മണിച്ചെപ്പ് മാഗസിൻ തുടങ്ങിയ കാലം മുതലുള്ള ഒരു സൗഹൃദമായിരുന്നു ഞാനും, മലയ് പബ്ലിക്കേഷന്റെ ചീഫ് എഡിറ്റർ തോമസ് ചേട്ടനും തമ്മിൽ ഉണ്ടായിരുന്നത്. നിരവധി ഫോൺകാളുകളിലൂടെ അത് ഇന്നും തുടർന്നു പോകുന്നുണ്ട്. അതിനിടെ തമ്മിൽ നേരിട്ട് കാണുവാൻ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെയും, എന്റെയും ചില അസൗകര്യങ്ങളാൽ അതിന് സാധിച്ചിരുന്നില്ല.
താമസിയാതെ ഞങ്ങൾ തമ്മിൽ നേരിട്ട് കാണുവാനുള്ള അവസരം വന്നുചേർന്നു. അതും ഷാർജയിൽ വച്ച്. ഷാർജയിൽ അന്താരാഷ്ട്ര പുസ്തകമേള നടക്കുന്ന സമയം കൂടിയായിരുന്നു അത്. അങ്ങനെ ഞങ്ങൾ നേരിട്ട് കാണുവാൻ തന്നെ തീരുമാനിച്ചു. ഞാൻ അദ്ദേഹം താമസിക്കുന്ന ഇടത്തേയ്ക്ക് ചെന്നു. പിന്നീട് നടന്നത് മണിക്കൂറുകളോളം നീണ്ടു നിന്ന വിശേഷങ്ങൾ പങ്കുവയ്‌ക്കലുകൾ ആയിരുന്നു, അതിൽ കൂടുതലും മണിച്ചെപ്പും, മലയ് പബ്ലിക്കേഷനും ആയിരുന്നു.
അതിനിടെ അദ്ദേഹത്തിന്റെ സുഹൃത്തും (ഇപ്പോൾ എന്റെയും), ക്യാമ്പ് ഫയർ ഗ്രാഫിക് നോവൽസിന്റെ സാരഥിയുമായ, മുനേന്ദ്രയെ വിളിച്ചു വരുത്തി. (അദ്ദേഹവും അതെ ഹോട്ടലിൽ ആയിരുന്നു താമസിച്ചിരുന്നത്). ഡൽഹി കേന്ദ്രമായി ഗ്രാഫിക് നോവലുകൾ പബ്ലിഷ് ചെയ്ത് ലോകമെമ്പാടും വിതരണം ചെയ്യുന്ന ഒരു സ്ഥാപനമാണ് ക്യാമ്പ് ഫയർ.
പിന്നീട്, അദ്ദേഹവും ഞങ്ങളോടൊപ്പം വിശേഷങ്ങൾ പങ്കുവെച്ചു. എന്നെ പരിചയപ്പെടുത്തുന്നതിനോടൊപ്പം, മണിച്ചെപ്പിനെ കുറിച്ച് തോമസ് ചേട്ടൻ തന്നെ മുനേന്ദ്രയോട് വിവരിച്ചു. അദ്ദേഹം കൗതുകത്തോടെ മണിച്ചെപ്പിനെ കുറിച്ച് എന്നോടും ചോദിച്ചറിഞ്ഞു.
ആ സായാഹ്നം മണിച്ചെപ്പിന്റെയും, മലയ് പബ്ലിക്കേഷന്റെയും സൗഹൃദം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നതായി മാറി. മുന്നോട്ടുള്ള യാത്രയിൽ നമ്മുടെ വായനക്കാർക്കായി ഒട്ടേറെ കാര്യങ്ങൾ ഒരുമിച്ചു ചെയ്യാം എന്നും മണിച്ചെപ്പിന്റെ ഒരു ഓർമ്മപതിപ്പ് പഴയ കാല രീതിയിൽ പ്രിന്റായി പ്രസിദ്ധീകരിക്കാൻ ഒരുമിച്ചു ശ്രമിക്കാനുള്ള ആഗ്രഹത്തോടെയുമാണ് ഞങ്ങൾ പിരിഞ്ഞത്. അവിടെ നിന്നും ഇറങ്ങുമ്പോൾ മലയ് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ഒരുപിടി കോമിക് ബുക്കുകളും തോമസ് ചേട്ടൻ എനിക്ക് സമ്മാനിച്ചു. നന്ദി തോമസ് ചേട്ടാ… മുന്നോട്ടുള്ള യാത്രക്ക് താങ്കൾക്കും, മലയ് പബ്ലിക്കേഷനും സർവ്വവിധ ആശംസകളും നേരുന്നു.
വരുൺ
ചീഫ് എഡിറ്റർ
മണിച്ചെപ്പ്
#malayalam #magazines #release #comics #kerala #entertainment #books #manicheppu #OnLine #malaypublications #readers #literacy #printing