പ്രതാപൻ അഴീക്കോട്
ഓണം വന്നാലുണ്ടല്ലോ
കാണാൻ നല്ല വിശേഷങ്ങൾ…
കാവുകൾ കോടിയുടുക്കുന്നു
പൂവുകൾ താലമെടുക്കുന്നു
തുമ്പികൾ പാറിനടക്കുന്നു
തുമ്പകളാടി രസിക്കുന്നു.
ഓണം വന്നാലുണ്ടല്ലോ
ഓരോ നല്ല വിശേഷങ്ങൾ…
മാനം പൊന്നൊളി തൂകുന്നു
പാടം പൊൻനിറമണിയുന്നു
രാവ് നിലാവ് ചുരത്തുന്നു
രാക്കുയിൽ രാഗമുതിർക്കുന്നു
കായലിൽ വള്ളംകളി ഘോഷം,
ആർപ്പും വിളിയും കേൾക്കുന്നു!
നാടൻ പന്തുകളിക്കൊപ്പം
കാണാം പുലികളി കെങ്കേമം.
‘ഓണസ്സദ്യ’യതോർക്കുമ്പോൾ
നാക്കിൽ പുത്തരിവെള്ളാട്ടം!
പാലട-പപ്പട-മുപ്പേരി…
പലവക വിഭവം ധാരാളം
ഓണപ്പാട്ടുകളോരോന്നായ്
ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ
ഓണം വന്നാലിപ്പോഴും
പറയാൻ നൂറ് വിശേഷങ്ങൾ!
#malayalam #poem #literacy #reading #online #magazines #writing #glass #onam #festival #kerala