ഒരു രാജ്യം, യുദ്ധം മൂലമോ മറ്റെന്തെങ്കിലും കെടുതികൾ മൂലമോ തകർച്ചയിൽ പെട്ടുപോയാൽ അവിടെ നിന്നൊരു തിരിച്ചുവരവ് അസാധ്യമായാണ് നമ്മൾ പലരും കരുതുന്നത്. എന്നാൽ, ലോകം കണ്ട രണ്ടു മഹായുദ്ധങ്ങൾ കാരണം എല്ലാ മേഖലകളിലും നേരിട്ട തകർച്ചയിൽ നിന്നും, ജർമ്മനി എന്ന രാജ്യത്തിന്റെ ഇന്നത്തെ രീതിയിലുള്ള വളർച്ച അവിശ്വസനീയം തന്നെയാണ്. അതിന് സാധിച്ചത് അവിടുത്തെ ഭരണാധികാരികൾക്കൊപ്പം ഇച്ഛാ ശക്തിയുള്ള ജനങ്ങളുടെയും പരിശ്രമം കൂടി കൊണ്ടാണ്.
ഇന്ന് ലോകത്തെ തന്നെ മികച്ച സാമ്പത്തിക ശക്തികളിൽ ഒന്നാണ് ജർമ്മനി. മാത്രമല്ല, ലോകോത്തര ബ്രാൻഡുകളിൽ പലതും ജർമനിയിൽ നിന്നുള്ളവയാണ്. മെഴ്‌സിഡസ് ബെൻസ് (Mercedes-Benz), BMW, വോക്‌സ് വാഗൺ (Volks Wagon), ഓഡി (Audi), അഡിഡാസ് (Adidas), ഹ്യൂഗോ ബോസ് (Hugo Boss), DHL, സീമെൻസ് (Siemens), ബോഷ് (Bosch) ഇങ്ങനെ നീളുന്നു ജർമ്മൻ ബ്രാൻഡുകൾ.
മാത്രവുമല്ല, മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ജർമനിയിലെ പല സ്ഥലങ്ങളും. ലോകോത്തര നിലവാരമുള്ള മികച്ച റോഡുകളും അതുപോലെ തന്നെ പ്രകൃതിരമണീയമായ സ്ഥലങ്ങളും മറ്റും ഇവിടുത്തെ പ്രത്യേകതകളിൽ ചിലതു മാത്രം. ലോകത്തിലെ തന്നെ മികച്ച ഗതാഗത സംവിധാനങ്ങൾ ഉള്ള രാജ്യമാണ് ജർമ്മനി.
വ്യാവസായിക മേഖലയിൽ മാത്രമല്ല കായിക മേഖലയിലും ജർമ്മനി ബഹുദൂരം മുന്നിലാണ്. ലോകത്തെ തന്നെ മികച്ച ഫുട്ബോൾ ടീമുകളിൽ ഒന്നാണ് ജർമ്മനിയുടേത്.