കോട്ടയം കിടങ്ങൂർ മാറിയിടം സ്വദേശികളായ കലാസ്നേഹികളുടെ കൂട്ടായ്മയിൽ സ്നേഹാമൃതം എന്ന ഭക്തിഗാന ഓഡിയോ സി ഡി പുറത്തിറങ്ങി. മാറിയിടം തിരുഹൃദയ ദേവാലത്തിയത്തിൽ നടന്ന ചടങ്ങിൽ കടുത്തുരുത്തി എം. എൽ. എ. മോൻസ് ജോസഫ് പ്രകാശനം കർമ്മം നിർവ്വഹിച്ചു. മാറിയിടം സ്വദേശിയും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനും, പ്രമുഖ വ്യവസായിയുമായ ജോണി കുരുവിളയുടെ നിർമ്മാണത്തിൽ പൂർത്തിയായ ഓഡിയോ സിഡിയിലെ ഗാനം ആലപിച്ചിരിക്കുന്നത്, കുവൈറ്റ് പ്രവാസിയായ മാറിയിടം കൊച്ചറയ്ക്കൽ സജി സെബാസ്റ്റ്യനാണ്. മാറിയിടം സ്വദേശികളായ, ഓസ്ട്രേലിയയിൽ പ്രവാസിയായ ജെയ്മോൻ മാത്യു കുഴിക്കാട്ട് സംഗീതവും, ഖത്തർ പ്രവാസിയായ ജിജോയ് ജോർജ്ജ് എരപ്പുങ്കര രചനയും നിർവ്വഹിച്ചു.
മാറിയിടം ദേശത്തിന്റെ നന്മയ്ക്കായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും കിടങ്ങൂർ, കടപ്ലാമറ്റം എന്നീ പഞ്ചായത്തുകളുമായി സഹകരിച്ച് സ്വന്തം നാട്ടുകാർക്ക് പ്രയോജനകരമായ അനേകം സാമൂഹ്യപ്രവർത്തനങ്ങളും വർഷങ്ങളായി ചെയ്തുവരുന്ന ജോണി കുരുവിളയെ മോൻസ് ജോസഫ് എം. എൽ. എ. പ്രത്യേകം അഭിനന്ദിച്ചു. ഈ ഗാനത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നതു വഴി, തന്റെ നാട്ടിലെ കഴിവുറ്റ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്നതിൽ ഒരു പാട് സന്തോഷമുണ്ടെന്ന് ജോണി കുരുവിള അറിയിച്ചു.
മാറിയിടം വികാരി ഫാ: ജോമി പതീപ്പറമ്പിൽ, വേൾഡ് മലയാളി കൗൺസിൽ അംഗവും മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തകനുമായ അഡ്വ: ശിവൻ മഠത്തിൽ, വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്റർ പ്രസിഡന്റ് അബ്ദുള്ള ഖാൻ, വേൾഡ് മലയാളി കൗൺസിൽ അംഗം മോനിച്ചൻ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര, ജോർജ്ജുകുട്ടി ഈഴപ്പേരൂർ, പഞ്ചായത്ത് മെമ്പർമാരായ ലൈസമ്മ ജോർജ്ജ് ഈഴപ്പേരൂർ, സച്ചിൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പ്രശസ്ത പ്രോഗ്രാമർ ശശികുമാർ ചാക്യാട്ട് ആണ് ഗാനത്തിന്റെ ഓർക്കസ്ട്രേഷനും മിക്സിംഗും നിർവ്വഹിച്ചത്. സുനീഷ് പ്രഭാകർ സംവിധാനം ചെയ്യുന്ന ഗാനത്തിന്റെ വീഡിയോ ഉടൻ പുറത്തിറങ്ങും.
പി.ആർ.ഒ – അയ്മനം സാജൻ