Articles

മലയാള സിനിമയുടെ ‘ഇന്നസെന്റ്’ വിട പറഞ്ഞു.

മലയാള സിനിമയുടെ പ്രധാന മുഖങ്ങളിലൊന്നായ പ്രശസ്ത നടൻ ഇന്നസെന്റ് (75) വിടവാങ്ങി. വൈവിധ്യതയാർന്ന പലതരം കഥാപാത്രങ്ങളെ അനായാസ കൈകാര്യം ചെയ്ത നടൻ എന്ന നിലയിലും, നിർമ്മാതാവ്, എഴുത്തുകാരൻ എന്ന നിലകളിലുമൊക്കെ തന്റെ കഴിവ് തെളിയിച്ച കലാകാരൻ ആയിരുന്നു ഇന്നസെന്റ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ ആയിരിക്കും.



മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി 18 വർഷം പ്രവർത്തിച്ചു. ഹാസ്യം മാത്രമല്ല സ്വഭാവ നടൻ എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ച അദ്ദേഹം, ഹിന്ദി, കന്നഡ, തമിഴ് എന്നെ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1989ൽ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മഴവിൽക്കാവടി എന്ന ചലച്ചിത്രത്തിലൂടെ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2009ൽ ‘പത്താം നിലയിലെ തീവണ്ടി’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സ്റ്റേറ്റ് ഫിലിം ക്രിറ്റിക്സ് അവാർഡിന് അർഹനായി.

ചലച്ചിത്ര നിർ‌മാതാവ്, വ്യവസായി, ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ആലീസാണ് ഭാര്യ. മകൻ സോണറ്റ്. 1972 സെപ്റ്റംബർ ഒൻപതിനു എ.ബി.രാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘നൃത്തശാല’യിലൂടെയാണ് ഇന്നസന്റ് ആദ്യമായി ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. 750 ലേറെ ചിത്രങ്ങളിൽ വേഷമിട്ടു. ഇതിൽ ‘മഴവിൽക്കാവടി’, ‘കിലുക്കം’, ‘റാംജിറാവു സ്പീക്കിങ്’, ‘ഗോഡ്ഫാദർ’, ‘വിയറ്റ്നാം കോളനി’ , ‘കാബൂളിവാല’ ‘രാവണപ്രഭു’, ‘മാന്നാർ മത്തായി സ്പീക്കിങ്’, ‘ഹിറ്റ്ലർ’, ‘മനസ്സിനക്കരെ’, ‘ചന്ദ്രലേഖ’, ‘പൊൻമുട്ടയിടുന്ന താറാവ്’, ‘ദേവാസുരം’, ‘ഡോ.പശുപതി’, ‘പിൻഗാമി’, ‘ഡോലി സജാകെ രഖ്‌ന’(ഹിന്ദി), ‘മലാമൽ വീക്കിലി’(ഹിന്ദി) , ‘ശിക്കാരി’(കന്നട) ‘ലേസാലേസ’ (തമിഴ്) തുടങ്ങിയ ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടി.

തന്റേതായ ശൈലിയിലൂടെയുള്ള സംസാരവും അഭിനയവും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തനാക്കി. കാൻസർ എന്ന മഹാവ്യാധി പിടിപെടുമ്പോഴും അതിനെ ചിരിച്ചു കൊണ്ട് നേരിട്ട വ്യക്തിയായിരുന്നു ഇന്നസെന്റ്. ആ മികച്ച കലാകാരന് ആദരാഞ്ജലികൾ അർപ്പിച്ചു കൊള്ളുന്നു.

#malayalam #movies#kerala #facebook #actor #Innocent

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More