“മണിച്ചെപ്പിന്റെ എഴുത്തുകാർ” എന്ന പംക്തിയിലൂടെ, മണിച്ചെപ്പിന് കഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങി വിവിധ സാഹിത്യസൃഷ്ടികൾ സംഭാവന ചെയ്ത എഴുത്തുകാരെ വായനക്കാർക്ക് പരിചയപ്പെടുത്തുകയാണ്. മണിച്ചെപ്പിന്റെ ആരംഭകാലം മുതൽ ശ്രദ്ധേയമായ രചനകളിലൂടെ ബാലവായനക്കാരുടെ മനസ്സ് കീഴടക്കിയ എഴുത്തുകാരിയാണ് വിജയ വാസുദേവൻ. അവരുടെ സാഹിത്യജീവിതവും സൃഷ്ടിപരമായ സംഭാവനകളുമാണ് ഈ ലക്കത്തിൽ പരിചയപ്പെടുത്തുന്നത്.
മലപ്പുറം ജില്ലയിലെ വട്ടംകുളം സി.പി.എൻ. യു.പി. സ്കൂളിലെ അധ്യാപികയായ വിജയ വാസുദേവൻ, അധ്യാപനത്തെ ഒരു തൊഴിൽ മാത്രമല്ല, സമൂഹ നിർമാണത്തിനുള്ള ദൗത്യമായാണ് കാണുന്നത്. വിദ്യാർത്ഥികളുടെ സർവതോമുഖമായ വളർച്ച ലക്ഷ്യമാക്കി വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന തിനൊപ്പം, നൃത്തം, സാഹിത്യം, കൗൺസിലിങ് എന്നീ മേഖലകളിലും സജീവ സാന്നിധ്യമാണ്. സർഗാത്മകതയും മാനവിക മൂല്യങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള അവരുടെ പ്രവർത്തനങ്ങൾ കുട്ടികളുടെയും വായനക്കാരുടെയും ഹൃദയങ്ങളിൽ പ്രത്യേക ഇടം നേടിയിട്ടുണ്ട്.

എഴുത്തുകാരി, അധ്യാപിക, കൗൺസിലർ എന്നീ നിലകളിൽ ഒരുപോലെ മികവ് തെളിയിച്ച അവർ, ബാലസാഹിത്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകി ഇന്നും സജീവമായി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.
കുട്ടികൾക്കായി നാല് ബാലസാഹിത്യ കൃതികൾ ഉൾപ്പെടെ ആകെ ഏഴ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാഹിത്യരംഗത്തെ സംഭാവനകൾക്ക് ഫ്രീഡം ഫിഫ്റ്റിയുടെ ഇടശ്ശേരി സ്മാരക പുരസ്കാരം, പാറ്റ് ടാഗോർ പുരസ്കാരം, എസ്. കെ. പൊറ്റെക്കാട്ട് സ്മാരക പുരസ്കാരം, കേരള ബാലസാഹിത്യ അക്കാദമിയുടെ കഥയ്ക്കുള്ള പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

കൂടാതെ, എൻ.ടി.യു. സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച കഥാപാത്രനിരൂപണ മത്സരത്തിൽ തുടർച്ചയായി രണ്ട് വർഷം രണ്ടാം സ്ഥാനവും, ജില്ലാതലത്തിൽ മൂന്ന് വർഷം ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.
മണിച്ചെപ്പ് ഉൾപ്പെടെയുള്ള പ്രമുഖ ബാലമാസികകളിൽ സ്ഥിരമായി എഴുതിവരുന്ന വിജയ, കുട്ടികളുടെ ചിന്താശേഷിയും ഭാവനയും മൂല്യബോധവും വളർത്തുന്ന നിരവധി കഥകളും ലേഖനങ്ങളും കവിതകളും വായനക്കാർക്ക് സമ്മാനിച്ചുവരുന്നു.
ലളിതവും ഹൃദയസ്പർശിയുമായ അവതരണശൈലിയിലൂടെ ബാലവായനക്കാരുടെ പ്രിയ എഴുത്തുകാരിയായി അവർ ശ്രദ്ധ നേടിയിട്ടുണ്ട്. ബാലസാഹിത്യ രംഗത്തെ ഈ സജീവ ഇടപെടലിന്റെ ഭാഗമായി, സി.ബി.എസ്.ഇ.യുടെ അടുത്ത അധ്യയനവർഷത്തെ നാലാം ക്ലാസ് മലയാളം പാഠപുസ്തക സമിതിയിൽ രചന നൽകി പ്രവർത്തിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഭാഷയും ജീവിതമൂല്യങ്ങളും ഒരുപോലെ പകർന്നു നൽകുന്ന രചനകളിലൂടെ വിദ്യാഭ്യാസ-സാഹിത്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ തുടരുകയാണ് വിജയ വാസുദേവൻ.

മലപ്പുറം ജില്ലയിലെ താനൂർ സ്വദേശിനിയായ വിജയ വാസുദേവൻ നിലവിൽ എടപ്പാളിലാണ് താമസം. ഭർത്താവ് വാസുദേവൻ. മകൻ ശ്രീരാം.
അധ്യാപനവും സാഹിത്യവും ഒരുപോലെ സമ്പന്നമാക്കിക്കൊണ്ടിരിക്കുന്ന വിജയ വാസുദേവന്റെ സർഗസപര്യ കൂടുതൽ ഉയരങ്ങളിലെത്തട്ടെ. ഇനിയും ഒട്ടേറെ മികച്ച ബാലസാഹിത്യ കൃതികൾ മലയാളത്തിന് സമ്മാനിക്കാൻ സാധിക്കട്ടെ – മണിച്ചെപ്പിന്റെ ഹൃദയംനിറഞ്ഞ എല്ലാ ആശംസകളും.
വിജയ വാസുദേവന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
മാഞ്ഞുപോകുന്ന പുഴ – കഥാസമാഹാരം
കൗതുകം കൊണ്ട് കണ്ണെഴുതിയവൾ – കഥാസമാഹാരം
ബാല്യം – ബാലസാഹിത്യം
അക്ഷരമൊരു അതിശയം – ബാലസാഹിത്യം
കിങ്ങിണി കിലുക്കം – ബാലസാഹിത്യം
കുട്ടിക്കൊരു കൂട്ട് – ബാലസാഹിത്യം
ഒറ്റയാനും മറ്റു കഥകളും – ബാലസാഹിത്യം
