Articles

അഭിനയത്തിൽ നിന്നും ഗായികയിലേക്കുയർന്ന ലതാജി

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളിൽ മൂത്തയാളായി 1929-ൽ ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിലാണ് ലതാജി ജനിച്ചത്. അമ്മ ശുദ്ധമാതി. ‘ഹാർദ്ദികാർ’ എന്ന കുടുംബപ്പേര്, ദീനനാഥിന്റെ സ്വദേശമായി ഗോവയിലെ ‘മങ്കേഷി’ എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കിയതാണ്‌. ലത മങ്കേഷ്കറിന്റെ‍ ആദ്യനാമം ഹേമ എന്നായിരുന്നു – പിന്നീട്, ദീനനാഥിന്റെ ‘ഭാവ്ബന്ധൻ’ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി, പേര് ലത എന്നാക്കിമാറ്റുകയാണുണ്ടായത്. ഈ ദമ്പതികളുടെ മൂത്ത പുത്രിയായിരുന്നു ലത, ഹൃദ്യനാഥ് മങ്കേഷ്കർ, ആശാ ഭോസ്‌ലേ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ്‌ സഹോദരങ്ങൾ.

ലതാജി ഒരു പഴയ ചിത്രത്തിൽ

പിതാവിൽനിന്നാണ്‌ ലതാജി, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, അഞ്ചാമത്തെ വയസ്സിൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ലതാജിക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. കുടുംബം പോറ്റാൻവേണ്ടി ലതാജി സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. പിന്നീട് അഭിനയം വിട്ട് സംഗീതത്തിലൂടെ ലതാജി വളർന്നു. 1942-ൽ ‘കിടി ഹസാൽ’ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ്‌ ആദ്യമായി ആലപിച്ചത്, എന്നാൽ ഈ ഗാനം സിനിമയിൽ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വർഷം തന്നെ ലതാജി, പാഹിലി മംഗള-ഗോർ എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943-ൽ ഗജാബാഹു എന്ന ചിത്രത്തിലെ ‘മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ’ എന്നതാണ്‌ ലതയുടെ ആദ്യ ഹിന്ദി ഗാനം.

1948-ൽ ‘ഷഹീദ്’ എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതാജിയെ ശബ്ദം നേർത്തതാണെന്ന് പറഞ്ഞ് നിർമ്മാതാവ് എസ്. മുഖർജി മടക്കി അയക്കുകയാണുണ്ടായത്. ബോംബെ ടാക്കീസിനുവേണ്ടി നസീർ അജ്‌മീറി സംവിധാനം ചെയ്ത മജ്‌ബൂർ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്ത മേരാ ദിൽ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്കറെ ഗായികയെന്ന നിലയിൽ ശ്രദ്ധേയയാക്കിയത്. ആ ശബ്ദമാണ്‌ പിന്നീട് ഇന്ത്യ കീഴടക്കിയത്. 15 ഭാഷകളിലായി നാല്പതിനായിരത്തോളം സിനിമാഗാനങ്ങൾ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ലത മങ്കേഷ്കറുമുണ്ട്. ഹിന്ദിസിനിമാരംഗം ലതാജിയും സഹോദരി ആഷഭോസ്ലെയും ഏതാണ്ട് പൂർണമായും കീഴടക്കി. 1999-ൽ രാജ്യസഭയിലേക്ക് ലതാജിയെ നാമനിർദ്ദേശം ചെയ്യപ്പെട്ടു.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More