General Knowledge

ഗാന്ധിജിയും കേരളവും

ഒക്ടോബർ 2 – ഗാന്ധി ജയന്തിയോടനുബന്ധിച്ചു ഗാന്ധിജിയുടെ കേരളസന്ദർശനത്തെ കുറിച്ച് ഒരു എത്തിനോട്ടം.

നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത് സമിതി അംഗീകരിച്ച ശേഷം ഷൗക്കത്തലിയുമായി ഇന്ത്യമുഴുവൻ സഞ്ചരിക്കുന്നതിനിടക്കാണ് ഗാന്ധി ആദ്യം കേരളം സന്ദർശിച്ചത്. 1920 ഓഗസ്റ്റ് 18ന് അദ്ദേഹം കോഴിക്കോട് കടപ്പുറത്ത് നടന്ന യോഗത്തിൽ പ്രസംഗിച്ചു. അടുത്ത സന്ദർശനം വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു. 1924 മാർച്ച് 30ന് ആരംഭിച്ച ആ സത്യാഗ്രഹം ഗാന്ധിയുടെ നിർദ്ദേശപ്രകാരം തൽകാലത്തേക്ക് നീർത്തി വച്ചു. അദ്ദേഹം സവർണ്ണ ഹിന്ദുക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലം ആശാവഹമല്ലാത്തതിനെത്തുടർന്ന് ഏപ്രിൽ 7ന്‌ സത്യാഗ്രഹം പുനരാരംഭിച്ചു. ഗാന്ധിയുടെ നിർദ്ദേശപ്രകാരം നടത്തിയ അവർണ്ണ ജാഥ നവംബർ 13ന് തിരുവനന്തപുരം നഗരത്തെ പിടിച്ചു കുലുക്കി.

തുടർന്ന് 1925 മാർച്ച് 8ന് ഗാന്ധി വീണ്ടും കേരളത്തിൽ എത്തി. അദ്ദേഹം എറണാകുളം വഴി മാർച്ച് 10ന് വൈക്കത്ത് എത്തി സത്യാഗ്രഹികളോടൊത്ത് പ്രഭാത ഭജനയിൽ പങ്കെടുത്തു. പിന്നീട് തിരുവിതാംകൂർ പോലീസ് കമ്മീഷണർ പീറ്റുമായി ചർച്ച നടത്തി. 13ന് വർക്കല കൊട്ടാരത്തിൽ എത്തി തിരുവിതാംകൂർ റീജൻറ് റാണീ സേതുലക്ഷ്മി ബായിയുമായും ദിവാനുമായും ചർച്ച നടത്തി. ഇതിന്റെ ഫലമായി സത്യാഗ്രഹ സ്ഥലത്തെ പോലീസ് ഇടപെടൽ അവസാനിച്ചു. നവംബർ 23ന്‌ വൈക്കം ക്ഷേത്ര നിരത്തുകൾ പൊതുജനങ്ങൾ എല്ലാവർക്കുമായി തുറന്നുകൊടുത്തു. അദ്ദേഹം, ബാലനായ ചിത്തിര തിരുനാൾ, കൊച്ചി മഹാരാജാവ് എന്നിവരേയും സന്ദർശിച്ച് മാർച്ച് 19ന് പാലക്കാടു വഴി മടങ്ങി. ഈ വരവിൽ അദ്ദേഹം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രസംഗിച്ചു. ചാലക്കുടി, കൊച്ചി, വർക്കല എന്നിവിടങ്ങളിൽ അദ്ദേഹം യോഗം നടത്തി. മാർച്ച് 12ന്‌ ശ്രീ നാരായണഗുരു, കെ. കേളപ്പൻ എന്നീ കേരള നേതാക്കളെ അദ്ദേഹം സന്ദർശിച്ചു. ശ്രീ നാരായണഗുരുവിനെ സന്ദർശിച്ച ശേഷം ആണ് അദ്ദേഹം അവർണ്ണരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ തീരുമാനിച്ചത്. ദളിതന്മാരെ ഹരിജനങ്ങൾ എന്നാണ് അദ്ദേഹം സംബോധന ചെയ്തിരുന്നത്.

ഗാന്ധിജി മൂന്നാമതും കേരളത്തിലെത്തുന്നത് തിരുവാർപ്പ് ക്ഷേത്ര നിരത്തുകളിൽ അയിത്തജാതിക്കാരെ വഴിനടക്കാൻ അനുവദിക്കുന്നതിനായി തിരുവിതാംകൂർ രാജാവിനേയും റാണിയേയും കണ്ട് ചർച്ച നടത്താനാണ്. 1927 ഒക്ടോബർ 9ന് അവരുമായി സംസാരിച്ചശേഷം അദ്ദേഹം പാലാക്കാട്ട് കാമകോടി ശങ്കരാചാര്യരുമായും ചർച്ച നടത്തി. കോഴിക്കോട് സമ്മേളനത്തിൽ വച്ച് ‘അന്ത്യജനോദ്ധാരണ സംഘം’ എന്ന സംഘടനക്ക് രൂപം നൽകി. പാലക്കാട്ടും കോഴിക്കോട്ടും അദ്ദേഹം പ്രസംഗിച്ചു.

ഗാന്ധിജി നാലാമത് കേരളത്തിലെത്തുന്നത് 1934ൽ ജനുവരി 10 മുതൽ – 22വരെ ആണ്. ഹരിജൻ ഫണ്ട് ശേഖരണാർത്ഥം ആയിരുന്നു അദ്ദേഹം കേരളത്തിൽ എത്തിയത്‌. ഈ സന്ദർശനത്തിനിടയിൽ ആണ് “കൗമുദി” എന്ന പെൺകുട്ടി വടകരയിൽ വച്ച് തന്റെ ആഭരണങ്ങൾ ഗാന്ധിജിയ്ക്ക് സംഭാവന നൽകിയത്‌.

ഗാന്ധിജി അഞ്ചാമതായി (അവസാനമായി) കേരളം സന്ദർശിക്കുന്നത് 1937ൽ ജനുവരി 12 മുതൽ – 21വരെ ആണ്. ഇത് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

1 review

Varun February 22, 2021 at 4:15 pm
1 reviews
5.0/ 5

Leave a review

  • 1

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More