Articles

നഷ്ട തലേന്നുകൾ

ശ്യാംപ്രസാദ്

“ഡാ.., ഇന്നെത്ര തോർത്ത്‌ പൊട്ടിക്കണം” ?

“ഇന്നൊരു രണ്ടുമൂന്നെണ്ണങ്കിലും പൊട്ടിക്കണം, ദഹണ്ഡക്കാരൻ എത്രെണ്ണം എഴുതീണ്ടാവോ?”
ചെറിയ നാട്ടുവെളിച്ചത്തിൽ കല്യാണ വീട്ടിലേക്ക് കൂട്ടുക്കാരുമൊത്തുള്ള നടത്തത്തിനിടയിൽ പരസ്പരം ഉയരുന്ന ഒരു പഴയ ചോദ്യം..

പണ്ട് കൂട്ടുകാരുടെയും, അയല്പക്കത്തെയും വീടുകളിൽ നടന്നിരുന്ന കല്യാണ തലേദിവസങ്ങൾ വർണ്ണ വൈവിധ്യമാർന്ന മാല ബൾബുകളുടെ വർണ്ണ പ്രകാശത്തിൽ കുളിച്ചു നിന്നിരുന്നു. വാഴക്കുലകളും, ചെന്തെങ്ങിൻ കുലകളും കെട്ടി നിർത്തിയ സ്വാഗത കമാനങ്ങളും, ഏതെങ്കിലും മറവിൽ ഊണിന് മുൻപ് വലിപ്പ ചെറുപ്പമില്ലാത്ത ചെറിയ രീതിയിലൊരു മദ്യസേവയും, ട്യൂബ് ലൈറ്റിന്റെ താഴെ രാജാവും രാഞ്ജിയും കൈ വെള്ളകൾ മാറുന്ന ചീട്ടുകളിയും കാണാം. പാചകക്കാരന്റെ കൈയാളായി വരുന്ന ചേച്ചിയെ സഹായിക്കാനായി ‘മനസ്സലിവുള്ള’ രണ്ടോ മൂന്നോ പേര് വേറെയും കാണും.

രാത്രി ഭക്ഷണത്തിന് ചോറും, സാമ്പാറും,പപ്പടവും പാചകക്കാരൻ നേരത്തേയെത്തിയിട്ട പാകമാകാത്ത വടുകപുളി അച്ചാറും, നേന്ത്രക്കായത്തൊലിയും, ഉണക്കപയറും കൂട്ടി ഉടയാത്ത രീതിയിലൊരു ഉപ്പേരിയും ഉണ്ടാകും. പശുവിന് കൊടുത്തിരുന്ന കായതൊലിയിൽ എരിവും,ഉപ്പും നിറച്ചു ഇലയിൽ വിളമ്പി കഴിച്ചിരുന്ന കാലം…
പുതുതലമുറക്ക് ഇഷ്ടപ്പെടാതെ ഇന്നുമതുണ്ടെങ്കിലും രാസവളങ്ങൾ ചേക്കേറിയ കായ്കൾക്ക് പഴയ രുചി തരാനാവുന്നില്ല.

പാചകക്കാരൻ ഉച്ചയോടെയെത്തും…

വറത്തുപ്പേരിക്കും, ശർക്കര വരട്ടിക്കും വേണ്ടി കൈയിൽ കരുതുന്ന മൂർച്ചയേറിയ കത്തികൊണ്ടരിഞ്ഞു വീഴ്‌ത്തുന്ന വട്ടത്തിലരിഞ്ഞ നേന്ത്രകായ് കഷ്ണങ്ങൾ കറ പോകാനായി മഞ്ഞൾ വെള്ളത്തിൽ ഊളിയിട്ടിറങ്ങും. ഉപ്പേരിവറവിന് ശേഷം, കൊത്തിയരിഞ്ഞ മാങ്ങയോ, നാരങ്ങയോ അച്ചാറിലിടും. തുടർന്ന് ഇഞ്ചിപുളി കാളൻ, ഓലൻ, കൂട്ടുകറി തുടങ്ങി വായിൽ വെള്ളമൂറുന്ന രുചിഭേദങ്ങളുടെ മേളനം…

പാലടക്കുള്ള അരിമാവ് ഇലയിലണിഞ്ഞു ചെമ്പിലിട്ടു പുഴുങ്ങിചൂടോടെ ഇലപൊളിച്ചു മാറ്റി അരിപ്പയിലിട്ടു അട ചെറുകഷ്ണങ്ങളാക്കി മാറ്റുന്നു. അടയും, പഞ്ചസാരയും ചേർത്ത പാല്‌ തിളച്ചു മറിഞ്ഞു നിറം മാറുന്നതുവരെ അടിപിടിക്കാതെ കൈകൾ മാറി പാചകക്കാരന്റെ മേൽനോട്ടത്തിൽ ഇളക്കികൊണ്ടിരിക്കും. അഞ്ചു മണിയോടെ പാലട ഓട്ടുരുളിയിൽ മത്തു പിടിക്കുന്ന മധുരത്തോടെ തയ്യാറായി കഴിഞ്ഞിരിക്കും.
നാളികേരമുടക്കലും, ചിരകലും അർദ്ധരാത്രിയോടെ തുടങ്ങുകയായി.
ഇല വെട്ടിയിട്ട് ചിരവകൾ മുഖാമുഖം വെച്ച് നാളികേര മുറികളെ ചിരവ നാക്ക് കൊണ്ട് കാർന്നെടുക്കുന്നു. മത്സരിച്ചു ചിരകി കൈകളിൽ നിണം പൊടിയുമെങ്കിലും അന്നതൊരാവേശമായിരുന്നു. ഉറക്കത്തെ അകറ്റാൻ കട്ടനുമുണ്ടാകും. ഈ പ്രക്രിയ ഇന്ന് കറണ്ടിലോടുന്ന യന്ത്ര ചിരവകളിലെത്തി നിൽക്കുന്നു.

ചിരകിയ നാളികേരം ചെമ്പിലിട്ടു കൈ കൊണ്ടുടച്ചു തോർത്തിലിട്ടു പിഴിഞ്ഞ്, ആവേശത്തിൽ മസിൽ പെരുപ്പിച്ചു തോർത്തും പൊട്ടിച്ച് ആ തേങ്ങാപാല് ചേർത്ത പായസം ഉറക്കച്ചടവോടെ പുലർച്ചക്കൊരു ഗ്ലാസ് കുടിച്ചു വീട്ടിൽ പോയാൽ പിന്നെ ഉച്ച തിരിഞ്ഞേ ആളെണീക്കു…
അബദ്ധം പറ്റിയവരുണ്ട്.!

ദേശത്തെ പ്രധാന പാചകക്കാരായിരുന്നു ഭരതേട്ടൻ, ചക്രപാണി വാര്യര്, കുഞ്ഞനിയൻ വാര്യര്, ഗോവിന്ദൻകുട്ടി വെളിച്ചപ്പാട്, വിജയേട്ടൻ, കൃഷ്ണൻകുട്ടിമ്മാൻ തുടങ്ങിയവർ…

ഭരതേട്ടന്റെ പാലടയും,കുട്ടിമ്മാന്റെ കാളനും,വിജയേട്ടന്റെ പൈനാപ്പിൾ കറിയും, കശുവണ്ടിയും, ഉണക്ക മുന്തിരിയും നെയ്യിൽ വറുത്ത്‌ ചേർത്ത വാര്യരുടെ ഗോതമ്പ് പായസവും, വെളിച്ചപ്പാടിന്റെ എരിവു കുറഞ്ഞ സാമ്പാറും നാവിലുയർത്തിവിടുന്ന സ്വാദിന്റെ ഏറ്റം അവരിലൂടെ കൂടുതൽ സദ്യ വട്ടങ്ങൾ ഒരുക്കുന്നതിന് ആളുകൾ അന്വേഷിച്ചു വന്നിരുന്നു.

പാചകക്കാരന്റെ കൈയാളുകളായി വന്ന് രാത്രി മുഴുവൻ ഉറക്കമിളച്ചു പാത്രം കഴുകിയും, പായസമിളക്കിയും, അടുപ്പിൽ തീ തള്ളിയും കണ്ണിൽ തീയും,പു കയുമടിച്ച് സദ്യ കഴിയുന്നതുവരെ കലവറയുടെ പിന്നാമ്പുറങ്ങളിൽ ഒതുങ്ങുന്നൊരു വിഭാഗമുണ്ടായിരുന്നു പണ്ട് നാട്ടിൻപുറങ്ങളിൽ…സദ്യ കഴിഞ്ഞാൽ ബാക്കിയുള്ളതിൽ ഒരു പിടി ചോറോ, കറികളോ പാത്രത്തിലാക്കിയവർ കൂലിയും വാങ്ങി പടിയിറങ്ങുന്നു. കാറ്റെറിംഗ് സമ്പ്രദായത്തിൽ ഇവർക്കും കാലിടറിയിരിക്കുന്നു.

ഇന്നിപ്പോൾ ഭൂതകാലത്തിന്റെ തുരുമ്പെടുത്ത ഇരുമ്പുകസേരയും, മേശയും, പ്ലാസ്റ്റിക്കിലേക്കും മരത്തിലേക്കും മാറി വന്നു. മേശയുടെ മാറ് മറക്കാൻ അളവൊത്ത പേപ്പർ വിരിച്ചതിൽ ഇലയിട്ടാണ് ഇപ്പോൾ യൂണിഫോമിട്ട കാറ്ററിഗ് സർവീസുക്കാർ സദ്യവട്ടങ്ങൾ വിളമ്പുന്നത്. നിറമുള്ള കടലാസുകൾ വെട്ടി അണിയിച്ചൊരുക്കിയ അംബാസിഡർ കാറുകളും കൺമറഞ്ഞു. സദ്യ കഴിഞ്ഞ് വാസന ചുണാമ്പ് കൂട്ടിയുള്ള മുറുക്കാനും, പടല ചെത്തി അടുക്കി വെച്ച പൂവൻപഴ തളികകളും, കൂട് പൊളിച്ചിട്ട സിഗരറ്റും ഓർമ്മകളുടെ പുമറയ്ക്കുള്ളിലായി പോയി. സൗധങ്ങളുടെ ഭംഗി കുറയാതിരിക്കാൻ കല്യാണ പന്തലുകൾ മുറ്റത്തു നിന്ന് പറിച്ചു നടപ്പെട്ടു. ഭവനം നിറയുന്ന മുല്ലപ്പൂക്കളുടെ നറുമണവും, എരിഞ്ഞു തീരുന്ന ചന്ദനത്തിരി സുഗന്ധവും, മംഗല്യ തിരക്കുകളും, കതിർമണ്ഡപവും വീടടച്ചു പൂട്ടി സൗകര്യാർത്ഥം ഹാളുകളിലേക്ക് മാറ്റുന്നു. ശീതീകരിച്ച മണ്ഡപങ്ങളിൽ പരസ്പരം വരണമാല്യങ്ങൾ ചാർത്തുന്ന വധൂവരന്മാർ,വായ് കുരവയും, പക്ക മേളവും മണ്ഡപങ്ങൾക്കുള്ളിൽ വീർപ്പു മുട്ടുന്നു. ആദ്യരാത്രിയുടെ ചതഞ്ഞരഞ്ഞ മുല്ലപ്പൂക്കൾ മാത്രമാണിന്ന് കല്യാണ വീടുകളിലെ ശേഷിപ്പുകൾ..

അയല്പക്ക സൗഹൃദങ്ങളുടെ അവിയൽ കൂട്ടായ്മ രൂപപ്പെടുന്ന ഉറക്കമില്ലാത്ത രാവുകൾ, കൂട്ടുകാരൊത്തുള്ള കളിയും, ചിരിയും,സ്നേഹ വായ്പ്പോടെ പകർച്ചയായി അയൽ വീടുകളിലേക്ക് നൽകുന്ന ചോറും, കറികളും, കല്യാണ പിറ്റേന്ന് തെങ്ങിൻ ചുവട്ടിൽ വാടിയ ഇലകളിൽ ഭഷണാവശിഷ്ടങ്ങൾ തിരയുന്ന കാക്കകളും, തെരുവ് നായ്ക്കളും, പഴമയിൽ മറഞ്ഞു പോയ കല്യാണതലേന്നുകൾ ഓർമ്മയിൽ നിറക്കുന്നത് സ്വാദിന്റെ പെരുമയും, ഒത്തൊരുമയുമാണ്.

കൈ തട്ടി മറിഞ്ഞുപോയ രസം കണക്കെ അകതാരിലതൊരു വൈഷമ്യം…

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More