ഹുസ്ന സിനു
വിറക്കുന്ന കൈകളിൽ ഒരുപിടി മണ്ണെടുത്തു അവളുടെ ഖബറിൽ ഇട്ടു കണ്ണിലാകെ ഇരുട്ട് കയറുന്ന പോലെ കണ്ണിൽ നിന്നും ചുട്ടുപൊള്ളുന്ന വെള്ളം ധാരയായി പുറത്തേക്ക് ഒലിച്ചിറങ്ങുന്നുണ്ട്.
“നാഥാ എന്റെ പൊന്നുമോൾക്ക് നീ പൊറുത്തു നൽകേണമേ!! ഞങ്ങളെ ജീവനാണ് ശരീരമാറ്റു കിടക്കുന്നത്.” നെഞ്ചുപൊട്ടിക്കൊണ്ടു ബാപ്പ തിരിച്ചു വീട്ടിലേക്ക് നടന്നു നീങ്ങി.
പലതവണ കബറിസ്ഥാനിൽ വന്നു മടങ്ങിയിട്ടുണ്ടെങ്കിലും അന്നൊന്നും തോന്നാത്ത ഒരു വഴി ദൂരം. എത്ര നടന്നിട്ടും വീട്ടിലേക്ക് എത്തുന്നില്ല. അവൾക്ക് ഇന്നുവരെ ഞങ്ങളൊരു കുറവും വരുത്തിയിട്ടില്ല കളിയും ചിരിയുമായി കൂടെ ഉണ്ടായിരുന്നതാണ്. അവളുടെ എന്താഗ്രഹവും കൂടെ നിന്നു നടത്തിയിട്ടുള്ളൂ.
ഇന്നലെ രാത്രി ‘ഫോണിൽ കളിക്കാതെ കിടന്നുറങ്ങിക്കോ പരീക്ഷയാണെന്നും’ പറഞ്ഞു ഫോണ് മേടിച്ചു വച്ചതാണ് അവളുടെ ഉമ്മ. അതിനാണ് ഞങ്ങളെ തനിച്ചാക്കി പോയത്. വേണ്ടന്ന് പോലും പറയാനുള്ള അവകാശം മാതാപിതാക്കൾക്ക്…
ഈ കാലത്തിലെ അവരൊന്ന് തല്ലിയാലോ ചീത്ത പറയുമ്പോഴോ ജീവിതം അവസാനിച്ചെന്ന് ആരാ മക്കളെ നിങ്ങൾക്ക് പറഞ്ഞു തന്നത്? ഇത്രയും സ്നേഹിച്ചിട്ടും അതിനൊന്നും ഒരു വിലയില്ലല്ലോ. വീട്ടിലേക്ക് പോകും വഴി ഓരോന്ന് ആലോചിച്ചുകൊണ്ട് അവളുടെ ബാപ്പയുടെ കണ്ണുകൾ ഒഴുകിക്കൊണ്ടിരുന്നു. ഞങ്ങളോട് ഈ ചതി കാണിക്കേണ്ടിയിരുന്നില്ല പൊന്നു മോളെ. നീ ഞങ്ങളുടെ ജീവനായിരുന്നില്ലേ. ബാപ്പയുടെ മനസ്സപ്പോഴും ചോദ്യങ്ങളെ കൊണ്ട് വീർപ്പുമുട്ടുന്നുണ്ടായിരുന്നു. സ്വയം മരിക്കാൻ മാത്രം ഞങ്ങള് നിന്നോട് എന്ത് ചെയ്തു? എന്നിട്ട് എന്ത് ലാഭമാണ് ഉണ്ടായത്?ആരാണ് ജയിക്കുന്നത് ഇവിടെ?