പച്ചി ഇവിടെ ഉണ്ടായിരുന്ന കുറച്ചു ഡ്രെസ്സുകൾ ഏതോ പാവപ്പെട്ടവർക്ക് കൊടുക്കുന്നത്.”
“അതിന്?…. അത് അവർക്കു പ്രളയത്തിൽ എല്ലാം നഷ്ട്ടപ്പെട്ട ഒരു കുടുംബമായിരുന്നു. അതുകൊണ്ട് വാപ്പച്ചിക്ക് കഴിയുന്നതുപോലെ അവരെ സഹായിച്ചു.”
“അതേയുമ്മാ, അതുപോലെ വലുതാകുമ്പോൾ എനിക്കും പാവപ്പെട്ടവരെ സഹായിക്കണം. അന്ന് വാപ്പച്ചി സഹായിച്ചവരുടെ മുഖത്ത് കണ്ട ആ സന്തോഷം എനിക്കിനിയും കാണണം.” അവൻ പറഞ്ഞു നിർത്തി.
ആ ഉമ്മ അവന്റെ അടുത്ത് വന്നിരുന്നു അവന്റെ തലമുടിയിൽ തലോടി. തന്റെ മകൻ എത്ര വലിയ മനസ്സിന്റെ ഉടമയാണെന്നു അവർ തിരിച്ചറിഞ്ഞു. ഒരു കൊച്ചു കുട്ടിയുടെ വായിൽ നിന്നു വരുന്നത് തന്നെയാണോ ഇതൊക്കെ? അവർ അത്ഭുതപ്പെട്ടു.
“അതേ മോനെ, എന്ത് ജോലി ചെയ്താലും പൈസ ഉണ്ടാക്കിയാലും മറ്റുള്ളവരെ സഹായിക്കുമ്പോൾ കിട്ടുന്ന ആനന്ദം, അത് വേറെ തന്നെയാണ്. തീർച്ചയായും അപ്പോൾ മോൻ വാപ്പച്ചിയെ പോലെ തന്നെയാകണം.” ആ ഉമ്മയോടൊപ്പം അവയും പുഞ്ചിരിച്ചു.
നാളത്തെ പെരുന്നാളിനെ വരവേൽക്കാൻ അവൻ കാത്തിരുന്നു.