വിമാന നിർമ്മാണത്തെ കുറിച്ച് ഇന്ത്യയിൽ എഴുതപ്പെട്ട പുസ്തകമോ? കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു അല്ലേ? എന്നാൽ ‘വൈമാനിക ശാസ്ത്രം’ എന്ന പുസ്തകത്തെ കുറിച്ച് പറയുമ്പോൾ അത് സത്യമാണെന്നു ബോധ്യപ്പെട്ടേക്കാം. 1918-1923 കാലഘട്ടത്തിൽ പണ്ഡിറ്റ് സുബ്ബരയ് ശാസ്ത്രിയാണ് (1866-1940) ഈ പുസ്തകം രചിച്ചതെന്ന് പറയപ്പെടുന്നു. ഇതിന്റെ ഒരു ഹിന്ദി വിവർത്തനം 1959-ലും, ഇംഗ്ലീഷ് പരിഭാഷ 1973-ലും പ്രസിദ്ധീകരിച്ചു. ആകെ 4 അധ്യായങ്ങളും 3000 വാക്യങ്ങളുമുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലും വിവർത്തനങ്ങളും ഇറങ്ങിയിരുന്നു.
എന്നാൽ, ഇത് ആദ്യം എഴുതപ്പെട്ടത് സംസ്കൃതത്തിലാണെന്നും, യഥാർത്ഥ സംസ്‌കൃതം പതിപ്പ് എഴുതിയ ആൾ ആരാണെന്നും, ഏത് കാലത്താണന്നും ശരിയായ അറിവ് ഇല്ലായിരുന്നു. ‘വിമാന ശാസ്ത്രം’ എന്ന സംസ്‌കൃതം ഗ്രന്ഥത്തിന്റ പിതാവ് രാമായണ ഇതിഹാസത്തിൽ പരാമർശിക്കപ്പെടുന്ന മഹാ മഹർഷിമാരിൽ ഒരാളായ ഭരദ്വജൻ ആണെന്നാണ് പണ്ഡിറ്റ് സുബ്ബരായ ശാസ്ത്രി അഭിപ്രായപ്പെടുന്നത്. ഈ സംസ്‌കൃതം ഗ്രന്ഥം 1000 വർഷത്തിൽ ഏറെ പഴക്കമുള്ള ഒരു പുരാതന ഗ്രന്ഥമാണെന്നും അനുമാനിക്കുന്നു. ഇതിൽ നിന്നുമാണ് വിമാന ശാസ്ത്രത്തിന്റെ അറിവ് തനിക്കു ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു.
വിമാന രൂപകൽപ്പനയെക്കുറിച്ചുള്ള ആശയങ്ങൾ വിശദീകരിക്കുന്നതിന് മുമ്പ് ഫ്ലൈറ്റിന്റെ പൊതുതത്ത്വങ്ങൾ ചർച്ച ചെയ്യുന്നതിലൂടെയാണ് എയറോനോട്ടിക്സിലെ ആധുനിക ഗ്രന്ഥങ്ങൾ തുടങ്ങുന്നത്. എന്നാൽ ഇതിനു വിപരീതമായി ‘വൈമാനിക ശാസ്ത്രം’ ഒരു പ്രത്യേകതരം വിമാനത്തെ വിവരിക്കുന്നതുപോലെയുള്ള വിവരണത്തോടെ ആരംഭിക്കുന്നു. ശകുന, സുന്ദര, രുക്മ, ത്രിപുര എന്നീ നാല് വിമാനങ്ങളെ കുറിച്ചാണ് കൂടുതൽ വിശദമായി ഇതിൽ വിവരിക്കുന്നത്. കൂടാതെ, ഒരു വിമാനത്തിന്റെ നിർവചനം, ഒരു പൈലറ്റ്, ആകാശ റൂട്ടുകൾ, ഭക്ഷണം, വസ്ത്രം, ലോഹങ്ങൾ, ലോഹ ഉൽപാദനം, കണ്ണാടികളും യുദ്ധങ്ങളിലെ അവയുടെ ഉപയോഗങ്ങളും, വിവിധതരം യന്ത്രസാമഗ്രികളും യന്ത്രങ്ങളും, ‘മന്ത്രി’, ‘താന്ത്രികം’, ‘കൃതക്’ എന്നിങ്ങനെ നീളുന്നു വിവരണങ്ങൾ.
ഇന്ത്യയിൽ തന്നെ പല ചർച്ചകളിലും പലരും, ഈ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്ന നിർമ്മാണ രീതി അസാധ്യമാണെന്നും മറ്റും പറഞ്ഞു തള്ളിക്കളയുകയാണുണ്ടായത്. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനിടയിൽ, ആധുനിക വൈമാനിക പരീക്ഷണങ്ങളും മറ്റും നടത്തിയിരുന്ന കുറെ ജർമ്മൻ ശാസ്ത്രജ്ഞന്മാരെ അമേരിക്കൻ സർക്കാർ, അമേരിക്കയിൽ പരീക്ഷണം നടത്താനായി കൊണ്ടുപോയ കാര്യം ചരിത്രത്തിൽ ഉള്ളതാണല്ലോ. ഈ ജർമ്മൻ ശാസ്ത്രകാരന്മാർക്കു ‘വൈമാനിക ശാസ്ത്രം’ എന്ന ഗ്രന്ഥം തങ്ങളുടെ നിർമ്മാണ പരീക്ഷണങ്ങൾക്കു പ്രചോദനം നൽകിയതായും പറയപ്പെടുന്നുണ്ട്. പണ്ഡിറ്റ് സുബ്ബരയ് ശാസ്ത്രി എഴുതിയ ‘വൈമാനിക ശാസ്ത്രം’ എന്ന പുസ്തകത്തെ കുറിച്ച് നമ്മുടെ ഇടയിൽ എത്രപേർക്കറിയാം? എന്നാൽ ഇന്ത്യയിലെ, ഇതുപോലെയുള്ള പ്രാചീന ഗ്രന്ഥങ്ങൾ വിദേശ വികസിത രാജ്യങ്ങളിൽ പഠനങ്ങൾക്കു വിധേയമാക്കാറുണ്ട് എന്നതാണ് സത്യം.