മമ്മൂട്ടിയുടെ ബസ്റ്റ് ആക്ടർ എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു നടനായി മാറിയ അനൂപ് ഖാലീദ്, 6 ഹവേഴ്സ് എന്ന ആക്ഷൻ ഫിലിമിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധ നേടുന്നു. ഉടൻ തീയേറ്ററിലെത്തുന്ന സുനീഷ് കുമാർ സംവിധാനം ചെയ്ത 6 ഹവേഴ്സ് എന്ന ചിത്രത്തിൽ ഒരു നെഗറ്റീവ് കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിച്ചത്. ചിത്രത്തിൻ്റെ നിർമ്മാതാവും അനൂപ് ഖാലീദ് തന്നെ.
ചിത്രത്തിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. അനൂപ് ഖാലീദ് പറഞ്ഞു. തമിഴിലെ പ്രശസ്ത നടൻ ഭരത്ത് ആണ് 6 ഹവേഴ്സിലെ നായകൻ. ഒരു ഫ്ലാറ്റിൽ താമസിക്കുന്ന ചുറുചുറുക്കുള്ള യുവാവായാണ് ഭരത്ത് വേഷമിടുന്നത്. ഈ യുവാവിനോട് പോരാടുന്ന ഒരു കരുത്തനായ പോരാളിയായാണ് അനൂപ് ഖാലീദ് എത്തുന്നത്.
കൊല്ലം സ്വദേശിയായ അനൂപ് ചെറുപ്പം മുതൽ കലാരംഗത്ത് നിറഞ്ഞു നിന്നിരുന്നു. നാടകം, മിമിക്രി രംഗങ്ങളിലെല്ലാം കഴിവ് തെളിയിച്ചെങ്കിലും, സിനിമാമോഹവുമായി ചുറ്റിക്കറങ്ങാൻ പിതാവ് അനുവദിച്ചില്ല. അതു കൊണ്ട് തന്നെ സമയം കളയാതെ മുബൈയിലെത്തി. അവിടെ നിന്ന് ദുബൈയിലും. ഇപ്പോൾ അനൂപ് ഖാലീദ് അറിയപ്പെടുന്ന ബിസിനസ്സുകാരനാണ്. പിതാവിൻ്റെ ഇഷ്ടപ്രകാരം സ്വന്തം കാലിൽ നിന്നപ്പോൾ സിനിമയിൽ ഇറങ്ങി. ആദ്യം തമിഴ് സിനിമയിലായിരുന്നു അരങ്ങേറ്റം. നരൈ എന്ന ചിത്രത്തിൽ വില്ലനായി അരങ്ങേറി. ചിത്രം റിലീസ് ചെയ്തപ്പോൾ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. അതോടെ അനൂപിൻ്റെ ഉള്ളിലെ നടൻ ഉണർന്നു. രണ്ടാം ചിത്രമായ 6 ഹവേഴ്സ് മലയാളത്തിലും തൻ്റെ വരവറിയിക്കുമെന്ന് അനൂപ് വിശ്വസിക്കുന്നു. തമിഴിലും മലയാളത്തിലും ഒരേ സമയം പുറത്തിറങ്ങുന്ന 6 ഹവേഴ്സ് മികച്ച ടെക്നീഷ്യന്മാരെ അണിനിരത്തിയാണ് നിർമ്മിച്ചത്. അതു കൊണ്ട് തന്നെ ചിത്രം പ്രേക്ഷകർ സ്വീകരിക്കും. അതിലൂടെ അനൂപ് ഖാലീദ് എന്ന നടനും, നിർമ്മാതാവും ശ്രദ്ധിക്കപ്പെടും.
– അയ്മനം സാജൻ