“ഇന്ന് മൊത്തത്തിൽ സുന്ദരിയായിരിക്കുന്നല്ലോ, എന്താ വിശേഷം?” തമിഴ്നാടമ്മയുടെ ചോദ്യം കേട്ട് കേരളാമ്മ തിരിഞ്ഞു നോക്കി.
“ഇന്നത്തെ വിശേഷം അറിയില്ലേ? ഇന്നെന്റെ പിറന്നാളാണ്.” കേരളാമ്മ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഓ അത് ഇന്നാണല്ലേ? പിറന്നാളായിട്ട് ഇന്ന് ആഘോഷങ്ങളൊന്നുമില്ലേ?”
ആ ചോദ്യം കേട്ടപ്പോൾ കേരളാമ്മയുടെ മുഖത്ത് ചെറിയൊരു വിഷമം നിഴലിച്ചു. എന്നിട്ട് ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു.
“എന്ത് പറയാനാ എന്റെ തമിഴ്നാടമ്മേ, ഈ കൊറോണ കാരണം ഇത്തവണ എന്റെ മക്കളോട് ആഘോഷങ്ങളൊന്നും വേണ്ട എന്ന് ഞാൻ പറഞ്ഞു. ഇപ്പോൾ തന്നെ എന്റെ എത്ര മക്കളെയാണ് എനിക്ക് നഷ്ടപ്പെട്ടത്. എത്ര മക്കൾക്കാണ് ഇപ്പോഴും അസുഖം ബാധിക്കുന്നത്. എത്ര പറഞ്ഞാലും മാസ്കും സാനിറ്റിസറും സോപ്പുമൊക്കെ ഉപയോഗിക്കാൻ പറഞ്ഞാൽ മക്കൾ കേൾക്കണ്ടേ. അപ്പോൾ എങ്ങനെയാണ് തമിഴ്നാടമ്മേ ഞാൻ എന്റെ പിറന്നാളിന് ആഘോഷങ്ങൾ വേണമെന്ന് പറയുന്നത്?”
“അത് നീ പറഞ്ഞത് ശെരിയാണ്. എന്റെ മക്കൾക്കും ഇതേ അവസ്ഥയാണ്. ഇന്നലെ ഞാൻ ആന്ധ്രാമ്മയെയും കർണ്ണാടകാമ്മയെയും കണ്ടിരുന്നു. അവരും ഇതേ വിഷമമാണ് പറഞ്ഞത്. എന്ത് ചെയ്യാൻ? അനുഭവിക്കുക തന്നെ.” തമിഴ്നാടമ്മ നെടുവീർപ്പിട്ടു.
“ഞാൻ ഓർക്കുകയായിരുന്നു മുൻപൊക്കെ വിദേശത്തു നിന്ന് മക്കൾ ആശംസകൾ അറിയിക്കുകയും നാട്ടിൽ വരികയുമൊക്കെ ചെയ്തിരുന്നു. ഇപ്പോൾ അവർക്കും എങ്ങും പോകാൻ വയ്യാത്ത അവസ്ഥയാണത്രെ.” കേരളാമ്മ പറഞ്ഞു.
“പറഞ്ഞതുപോലെ കേരളാമ്മയുടെ മക്കളിൽ ഒരുപാടുപേർ വിദേശത്തു ആണല്ലോ. എന്റെ മക്കൾ കൂടുതലും നാട്ടിൽ എന്തെങ്കിലും ജോലിയും ചെയ്തു ആണ് ജീവിക്കുന്നത്.” തമിഴ്നാടമ്മ പറഞ്ഞു.
“എവിടെ ജോലി ചെയ്താലും സ്നേഹത്തോടെയും പരസ്പര ബഹുമാനത്തോടെയും ജീവിച്ചാൽ മതിയായിരുന്നു.”
കേരളാമ്മ തുടർന്നു, “ഇപ്പോൾ മക്കളിൽ ചിലർ രാക്ഷ്ട്രീയവും മതവും പറഞ്ഞു തമ്മിൽ തല്ലുന്നത് കാണുമ്പോൾ വിഷമം തോന്നും. മക്കൾ തമ്മിൽ ശത്രുതയായാൽ ഏതു അമ്മയ്ക്കാണ് വിഷമം തോന്നാതിരിക്കുക? മുൻപൊക്കെ മതവും രാക്ഷ്ട്രീയവുമൊക്കെ പറയുമെങ്കിലും എന്തെങ്കിലും ആഘോഷങ്ങളോ മറ്റോ വന്നാൽ എല്ലാപേർക്കും ഒരു ഊരും ഉണ്ടായിരുന്നു. ഇപ്പോൾ പരസ്പരം ശത്രുവിനെ പോലെയാണ് പെരുമാറുന്നത്. കൂടുതലും സ്വാർത്ഥത ഉള്ളവരാണ്. അവരവരുടെ കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്നവർ.”
എല്ലാം കേട്ടിരുന്നതിനു ശേഷം തമിഴ്നാടമ്മ പറഞ്ഞു.
“അത് നിന്റെ മാത്രം വിഷമമല്ല കേരളാമ്മേ, എനിക്കും ഇതേ വിഷമങ്ങൾ തന്നെയാണുള്ളത്. കാലം മാറുന്തോറും തമ്മിൽത്തല്ല് കൂടി വരികയാണോ എന്ന് തോന്നും. നമ്മൾ അമ്മമാർക്ക് എല്ലാ മക്കളും ഒരുപോലെ തന്നെയല്ലേ. അതിൽ പാവപ്പെട്ടവനും പണക്കാരനും രാക്ഷ്ട്രീയക്കാരനും ഒന്നുമില്ല. അവർ നമുക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമോ എന്നതിലുപരി അവർ തമ്മിൽ സ്നേഹത്തോടെ ജീവിക്കുന്നത് കണ്ടാലും മതിയായിരുന്നു.”
“എന്റെ ജന്മദിനമായ ഇന്നുമുതലെങ്കിലും അവർ നല്ലൊരു നാളെക്കായി യാഥാർഥ്യം മനസ്സിലാക്കി സ്നേഹത്തോടും ബഹുമാനത്തോടും ജീവിച്ചാൽ മതിയായിരുന്നു. കണ്ടില്ലേ എന്റെ ഇപ്പോഴത്തെ അവസ്ഥ..നദികളും പച്ചപ്പുകളും നിറഞ്ഞു എന്ത് സുന്ദരിയായിരുന്നു ഞാൻ. ഇപ്പോൾ മക്കൾക്കാർക്കും എന്റെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ല.”
“നീ ഇപ്പോഴും സുന്ദരി തന്നെ. പിന്നെ നീ പറഞ്ഞതുപോലെ പച്ചപ്പുകളും നദികളും എല്ലാം കൊണ്ട് നീ ഇതിലും സുന്ദരിയായിരുന്നു നേരത്തെ.”
കേരളാമ്മ നെടുവീർപ്പിട്ടു. ആ മുഖത്ത് ഒരു വിഷമം നിഴലിച്ചിരുന്നു. തമിഴ്നാടമ്മ അവളുടെ അടുത്ത് വന്നു സമാധാനിപ്പിച്ചു.
“എല്ലാം ശെരിയാകും, നീ വിഷമിക്കണ്ട. നിന്റെ മക്കളെല്ലാവരും ഒരുമയോടെ ജീവിക്കുന്ന ഒരു കാലം വരും. അപ്പോൾ അവരെല്ലാം നിന്നെ നല്ലതുപോലെ നോക്കും. അപ്പോൾ നിനക്ക് പഴയ സൗന്ദര്യമൊക്കെ തിരിച്ചു വരും.”
“അതൊക്കെയാണ് തമിഴ്നാടമ്മേ എന്റെയും പ്രതീക്ഷ. എന്തായാലും കണ്ടതിൽ സന്തോഷം. ഞാൻ എന്റെ മക്കൾ എന്ത് ചെയ്യുകയാണെന്ന് നോക്കട്ടെ. ഒരുപക്ഷെ എന്റെ പിറന്നാൾ ആണെന്ന് ഓർമ്മയുള്ള ചിലരെങ്കിലും അക്കൂട്ടത്തിൽ കാണുമല്ലോ.” കേരളാമ്മ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് തിരിഞ്ഞു നടന്നു.
“കേരളാമ്മേ..” ആ വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി.
“കേരളപ്പിറവി ആശംസകൾ!” തമിഴ്നാടമ്മ ആശംസകൾ നേർന്നു.
മണിച്ചെപ്പിന്റെ എല്ലാ കൂട്ടുകാർക്കും കേരളപ്പിറവി ആശംസകൾ!