“ശത്രു അദൃശ്യനാണെങ്കിൽ, ഒളിഞ്ഞിരിയ്ക്കുന്നതാണ് ബുദ്ധി”…. പറഞ്ഞത് ചാണക്യൻ. എത്രയോ കാലങ്ങൾക്ക് മുമ്പ്. ഇന്ന്, ഈ മഹാമാരി കാലത്ത്, ഏറ്റവും അന്വർത്ഥമായ ഒരു സന്ദേശമാണത്. നമുക്ക് കാണാൻ കഴിയാത്ത സൂക്ഷ്മ കണികകളെ പോലും നേരിടാൻ നമുക്കറിയില്ല എന്നുള്ളത് നമുക്ക് മനസ്സിലായിക്കഴിഞ്ഞു. എല്ലാ ജീവജാലങ്ങളുടെയും മേലെയാണ് താൻ എന്നഹങ്കരിയ്ക്കുന്ന മനുഷ്യ കുലത്തിനെ ഒരു പാഠം പഠിയ്പ്പിയ്ക്കാൻ പ്രകൃതിയുടെ വികൃതി. എങ്കിലും, എന്നും ദയാശീലയായ ഭൂമി, ഈ പ്രപഞ്ചം, നമുക്ക് ഇനിയും ഒരവസരം കൂടി തന്നിരിയ്ക്കുന്നു. നമ്മൾ ആരാണെന്നും എത്ര നിസ്സാരരാണെന്നും മനസ്സിലാക്കുവാനുള്ള ഒരവസരം.
നമ്മുടെ ബുദ്ധി വികസിച്ചു. നമ്മൾ മറ്റു ഗ്രഹങ്ങളിൽ പോവുന്നു. മിസൈലുകൾ കണ്ടുപിടിച്ചു. ന്യുക്ലീർ ആയുധങ്ങൾ കണ്ടു പിടിച്ചു.. ഭൂമിയെ നശിപ്പിയ്ക്കാനുള്ള എല്ലാ കണ്ടുപിടിത്തങ്ങളും നടത്തി വിജയശ്രീലാളിതനായി എന്ന ഭാവത്തിൽ വിലസുന്നു. ഇതെല്ലാം നേടിയപ്പോഴും, പ്രകൃതിയിലെ പുതിയ സൂക്ഷ്മ കണികകളെ നേരിടാൻ കഴിയാതെ നമ്മൾ നെട്ടോട്ടമോടുന്നു. അമ്മയായ പ്രകൃതി, അപ്പോഴും നമ്മൾ തന്നെ പഠിച്ച സയൻസിലൂടെ ചില ഉപായങ്ങൾ പറഞ്ഞു തന്നു..
മാസ്ക് ധാരണം, സാനിറ്റൈസർ ഉപയോഗം, നിശ്ചിത അകലം പാലിയ്ക്കൽ എന്നീ ലഘുവായ ചില ഉപായങ്ങൾ. കൂട്ടത്തിൽ, സംശുദ്ധമായ ജീവിത രീതികളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളും.
കണ്ണിനു കാണാത്തതൊന്നും, നിലനിൽക്കുന്നില്ല എന്ന മൂഢവിശ്വാസം അവനെ ഇന്നും ഭരിയ്ക്കുന്നു. അവനെ നിയന്ത്രിയ്ക്കുന്നു. അഥവാ വഴി തെറ്റിയ്ക്കുന്നു. എനിയ്ക്കീ രോഗം വരില്ലെന്നും, ഞാൻ എക്കാലവും ഈ രോഗത്തിന് അതീതനാണെന്നും അഹങ്കരിയ്ക്കുന്നു. ഒടുവിൽ, വിശ്വാസങ്ങളെല്ലാം, തകിടം മറിയുമ്പോൾ, താനും രോഗത്തിന്റെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടു കഴിഞ്ഞു എന്ന് മനസ്സിലാക്കുമ്പോൾ, ഒരു വേള രോഗം ഉണ്ടാക്കുന്ന ആഘാതത്തെക്കാൾ, മാനസികമായി തളരുന്നതിലൂടെ, രോഗത്തിന്റെ കാഠിന്യം വർദ്ധിയ്ക്കാനും, തിരിച്ചു പൂർണ്ണ സുഖം പ്രാപിയ്ക്കാൻ ഏറെ കഷ്ടപ്പെടുകയും ചെയ്യുന്നു.
നമുക്ക് കൂടുതലൊന്നും ആലോചിയ്ക്കാനില്ല. എത്രയോ കാലങ്ങൾക്ക് മുമ്പ്, നമ്മുടെ പിതാമഹന്മാരെല്ലാം ചെയ്തു പോന്നിരുന്ന, എന്നാൽ നമ്മൾ ചെയ്യാൻ മറന്നു പോയ ചില പ്രവൃത്തികൾ ഇപ്പോൾ ചെയ്യാൻ ആരംഭിയ്ക്കുക. ദിവസവും കുറച്ച് നടക്കുക, വെയിലേൽക്കുക, മിതമായ ആഹരിയ്ക്കുക, നല്ലത് പോലെ ഉറങ്ങുക, സഹജീവികളെ സ്നേഹിയ്ക്കുക. അത്യാവശ്യത്തിനു മാത്രം പുറത്തു പോവുക. പുറത്ത് പോയതിന് ശേഷം തിരിച്ച് എപ്പോൾ വീട്ടിൽ കയറി വന്നാലും, കയ്യും കാലും നല്ലതു പോലെ, സോപ്പിട്ടു കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രം വീടിനുള്ളിൽ പ്രവേശിയ്ക്കുക (അതിനുള്ള സൗകര്യമില്ലെങ്കിൽ, വീട്ടിൽ കയറിയ ഉടനെ അതെല്ലാം ചെയ്യുക), പുറത്തു പോവുമ്പോൾ, അണിഞ്ഞിരുന്ന വസ്ത്രങ്ങൾ മാറ്റുക, സാധിയ്ക്കുമെങ്കിൽ കുളിയ്ക്കുക.
ഇതിനെല്ലാം പുറമെ, ഈ പുതിയ പരീക്ഷണ ഘട്ടത്തിൽ, എപ്പോൾ പുറത്തു പോവുമ്പോഴും, മുഖകവചം അണിയുക..(മൂക്കും വായും മൂടുന്ന രീതിയിൽ വേണമെന്നറിയുക, താടിയ്ക്ക് കവചത്തിന്റെ ആവശ്യമില്ല), മുഖകവചങ്ങൾ സ്വയം രോഗം പിടിപെടാതിരിയ്ക്കാൻ സഹായിക്കുന്നതിനേക്കാൾ, നമ്മൾ കാരണം മറ്റുള്ളവരിലേയ്ക്ക് രോഗം പടരാതിരിയ്ക്കാൻ സഹായിയ്ക്കുമെന്ന് അറിയുക, കയ്യിൽ സാനിറ്റൈസർ കരുതുക. ഇടയ്ക്കിടെ കൈയിൽ നന്നായി പുരട്ടുക. പുറത്തു നിന്നുള്ള ആഹാരങ്ങൾ കഴിവതും ഒഴിവാക്കുക. ആളുകൾ കൂടുന്ന സ്ഥലങ്ങൾ ഒഴിവാക്കുക (ആഘോഷങ്ങൾ, സിനിമ, പാർക്ക്, ബീച്ച്, റെസ്റ്റോറന്റ് ഇതൊന്നും തല്ക്കാലം വേണ്ട) ജോലിസ്ഥലത്ത് അധികാരികൾ പറയുന്ന മുൻകരുതലുകൾ എടുക്കുക, പൂർണ്ണമായും അതുമായി സഹകരിയ്ക്കുക. എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുക. (ഈ കാര്യങ്ങളെല്ലാം പല തവണ കേട്ടതാവും എന്നറിയാം, എങ്കിലും ഒന്ന് കൂടി എഴുതി എന്ന് മാത്രം. കാരണം, പലപ്പോഴും, പലയാവർത്തി കേട്ടാൽ മാത്രമേ, ചില കാര്യങ്ങൾ നമുക്ക് പ്രായോഗികമാക്കാൻ സാധിയ്ക്കാറുള്ളു.)
ഈ മാരി ഭൂമുഖത്തു നിന്നും അകന്നു പോകും, തീർച്ചയാണ്. അപ്പോൾ നമുക്ക് ഈ ജീവിതം വീണ്ടും സന്തോഷത്തോടു കൂടി മുന്നോട്ടു കൊണ്ടുപോണം. അതിന് മുഖ്യമായും വേണ്ടത് നമ്മൾ ജീവനോടെ ഇരിയ്ക്കുക എന്നതാണ്. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ സാധിയ്ക്കുകയുള്ളു എന്നോർക്കുക.
നമ്മളെല്ലാവരും, ഇന്ന് തന്നെ ഒരു പ്രതിജ്ഞ എടുക്കാം.
ഈ മഹാമാരി എനിയ്ക്ക് വരാതെ നോക്കാൻ ഞാൻ ബാദ്ധ്യസ്ഥനാണ്. ഈ ഉത്തരവാദിത്തം എനിയ്ക്ക് വേണ്ടി മാത്രമല്ല, ഞാൻ ജീവിയ്ക്കുന്ന ഈ സമൂഹത്തിനു കൂടി വേണ്ടിയുള്ളതാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനാൽ, സമയാസമയങ്ങളിൽ, അധികാരികൾ നിഷ്കർഷിയ്ക്കുന്ന നിയമങ്ങൾ ഞാൻ പാലിയ്ക്കുന്നതാണ്. ഇനി ഏതെങ്കിലും വിധത്തിൽ, എനിയ്ക്ക് ഈ രോഗം പിടിപെട്ടാൽ തന്നെ, എന്നിലൂടെ മറ്റുള്ളവരിലേയ്ക്ക് ഇത് പകരാതിരിയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും ഞാൻ നടത്തുന്നതാണ്. ഞാൻ മൂലം, ഒരാൾ പോലും ഈ രോഗത്തിന് വിധേയമാവരുത് എന്ന് എനിയ്ക്ക് നിർബന്ധമുണ്ട്. അതിനു വേണ്ടി ഏതു സഹനത്തിനും ഞാൻ തയ്യാറാണ്. എന്റെ ജീവിതം, കാത്തുസൂക്ഷിയ്ക്കുന്നതോടൊപ്പം, എന്റെ കൂടെയുള്ളവരുടെ ജീവിതങ്ങളും കൂടി സംരക്ഷിയ്ക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ മനസ്സിലാക്കുന്നു.
കോവിഡ് രഹിതമായ നല്ല നാളേയ്ക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പ്രവർത്തിയ്ക്കാം, ഒപ്പം അതിനായി പ്രാർത്ഥിയ്ക്കാം…!!!
– മഹേഷ് കുമാർ