ജോസ് പ്രസാദ്
ഓരോ കുഞ്ഞും തനിയെ വിടരും
അത്ഭുത വർണപ്പൂക്കൾ
അനന്യ സിദ്ധികളുള്ളിൽ പേറും
മണ്ണിൻ വിസ്മയ താരങ്ങൾ!
ഓരോ ചിരിയും വാക്കുകളില്ലാ-
തവരുടെ ഹർഷം പറയും
ചോദ്യങ്ങൾ കൊണ്ടവരീ ലോകം
നിത്യം നൂതനമാക്കും!
കെടുത്തിടല്ലേ വലിയവർ, വാക്കിൻ
മുനകൾ കൊണ്ടാ ചിരികൾ
‘നിനക്കിതാവില്ലെ’ന്നു പറഞ്ഞ്
തളർത്തില്ലേ അവരെ!
തടഞ്ഞിടല്ലേ ഉയരങ്ങളിലേ –
ക്കവർ മുന്നേറും വഴികൾ
നിങ്ങടെ ഹുങ്കാൽ പിച്ചിച്ചീന്തരു-
തവരുടെ വലിയ കിനാക്കൾ!
അവർക്കു വേണം സ്വപ്നം കാണാൻ
ആരും പറയാ കഥകൾ
അവർക്കു വേണം നിറം കൊടുക്കാൻ
ഇനിയും നൂറു നിറങ്ങൾ
അവർക്കു പാടാൻ പാട്ടുകൾ വേണം
ചമയ്ക്ക വേഗം നിങ്ങൾ
അവർക്കു വാക്കിൻ പിന്തുണ വേണം
അതൊക്കെ നൽകൂ നിങ്ങൾ!
#malayalam #poem #literacy #reading #online #magazines #writing #ChildrensDay #kerala