Articles

രാധാകൃഷ്ണൻ ഉണ്ണികുളം: ബാലസാഹിത്യത്തിലേക്കുള്ള യാത്ര

കഥകളും കവിതകളും ലേഖനങ്ങളുമടക്കം വൈവിധ്യമാർന്ന സാഹിത്യസൃഷ്ടികളിലൂടെ മണിച്ചെപ്പിനൊപ്പം സഞ്ചരിക്കുന്ന എഴുത്തുകാരെ വായനക്കാർക്ക് പരിചയപ്പെടുത്തുന്ന പംക്തിയാണ് ‘മണിച്ചെപ്പിന്റെ എഴുത്തുകാർ’. ശ്രദ്ധേയമായ രചനകളിലൂടെ മണിച്ചെപ്പ് വായനക്കാരുടെ ഹൃദയത്തിൽ ഇടം നേടിയ രാധാകൃഷ്ണൻ ഉണ്ണികുളത്തെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അക്ഷരങ്ങളോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധവും സാഹിത്യയാത്രയും സർഗ്ഗസംഭാവനകളും ഈ ലക്കത്തിലൂടെ വായിച്ചറിയാം.

ബാലസാഹിത്യ രംഗത്തേക്ക് രാധാകൃഷ്ണൻ ഉണ്ണികുളം കടന്നുവന്നിട്ട് ഏകദേശം പന്ത്രണ്ട് വർഷങ്ങളേ ആയിട്ടുള്ളൂ. എന്നാൽ അതിനു വളരെ മുമ്പുതന്നെ വായനയോട് അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. ആറാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് പാഠ്യേതര പുസ്തകങ്ങൾ വായിച്ചു തുടങ്ങിയത്.  ‘സുജാതയും കാട്ടാനയും’ എന്ന ബാലനോവലാണ് ആദ്യമായി വായിച്ച പുസ്തകമെന്നാണ് അദ്ദേഹത്തിന്റെ ഓർമ്മ. പിന്നീട് വിക്രമാദിത്യ കഥകളും പഞ്ചതന്ത്രം കഥകളും ആയിരത്തൊന്ന് രാവുകളും തുടങ്ങി നിരവധി കൃതികൾ വായനയുടെ ലോകത്തേക്ക് അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചു.



വായന വളർന്നതോടെ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെയും വിദേശ എഴുത്തുകാരുടെയും നിരവധി കൃതികൾ അദ്ദേഹം വായിച്ചു. ബാല്യത്തിൽത്തന്നെ ബാലസാഹിത്യത്തോട് തോന്നിയ താൽപര്യമായിരിക്കാം പിന്നീട് കുട്ടികൾക്കു വേണ്ടിയുള്ള രചനകളിലേക്ക് തിരിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.

ബാലസാഹിത്യത്തിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ചന്ദ്രിക വാരാന്തപ്പതിപ്പ്, ചന്ദ്രിക ആഴ്ചപ്പതിപ്പ്, പ്രദീപം ദിനപത്രം, മാതൃഭൂമി വാരാന്തപ്പതിപ്പ് തുടങ്ങിയ ആനുകാലികങ്ങളിൽ അദ്ദേഹത്തിന്റെ കഥകൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ കുട്ടികൾക്കായി കഥകളെഴുതുന്നതിൽ പ്രത്യേകമായൊരു സന്തോഷം അദ്ദേഹം കണ്ടെത്തി.

മലയാളത്തിൻ്റെ അഭിമാനമായ എം .ടി യുടെ കട്ടൗട്ടിന് സമീപം, തിരൂർ തുഞ്ചൻപറമ്പിൽ.

പേരക്കുട്ടികൾക്ക് കഥകൾ പറഞ്ഞുകൊടുക്കുന്ന പതിവും അദ്ദേഹത്തിനുണ്ട്. പലപ്പോഴും സ്വന്തമായി ഉണ്ടാക്കിയെടുക്കുന്ന കഥകളായിരിക്കും അവ. പേരക്കുട്ടികളുടെ ചെറിയ ചെറിയ വികൃതികളിൽനിന്നുപോലും അദ്ദേഹത്തിന് കഥകൾ ലഭിക്കാറുണ്ട്. ഒരിക്കൽ പൂച്ചയെ എറിഞ്ഞപ്പോൾ പൈപ്പിന് പൊട്ടി വെള്ളമൊഴുകിയ സംഭവത്തിൽനിന്നും ഒരു കഥ പിറന്നു. മറ്റൊരിക്കൽ കരിങ്കണ്ണിയെ (പഴുതാര) കൊല്ലാനായി വടിയുമായി പേരക്കുട്ടി എത്തിയപ്പോൾ, അതിനെ കൊല്ലാതെ രക്ഷിക്കണമെന്ന ആശയത്തിൽ മറ്റൊരു കഥയും രൂപപ്പെട്ടു. കുട്ടികളുടെ നിഷ്കളങ്കമായ ലോകവും അവരുടെ കൗതുകങ്ങളും അദ്ദേഹത്തിന്റെ രചനകൾക്ക് പലപ്പോഴും പ്രചോദനമാകുന്നു.



ബാലഭൂമിയിലാണ് അദ്ദേഹത്തിന്റെ ആദ്യ ബാലകഥ പ്രസിദ്ധീകരിച്ചത്. തുടർന്ന് നിരവധി കഥകൾ ബാലഭൂമിയിൽത്തന്നെ പ്രസിദ്ധീകരിക്കപ്പെട്ടു. കുട്ടികളുടെ ദീപിക, തത്തമ്മ, മയിൽപ്പീലി, കുരുന്നുകൾ, മണിച്ചെപ്പ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹത്തിന്റെ രചനകൾ ഇടം നേടി. ബാലകവിതകൾ ഏതാനും മാത്രമേ എഴുതിയിട്ടുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട രചനകളെല്ലാം കഥകളാണ്.

ഔപചാരിക വിദ്യാഭ്യാസം പ്രീഡിഗ്രിയിൽ അവസാനിപ്പിക്കേണ്ടിവന്നു. തുടർപഠനത്തിന് സാഹചര്യങ്ങൾ അനുവദിച്ചില്ല. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കൂലിപ്പണിയിലും ഏർപ്പെടേണ്ടി വന്നെങ്കിലും അക്ഷരങ്ങളോടുള്ള ബന്ധം അദ്ദേഹം ഒരിക്കലും ഉപേക്ഷിച്ചില്ല. പിന്നീട് പഞ്ചായത്ത് വകുപ്പിൽ ജോലി ലഭിക്കുകയും 2015-ൽ വിരമിക്കുകയും ചെയ്തു. ജീവിതത്തിലെ പല പ്രയാസങ്ങൾക്കിടയിലും വായന അദ്ദേഹത്തിന് ഒരു ഔഷധംപോലെയായിരുന്നു.

വായന ദിനത്തിൽ ലൈബ്രറിയിൽ കുട്ടികളുമായി സംവദിക്കുന്നു.

എഴുത്തിന്റെ ആദ്യകാലങ്ങളിൽ വേണ്ടത്ര പ്രോത്സാഹനം ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഗ്രാമത്തിൽ എഴുത്തുകാരുടെ സാന്നിധ്യം വളരെ കുറവായിരുന്നു. ഉണ്ടായിരുന്ന ചിലർതന്നെ ഗ്രാമം വിട്ട് നഗരങ്ങളിലേക്ക് ചേക്കേറിയിരുന്നു. അതുകൊണ്ടുതന്നെ വായനയെയും എഴുത്തിനെയും പലരും കാര്യമായി വിലമതിച്ചിരുന്നില്ല. വിരലിലെണ്ണാവുന്ന ചിലരുടെ പ്രോത്സാഹനം മാത്രമാണ് ലഭിച്ചത്. മറ്റുള്ളവരിൽനിന്ന് പലപ്പോഴും പരിഹാസമാണ് നേരിടേണ്ടി വന്നത്. എന്നാൽ കാലം മാറി. ഇന്ന് അദ്ദേഹത്തിന്റെ രചനകൾ വായിക്കാനും അംഗീകരിക്കാനും ആദരിക്കാനും നിരവധി പേർ മുന്നോട്ടുവരുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് രാധാകൃഷ്ണൻ ഉണ്ണികുളം പറയുന്നു.

ഇതിനകം മൂന്ന് പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘അശ്വതി കരയുകയാണ്’ എന്ന കഥാസമാഹാരം, ‘എഴുതപ്പെടാത്തവൾ’ എന്ന നോവൽ, കുട്ടികൾക്കായി രചിച്ച ‘സുനന്ദയുടെ പൂച്ചകൾ’ എന്ന നോവൽ എന്നിവയാണവ. ‘സുനന്ദയുടെ പൂച്ചകൾ’ എന്ന കൃതി 2023-ൽ കോഴിക്കോട് ജില്ലയിലെ യു.പി. വിഭാഗം വായന മത്സരത്തിനായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ തിരഞ്ഞെടുത്തിരുന്നു.

ഇതിനു പുറമെ, മണിച്ചെപ്പിൽ പ്രസിദ്ധീകരിച്ച ‘കണ്ണൻ കുട്ടിയുടെ യാത്രകൾ’ എന്ന നോവലുൾപ്പെടെ മൂന്ന് പുസ്തകങ്ങൾ കൂടി പ്രസിദ്ധീകരണത്തിനായി നൽകിയിട്ടുണ്ട്. അവയിൽ രണ്ടും ബാലസാഹിത്യകൃതികളാണ് – ഒരു കഥാസമാഹാരവും ഒരു നോവലും.

ബാലസാഹിത്യകാരന്മാരുടെ കൂട്ടായ്മയായ ബാലസാഹിത്യവേദി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലും അദ്ദേഹം സജീവ അംഗമാണ്. മികച്ച എഴുത്തുകാർ ഉൾപ്പെടുന്ന ഈ കൂട്ടായ്മയിൽനിന്നുള്ള പ്രോത്സാഹനം തന്റെ എഴുത്തിന് വലിയൊരു മുതൽകൂട്ടാണെന്ന് അദ്ദേഹം കരുതുന്നു.

മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക കഥാപുരസ്കാരം, ഡോ. എ.പി.ജെ. അബ്ദുൽ കലാം സാഹിത്യശ്രീ പുരസ്കാരം, കേരള ബാലസാഹിത്യ അക്കാദമിപുരസ്കാരം തുടങ്ങി ഏതാനും അംഗീകാരങ്ങളും ഇതിനകം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

കുടുംബത്തോടൊപ്പം മനോജ് പരപ്പ

അജിതയാണ് ഭാര്യ. ജിനോഷ്, അശ്വനി പി.കെ. എന്നിവർ മക്കളാണ്. ശരത് ലാൽ, അശ്വനി വി.വി. എന്നിവർ മരുമക്കളും. മൂന്ന് പേരക്കുട്ടികളുമുണ്ട്.

ഇപ്പോൾ എഴുത്തും വായനയും നാട്ടിലെ സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് രാധാകൃഷ്ണൻ ഉണ്ണികുളം. ജീവിതപ്രയാസങ്ങൾക്കിടയിലും അക്ഷരങ്ങളെ കൈവിടാതെ, വായനയിൽ നിന്ന് എഴുത്തിലേക്കും അവിടെനിന്ന് ബാലസാഹിത്യത്തിന്റെ ലോകത്തേക്കും നടത്തിയ ഈ യാത്ര, അക്ഷരങ്ങളോടുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള സ്നേഹത്തിന്റെ കൂടി കഥയാണ്.

രാധാകൃഷ്ണൻ ഉണ്ണികുളത്തിന്റെ മുന്നോട്ടുള്ള എഴുത്തുയാത്രയ്ക്ക് മണിച്ചെപ്പിന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു. അക്ഷരങ്ങളോടുള്ള ഈ സ്നേഹവും യാത്രയും ഇനിയും നിരവധി മികച്ച രചനകൾക്ക് വഴിയൊരുക്കട്ടെ.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More