മാമൂക്കോയ സംസാരിച്ചു തുടങ്ങിയാൽ അറിയാം അദ്ദേഹം ഏതു നാട്ടുകാരൻ ആണെന്ന്, അദ്ദേഹം ഉൾക്കൊള്ളുന്ന സഹൃദയത്വം എത്രമാത്രമാണെന്ന്. കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ചലിക്കുന്ന ഉടൽ രൂപം തന്നെയായിരുന്നു മാമൂക്കോയ, കോഴിക്കോടൻ സംഗീത രാവുകൾ / നാടക രാവുകൾ പാകപ്പെടുത്തിയ പത്തരമാറ്റുള്ള കലാകാരനാണ് അദ്ദേഹം. കല്ലായിയിലെ സാധാ മരപണിക്കാരൻ (കൂപ്പിലെ അളവുകാരൻ) ലോക മലയാളി അറിയുന്ന വലിയ നടനായിമാറിയത് ആ പൈതൃകത്തിന്റെ മാറ്റ് ഒന്നു കൊണ്ട് തന്നെയാണ്.
സാധാരണകാരനിലേക്ക് മാമൂകോയയ്ക്ക് ഒരു പരകായ പ്രവേശം ആവശ്യമില്ല കാരണം അയാൾ സാധാരണകാരനിൽ സാധാരണകാരനായിരുന്നു അദ്ദേഹം അഭിനയത്തിന്റെ “പോളി ടെക്നിക്കുകളിൽ” പഠിച്ചിട്ടുമില്ല. നേരറിവുകൾ തന്ന അരങ്ങിന്റേയും / അണിയറയുടേയും / ജീവിതത്തിന്റേയും പാഠങ്ങളാണ് അയാളിലെ നടനെ മികച്ചതാക്കുന്നത്.
നൈസർഗ്ഗിക ഫലിതം എന്നത് തീഷ്ണ ജീവിത സ്ഥലികളിൽ കണ്ടെടുക്കപ്പെടുന്ന ഔഷധ ഗുണമുള്ളവയാണ്. അത് ഉൽപ്പാദിപ്പിക്കുന്ന ചിരികൾ പലതും കാലാനുവർത്തിയാണ്. ഒരു പക്ഷെ രചയിതാവ് എഴുതി വെച്ച രംഗഭാഷയ്ക്ക് അപ്പുറത്തേക്ക് ഫലിതത്തെ ജീവസ്സുറ്റതാക്കി മാറ്റാനുള്ള മനോധർമ്മങ്ങൾ മാമൂക്കോയയെ ആരും പഠിപ്പിക്കേണ്ടതില്ല. സ്വന്തം ശരീരം പോലും ഇത്രമേൽ സംവേദനത്വം ഉള്ള മറ്റ് ഒരു നടനുണ്ടോ എന്നു സംശയമാണ്. മാമൂക്കോയ രംഗ പ്രവേശം ചെയ്യുന്ന മാത്രയിൽ തന്നെ ആളുകൾ മന്ദഹസിച്ചു തുടങ്ങും.
പെരുമഴക്കാലം പോലുള്ള സിനിമകൾ മറ്റൊരു മാമൂക്കോയയെ നമുക്ക് കാണിച്ചു തന്നു. നിസ്സഹായനായ ഒരു പിതാവിന്റെ ആത്മ സംഘർഷങ്ങൾ ആ മുഖത്ത് ഭദ്രമായിരുന്നു. അഭിനയിച്ച കഥാപാത്രങ്ങൾ അത്രയും മലയാളി മനസ്സിന്റെ ചില്ല് കൂടാരത്തിൽ വിസ്മൃതാകാതെ നില നിൽക്കാൻ പാകത്തിലുള്ളതാണ്.
കോഴിക്കോടിന്റെ നഷ്ടങ്ങളിൽ മാമൂകോയ എന്ന മഹാനായ നടൻ കൂടി…
#malayalam #mollywood#kerala #mamukkoya #movieactor