ഓസ്കറിൽ ഇരട്ട നേട്ടം കൊയ്ത് ഇന്ത്യ തിളങ്ങി. ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടിയാണ് ആർആർആറിലെ ‘നാട്ടു നാട്ടു’ പാട്ട് ഇന്ത്യയ്ക്ക് അഭിമാനമായത്. നേരത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ഈ പാട്ടു നേടിയിരുന്നു. എം.എം.കീരവാണിയുടെ ചടുലമായ ഈണവും രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും തകർപ്പൻ ചുവടുകളും കൊണ്ട് ലോകോത്തര ശ്രദ്ധ നേടിയതാണ് രാജമൗലി ചിത്രം ആർആർആറിലെ ‘നാട്ടു നാട്ടു’ പാട്ട്.
മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ‘ദ് എലിഫന്റ് വിസ്പറേഴ്സ്’ പുരസ്കാരം നേടി. കാർത്തികി ഗോൾസാൽവേസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹ്രസ്വചിത്രമാണ് ‘ദ് എലിഫന്റ് വിസ്പറേഴ്സ്’. ഗുനീത് മോങ്ക ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്പറേഴ്സിന്റെ പ്രമേയം.
കീരവാണി
‘നാട്ടു നാട്ടു’ പാട്ട് കൊണ്ട് ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച കീരവാണി അഥവാ മരതകമണി, 1961 ജൂലൈ നാലിന് ആന്ധ്രാപ്രദേശിലെ കൊവ്വൂരിലാണ് ജനിച്ചത്. സ്വതന്ത്ര സംഗീതസംവിധായകനായി ആദ്യം എത്തിയത് 1990 ൽ കൽക്കിയെന്ന ചിത്രത്തിലൂടെയാണ്. ഇതുവരെ വിവിധ ഭാഷകളിലായി 220ലേറെ ചിത്രങ്ങളിലൂടെ കീരവാണി തന്റെ പ്രതിഭ തെളിയിച്ചു. കൂടാതെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
#malayalam #India #Cinema #Oscar #Awards #films #RRR #Keeravani #Shortfilm