
അനൂപ് പെരിയൽ
മഴക്കാലത്തിന്റെ കുളിർമയും നിഷ്കളങ്കമായ ബാല്യകാല കൗതുകങ്ങളും ഒത്തുചേരുന്ന മനോഹരമായ ഒരു കവിതയാണിത്. മാനത്തുനിന്ന് വിരുന്നെത്തുന്ന കൊച്ചു മഴത്തുള്ളികളും, ഒഴുക്കുവെള്ളത്തിൽ തുഴഞ്ഞുപോകുന്ന കടലാസ് തോണികളും, സംഗീതം പോലെ മുഴങ്ങുന്ന തവളകളുടെ കരച്ചിലും പ്രകൃതിയുടെ ഉത്സവച്ഛായയെ വരച്ചുകാട്ടുന്നു. മഴ നനഞ്ഞു കുളിർത്തുനിൽക്കുന്ന ചെടികളും കാറ്റിൽ താളംപിടിക്കുന്ന പൂക്കളും വായനക്കാരെ വീണ്ടും ഓർമ്മകളുടെ മഴവഴികളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു അനുഭവമാണ് ഈ വരികൾ സമ്മാനിക്കുന്നത്.
മാനത്തെ മുറ്റത്ത് വിരുന്നു വന്നു
ചിരി തൂകി കൊച്ചു മഴത്തുള്ളി.
തുള്ളിത്തുളുമ്പുന്ന കുഞ്ഞുമഴ
മണ്ണിൽ മുത്തമിടാൻ പാറി വന്നു!
ചറ പറ പെയ്യുന്ന മഴയത്ത്
കടലാസ് തോണിയിറക്കാം ഞാൻ.
തവളക്കൂട്ടം കരയുന്നു
തകിലടി മേളം മുഴങ്ങുന്നു!
മുറ്റത്ത് ചെടികൾ കുളിച്ചു നിൽപ്പൂ
പുത്തനുടുപ്പിട്ടു പൂക്കളും.
തണുത്ത കാറ്റത്തു തുള്ളിച്ചാടി
താളം പിടിക്കാം കൂട്ടരേ.
#malayalam #poem #literacy #reading #online #magazines #writing #magazine #online
