വേൾഡ് വൈഡ് വെബ് എന്നത് പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള ഹൈപ്പർടെക്സ്റ്റ് സംവിധാനമാണ്, പല സ്ഥലങ്ങളിലായി നിരവധി കമ്പ്യൂട്ടറുകളിൽ കിടക്കുന്ന ഈ ഹൈപ്പർടെക്സ്റ്റ് പേജുകൾ ഇന്റർനെറ്റ് വഴിയാണ്പ രസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്, ഇന്റർനെറ്റുവഴി തന്നെയാണ് ഇവ നമുക്കു കാണാനും ഉപയോഗിക്കുവാനും സാധിക്കുന്നതും. ബ്രൌസർ ഉപയോഗിച്ചു കാണാൻ സാധിക്കുന്ന വെബ് സൈറ്റുകൾ എഴുത്തുകൾ, ഇമേജസ്, ദൃശ്യങ്ങൾ തുടങ്ങിയ എല്ലാം ഉൾപ്പെടുത്തുവാൻ സാധിക്കുന്നു. വെബ്ബിലുള്ള പേജുകൾ ഒരുയൂണിഫോം റിസോഴ്സ് ഐഡന്റിഫൈയർ അഥവാ യു.ആർ.ഐ ഉണ്ടാവും. യു.ആർ.ഐ വഴിയാണ് ഓരോ സൈറ്റുകൾ വെബ്ബിൽ തിരിച്ചറിയപ്പെടുന്നതും പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നതും.
ഒരു ഇന്റർനെറ്റ് ഉപയോക്താവിന് വേൾഡ് വൈഡ് വെബ്ബിലുള്ള ഏതെങ്കിലും ഒരു വെബ്സൈറ്റ് വേണമെന്നുണ്ടെങ്കിൽ, ഉദാഹരണത്തിന് ഒരു എച്ച്.റ്റി.എം.എൽ സൈറ്റ്, അയാൾ ആദ്യം തനിക്കാവശ്യമുള്ള വെബ്സൈറ്റിന്റെ യു.ആർ.എൽ തന്റെ കംപ്യൂട്ടറിലെ വെബ് ബ്രൌസർ വഴി റ്റൈപ്പ് ചെയ്തു കൊടുക്കുകയോ, അല്ലെങ്കിൽ പ്രസ്തുത വെബ്‌സൈറ്റിയിലേക്കുള്ള ഒരു ഹൈപ്പർലിങ്കിൽ മൗസ് ഉപയോഗിച്ച് അമർത്തുകയോ ആണ് ചെയ്യുക.
ഇങ്ങനെ ചെയ്യുമ്പോൾ ആദ്യമായി സംഭവിക്കുന്നത് യു.ആർ.എല്ലിലെ സെർവറിനെ സൂചിപ്പിക്കുന്ന ഭാഗം ഐ.പി വിലാസമായി പരിവർത്തനം ചെയ്യപ്പെടും. ഉദാഹരണത്തിന് “http://ml.wikipedia.org/wiki/Special:Recentchanges” എന്നതിൽ “ml.wikipedia.org ” ആണ് സെർവറിന്റെ പേര് സൂചിപ്പിക്കുന്ന ഭാഗം. യു.ആർ.എല്ലിന്റെ ബാക്കിയുള്ള ഭാഗം സൂചിപ്പിക്കുന്നത് സെർവറിനുള്ളിൽ എവിടെയാണ് യു.ആർ.എൽ വഴി നമ്മളാവശ്യപ്പെട്ട വെബ്സൈറ്റ് സ്ഥിതി ചെയ്യുന്നു എന്നാണ്. യു.ആർ.എല്ലിലെ സെർവ്വർ ഭാഗം ഐ.പി വിലാസമായി മാറ്റുന്നത് ഇന്റർനെറ്റിൽ പല സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വിവരശേഖരം അതായത്, ഡാറ്റാബേസ് ഉപയോഗിച്ചാണ്. ഈ ഡാറ്റാബേസിനു ഡി.എൻ.എസ് (DNS) അഥവാ ഡൊമൈൻ നെയിം സിസ്റ്റം (Domain Name System) എന്നാണു പേര്.
സെർവറിന്റെ ഐ.പി വിലാസം കണ്ടുപിടിച്ചതിനു ശേഷം, ആ ഐ.പി വിലാസത്തിൽ ഇന്റർനെറ്റിൽ സ്ഥിതി ചെയ്യുന്ന വെബ് സെർവ്വറിലേക്ക് ആവശ്യമുള്ള കോൺടെന്റ് നൽകാൻ ഒരു എച്ച്.റ്റി.റ്റി.പി അഭ്യർത്ഥന അയക്കുന്നു. ആവശ്യപ്പെട്ട വിവരം വെബ്ബ് സെർവർ തിരിച്ചയക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഒരു എച്ച്.റ്റി.എം.എൽ വെബ്സൈറ്റാണ് ഉപയോക്താവ് ആവശ്യപ്പെട്ടതെങ്കിൽ പ്രസ്തുത താളിലുള്ള എച്ച്.റ്റി.എം.എൽ ഫയലും, അനുബന്ധ ഫയലുകളും (ചിത്രങ്ങൾ, സി.എസ്.എസ്, ജാവാസ്ക്രിപ്റ്റ്, ഫ്ലാഷ് ആനിമേഷനുകൾ എന്നിങ്ങനെയുള്ളവ) വെബ് സെർവ്വർ തിരിച്ചയക്കുന്നു. സെർവ്വറിൽ നിന്നു ലഭിച്ച എച്ച്.റ്റി.എം.എൽ ഫയലിൽ പറഞ്ഞിരിക്കുന്നതു പോലെ (അക്ഷരങ്ങളുടെ ഫോണ്ട്, വലിപ്പം, നിറം, ചിത്രങ്ങളുടെ സ്ഥാനം, ഹൈപ്പർലിങ്കുകൾ കൊടുക്കേണ്ട സ്ഥലങ്ങൾ, എന്നുള്ള എല്ലാവിവരങ്ങളും എച്ച്.റ്റി.എം.എൽ ഫയലിൽ പറഞ്ഞിട്ടുണ്ട്) ഒരു ബ്രൗസറിന്റെ ജോലി. ഇങ്ങനെ ഉപയോക്താവിന്റെ ബ്രൗസറിനുള്ളിൽ ആ വെബ് പേജ് എത്തുന്നു.
ടിം ബർണേയ്സ് ലീ എന്ന ഗവേഷകന്റെ ആശയമാണ് വേൾഡ് വൈഡ് വെബ്. 1980 ൽ സി.ഈ.അർ.എൻ (CERN) ൽ പ്രവർത്തിക്കുന്ന സമയത്ത് ഹൈപ്പെർ റ്റെക്സ്റ്റ് എന്ന തത്ത്വം പ്രയോഗിക്കുന്ന ഒരു പദ്ധതി ഇദ്ദേഹം നിർദ്ദേശിച്ചു. ഗവേഷകർക്കിടയിൽ വിവരങ്ങൾ കൈമാറാനും സമയാസമയം പരിഷ്കരിക്കാനും ഉതകുന്ന പദ്ധതിയാണ് അദ്ദേഹം മുമ്പോട്ട് വച്ചത്. ഈ ആശയത്തെ അടിസ്ഥാനമാക്കി എൻക്വയർ (ENQUIRE) എന്നൊരു സംവിധാനം അദ്ദേഹം നിർമ്മിക്കുകയും ചെയ്തു. കുറച്ചു വർഷങ്ങൾ സി.ഈ.അർ.എന്നിൽ നിന്നു വിട്ടുനിന്നതിനു ശേഷം ബെർണേർസ് ലീ 1984 അവിടേക്ക് തിരിച്ചെത്തി.
സി.ഈ.അർ.എൻ അക്കാലത്ത് യൂറോപ്പിലെ ഏറ്റവും വലിയ ഇന്റർനെറ്റ് നോഡ് ആയിരുന്നു. ഹൈപ്പർ ടെക്സ്റ്റിനെ ഇന്റർനെറ്റുമായി ബന്ധപ്പെടുത്തിയാലുള്ള സാധ്യതകളെപ്പറ്റി അദ്ദേഹം ചിന്തിച്ചു. 1989 ൽ ഈ ആശയത്തെ അടിസ്ഥാനമാക്കി അദ്ദേഹം പ്രാരംഭ പദ്ധതി തയ്യാറാക്കി. 1990 ൽ റോബർട്ട് കെയ്‌ല്യൌ (Robert Cailliau) വിന്റെ സഹായത്തോടെ തന്റെ പദ്ധതിയിൽ ചില മാറ്റങ്ങൾ വരുത്തി. ഇതിന് അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അംഗീകാരം ലഭിച്ചു. തുടർന്ന് നേരത്തേ താൻ വികസിപ്പിച്ച എൻക്വയർ എന്ന സിസ്റ്റത്തിന്റെ അടിസ്ഥാന ആശയങ്ങളെ ഉപയോഗപ്പെടുത്തി അദ്ദേഹം വേൾഡ് വൈഡ് വെബ് വികസിപ്പിച്ചു. ഇതിനായി ലോകത്തിലെ ആദ്യത്തെ വെബ്ബ് ബ്രൗസർ ബെർണേർസ് ലീ നിർമ്മിച്ചു വേൾഡ് വൈഡ് വെബ് എന്നായിരുന്നു അതിന്റെയും പേര്. എച്ച്.റ്റി.റ്റി.പി.ഡി (httpd) അഥവാ ഹൈപ്പർ ടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോക്കോൾ ഡീമൺ (HyperText Transfer Protocol daemon) എന്ന ലോകത്തെ ആദ്യത്തെ വെബ് സെർവ്വറും അദ്ദേഹം ഇതിനായി നിർമ്മിച്ചു.
ടിം ബർണേയ്സ് ലീ
ആദ്യത്തെ വെബ് സൈറ്റ് http://info.cern.ch (www.w3.org/History/19921103-hypertext/hypertext/WWW/TheProject.html പഴയ രൂപത്തിൽ) 1991 ഓഗസ്റ്റ് 6 ന് ഓൺലൈനായി, അതായത് ഇന്റർനെറ്റിൽ പ്രസിദ്ധീകൃതമായി. എന്താണ് വേൾഡ് വൈഡ് വെബ്, എങ്ങനെ ഒരു വെബ് ബ്രൗസർ ഉപയോഗിക്കാം, വെബ് സെർവ്വർ ക്രമീകരിക്കുന്നതെങ്ങനെ എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളായിരുന്നു ആ വെബ് സൈറ്റിൽ.
1991, റ്റിം ബെർണേർസ് ലീ മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വേൾഡ് വൈഡ് വെബ് കൺസോർഷ്യം (World Wide Web Consortium) അഥവാ ഡബ്ല്യു3സി (W3C) എന്ന സംഘടന സ്ഥാപിച്ചു. വെബ്ബിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കുകയും അവ പ്രാവർത്തികമാക്കുകയുമാണ് ഈ സംഘടനയുടെ ലക്ഷ്യം. സമാന ലക്ഷ്യങ്ങളുള്ള വിവിധ കമ്പനികളാണ് ഈ സംഘടനയിലെ അംഗങ്ങൾ.
വേൾഡ് വൈഡ് വെബ് ഇന്റർനെറ്റിന്റെ പര്യായമാണെന്ന് പൊതുവേ കരുതാറുണ്ട്. ഇന്റർനെറ്റ് എന്നാൽ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന കമ്പ്യൂട്ടർ ശൃംഖലകളുടെ ഒരു കൂട്ടമാണ്, ടെലിഫോൺ ലൈനുകൾ, ഒപ്റ്റിക്കൽ ഫൈബറുകൾ, അല്ലെങ്കിൽ വയർലെസ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകൾ തമ്മിലും കമ്പ്യൂട്ടർ ശൃംഖലകൾ തമ്മിലും ബന്ധപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വേൾഡ് വൈഡ് വെബ് എന്നു പറയുന്നത് പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള വെബ്‌സൈറ്റികളുടെ ഒരുകൂട്ടമാണ് ഹൈപ്പർലിങ്കുകളും, യു.ആർ.ഐകളും ഉപയോഗിച്ചാണ് വേൾഡ് വൈഡ് വെബിലെ സൈറ്റുകളെ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്. വെബ്സൈറ്റുകൾ എന്നു പറയുന്നത് എന്തുമാവാം ചിത്രങ്ങൾ, ശബ്ദങ്ങൾ, എച്ച്.റ്റി.എം.എൽ താളുകൾ, പ്രോഗ്രാമുകൾ ഇങ്ങനെ. ഇന്റർനെറ്റുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും കമ്പ്യൂട്ടറിൽ ഡിജിറ്റൽ രീതിയിലായിരിക്കും മേല്പറഞ്ഞ വെബ്സൈറ്റുകൾ സൂക്ഷിച്ചിരിക്കുക. ഇന്ന് ഇന്റർനെറ്റിന്റെ പര്യായമായി വേൾഡ് വൈഡ് വെബ് മാറിയിരിക്കുകയാണിത്.
മഹേഷ് കുമാർ