ജോസ് പ്രസാദ്
കൊന്നച്ചെടിയിൽ മഞ്ഞപ്പൂക്കൾ
നിന്നു കുണുങ്ങുന്നു
കള്ളക്കാറ്റോ ഒന്നു പതുങ്ങി
ചില്ല കുലുക്കുന്നു.
മുമ്പു വിരിഞ്ഞവ മെല്ലെയടർന്ന്
വർണം വിതറുന്നു.
കണിയാവാനായ് വെള്ളരി,
പാടം വിട്ടു കടക്കുന്നു
മഞ്ഞവെയിൽ ഈ കാഴ്ചകളെല്ലാം
കണ്ടു ചിരിക്കുന്നു.
ഓട്ടിന്നുരുളി ചേച്ചിയെടുത്ത്
തേച്ചു മിനുക്കുന്നു.
പറയിൽ നിറയ്ക്കാൻ നെല്ലിന്നമ്മ
ഉറിയിൽ പരതുന്നു.
കൈനീട്ടത്തിനു ചില്ലറ തേടി
കാർന്നോരലയുന്നു.
സംക്രമണത്തിന്നാകാശത്തിൽ
സൂര്യനൊരുങ്ങുന്നു.
കണ്ടവയൊന്നും മിണ്ടേണ്ടെന്നു
വിഷുക്കിളി പാടുന്നു.
കയ്യിൽ മുരളി പിടിച്ചൊരു കണ്ണൻ
കണ്ണുകൾ ചിമ്മുന്നു..!
#malayalam #poem #literacy #reading #online #magazines #writing