മൈക് ഷൂൾസ്
ജർമൻ ചിത്രകാരനും കഥാകൃത്തുമായ മൈക് ഷൂൾസ് എഴുതി ചിത്രീകരിച്ച കഥയുടെ മലയാള ആവിഷ്കാരം.
ദൂരെ ഒരിടത്ത് ഒരു പെട്ടി നിറയെ പല നിറങ്ങളിലുള്ള ചെറു ചതുരക്കട്ടകൾ ഉണ്ടായിരുന്നു. ആ ചതുരക്കട്ടകളുടെ ഇടയിലാണ് നമ്മുടെ കഥാനായകനായ നീല ചതുരക്കട്ടയും താമസിച്ചിരുന്നത്. ഈ പെട്ടിയുടെ ഉടമസ്ഥൻ ആ വീട്ടിലെ ഒരു കൊച്ചു കുട്ടിയാണ്.
ആ കുട്ടി പെട്ടിയുമെടുത്തു കളിക്കാൻ പോകുമ്പോൾ അതിനുള്ളിലെ എല്ലാ കട്ടകൾക്കും വളരെ സന്തോഷമായിരുന്നു, നീല കട്ടക്ക് ഒഴികെ. അവൻ ഇപ്പോഴും വിഷണ്ണനും ഒരു കളികളിലും സംതൃപ്തി ഇല്ലാത്തവനും ആയിരുന്നു.
മറ്റു കളിപ്പാട്ടങ്ങളുമായി കുട്ടി കളിക്കുമ്പോൾ നീലക്കട്ട അവയോടു അസൂയാലുവാകും, കാരണം അവൻ കരുതുന്നത് മറ്റു കളിപ്പാട്ടങ്ങൾ തന്നെക്കാളും മികച്ചതായതുകൊണ്ടല്ലേ ആ കുട്ടി തന്നെ ഒഴിവാക്കി അവയോടു കളിക്കുന്നത്.
അങ്ങനെയിരിക്കെ, ഒരു ദിവസം ആ കുട്ടി ഒരു പന്തുമെടുത്തു കളിക്കുകയായിരുന്നു. അത് നീലകട്ടക്ക് സഹിക്കാവുന്നതിലും അപ്പുറമായി. താനും ഒരു പന്തായി മാറിയെങ്കിൽ എന്നവൻ ആഗ്രഹിച്ചു.
വർഷത്തിലൊരിക്കൽ എല്ലാപേർക്കും ഒരു ഭാഗ്യദിനം ഉണ്ടാകുമെന്നു കേട്ടിട്ടില്ലേ? മാലാഖ അനുഗ്രഹം തരുന്ന ദിവസം! ഒരുപക്ഷേ, നമുക്കാർക്കും അറിയില്ല എപ്പോഴാണ് നമ്മളുടെ ഭാഗ്യദിനം വരുന്നതെന്ന്. നമ്മൾ വിഷമിച്ചിരിക്കുമ്പോൾ സന്തോഷം തരുന്ന മാലാഖ! ആ ദിവസം നമ്മൾ എന്ത് ആഗ്രഹിച്ചാലും ആ മാലാഖ നമ്മുടെ ആഗ്രഹം നടത്തി തരും.
അതെ, അന്ന് നീലക്കട്ടയുടെ ഭാഗ്യദിനമായിരുന്നു. അതേ ദിവസമാണ് അവൻ വിഷണ്ണനായി കാണപ്പെട്ടതും ഒരു പന്തായി മാറിയെങ്കിൽ എന്ന് ആഗ്രഹിച്ചതും. അങ്ങനെ ആ നീലപ്പന്തും മാലാഖയായി അനുഗ്രഹിക്കപ്പെട്ടു.
പെട്ടെന്ന് ഒരു ശബ്ദം! “പ്ലോപ്”….അവൻ ഒരു നീല പന്തായി മാറി!
അവൻ വളരെ സന്തോഷവാനായി. അവൻ ഉരുണ്ടു നോക്കി. അതേ താൻ ഇപ്പോൾ ഒരു പന്തായി മാറിയിരിക്കുന്നു!
അവിടെ കളിച്ചുകൊണ്ടിരുന്ന കുട്ടി അതിശയത്തോടെ ആ പന്തെടുത്തു ഉയരത്തിൽ എറിഞ്ഞു പിടിച്ചു കളിച്ചു. നീലപ്പന്ത് ആദ്യമായിട്ടാണ് ഇത്രയും ഉയരെ പറക്കുന്നത്. അവന്റെ സന്തോഷം ഇരട്ടിച്ചു. പക്ഷെ കളിയുടെ അവസാനം ആ കുട്ടി പന്ത് കൈയിലെടുക്കാതെ മാറിപ്പോയി. നീലപ്പന്ത് താഴെവീണു. ‘ഹമ്മേ’…അവനു നല്ലവണ്ണം വേദനിച്ചു.
എന്നാലും അവന്റെ സന്തോഷം വിട്ടുപോയില്ല. തന്റെ ആഗ്രഹങ്ങൾ നടക്കുന്നു എന്നവൻ തിരിച്ചറിഞ്ഞു. ഇനിയും പന്തായി തന്നെ തുടരേണ്ട, വേറെന്തെങ്കിലും രൂപം സ്വീകരിക്കാം.
അവൻ ചുറ്റും നോക്കിയപ്പോൾ അവിടെ കുറച്ചു മൃഗങ്ങളുടെ കളിപ്പാട്ടങ്ങൾ കണ്ടു.
ആ കളിപ്പാട്ടങ്ങളിലേക്കുള്ള അവന്റെ നോട്ടം കണ്ടപ്പോൾ തന്നെ മാലാഖക്കു കാര്യം പിടികിട്ടി.
അടുത്ത ശബ്ദം! “പ്ലോപ്”..
അതാ, നീലപ്പന്ത് ഒരു നീല കരടിപ്പാവയായി മാറി!
അവന് വീണ്ടും സന്തോഷം ഇരട്ടിച്ചു.
അതേ സമയം കളിച്ചു ക്ഷീണിച്ചു വിശ്രമിച്ചുകൊണ്ടിരുന്ന കുട്ടി തിരികെ വന്നു നീലപ്പന്തിനായി തിരഞ്ഞു. പക്ഷെ കിട്ടിയത് നീല കരടിപ്പാവയും.
പക്ഷെ കരടിയുടെ നീല നിറം കുട്ടിക്ക് വികൃതമായി തോന്നി. ഇതിനു ധരിക്കാൻ എന്തെങ്കിലും കൊടുക്കണം. ആ കുട്ടി പെട്ടികളിലെല്ലാം വസ്ത്രത്തിനായി തിരഞ്ഞു.
ആദ്യം, മഞ്ഞയും ചുവപ്പും വരകളുള്ള ഒരു തുണിയാണ് കൈയിൽ കിട്ടിയത്. പക്ഷെ ആ കുട്ടിക്ക് അത് ഇഷ്ടമായില്ല. അതൊരു വേനൽക്കാല വസ്ത്രമാണ്, ഈ തണുപ്പത്ത് അത് ശെരിയാകില്ല, ഇങ്ങനെ പോയി കുട്ടിയുടെ ചിന്തകൾ.
പിന്നീട് ഒരു പച്ച നിറമുള്ള ജോഗിങ് സ്യുട്ട് ആണ് കിട്ടിയത്, അതും നീല നിറവുമായി ചേരില്ല. അങ്ങനെ ഓരോന്നും ആ കുട്ടി വലിച്ചെറിഞ്ഞു. അതെല്ലാം ചെന്ന് വീഴുന്നതോ പെട്ടിയിൽ ഇരുന്ന കരടിപാവയുടെ മുകളിൽ.
അപ്പോൾ ഈ കരടിപ്പാവയുടെ രൂപം ഇനി ശെരിയാകില്ല എന്ന് നീലക്കട്ടക്ക് മനസ്സിലായി. പോരാത്തതിന് ആ കുട്ടി തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു ഡ്രെസ്സുകളുടെ ഇടയിൽ അവൻ കുടുങ്ങിക്കിടന്നു.
പക്ഷെ ഒരുപാട് സമയമായിട്ടും കുട്ടിയെ കണ്ടില്ല. അപ്പോഴാണ് ഒരു ശംബ്ദം കേട്ടത്,…”വ്റൂം…വ്റൂം…വ്റൂം..”.
അതേ ആ കുട്ടി ഇപ്പോൾ കാറുകളുമായി കളിക്കുകയാണ്. അപ്പോൾ നീല കരടിപ്പാവ ശെരിക്കും പേടിച്ചു. അപ്പോൾ തൻ ഈ വസ്ത്രങ്ങൾക്കിടയിൽ തന്നെ കുടുങ്ങികിടക്കുമോ ഇനിയുള്ള കാലം?
ഇനി താൻ ഒരു കാർ ആയി മാറുന്നതാകും നല്ലത്. സ്ട്രീറ്റിന്റെ ചിത്രം പതിച്ച മാറ്റിന് മുകളിലൂടെ ഒരു കാർ ആയി ഓടുക. അവന്റെ അടുത്ത ആഗ്രഹം അതായിരുന്നു.
മാലാഖ രണ്ടു തവണ കണ്ണടച്ചു. “പ്ലോപ്..” ശബ്ദം വീണ്ടും!
അവൻ ശെരിക്കും ഒരു നീല കാർ ആയി മാറിക്കഴിഞ്ഞു!
നല്ല നീല കളറിൽ സ്റ്റിയറിങ്ങും ചക്രവുമൊക്കെയായി നിൽക്കുന്ന കാർ കണ്ടു കുട്ടി അതിശയിച്ചു!
ആ കുട്ടി കാറെടുത്തു തറയിലൂടെ ഓടിച്ചു കളിച്ചു. അലമാര വരെപോയി കാർ തിരിച്ചു വന്നു. വായുവിൽ പന്തായി ഉയർന്നു കാലിച്ചതുപോലെ തന്നെ ഇതും നല്ല രസമായി നീലക്കട്ടക്ക് തോന്നി.
എന്തായാലും നേരത്തെ ഉണ്ടായത് പോലെ താഴെ വീഴില്ലല്ലോ. പക്ഷെ ആ സന്തോഷം വളരെ നേരം നീണ്ടു നിന്നില്ല. കാറുമായി കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് ആവേശമായി. അവൻ തന്റെ കാറുകൾ വച്ച് ‘കാർ ആക്സിഡന്റ്’ കളി തുടങ്ങി. കാറുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചായിരുന്നു ആ കളി. അതിൽ കുട്ടി ആനന്ദം കണ്ടെത്തുകയും ചെയ്തു. നമ്മുടെ നീല കാറിന് അത് അത്ര രസമായി തോന്നിയില്ല.
അവസാനം ആ കളി നിർത്തിയപ്പോഴാണ് നീല കാറിന് ശ്വാസം നേരെ വീണത്.
പിന്നീട്, ആ കുട്ടി നേരെ പോയത് നീലക്കട്ടയുടെ സഹോദരങ്ങൾ താമസിക്കുന്ന പെട്ടിയുടെ അടുത്തേക്കാണ്. അതെല്ലാം വച്ച് ഒരു ചെറിയ ഫാം ആണ് അവൻ ഉണ്ടാക്കുന്നത്. അതിൽ പശുവും, കുതിരയും, പന്നിയുമെല്ലാം ഉണ്ട്.
അത് കണ്ടപ്പോൾ താൻ പഴയ നീല കട്ടയായി തന്നെയിരുന്നാൽ മതിയായിരുന്നു എന്ന് അവനു തോന്നി തുടങ്ങി. ഇന്ന് ആ വീടിന്റെ ഭാഗമാകാം, നാളെ ഏതെങ്കിലും കോട്ടയുടെ ഭാഗമാകാം അങ്ങനെ..അങ്ങനെ..
പക്ഷെ തൻ ഇപ്പോൾ നീല കാർ ആണ് ഇനി മാറാൻ കഴിയുമോ? അവൻ വിഷമത്തിലായി.
അപ്പോഴേക്കും മാലാഖക്ക് ഇനി രൂപമാറ്റം കൊടുക്കാൻ കഴിയുമായിരുന്നില്ല. അവളുടെ അന്നത്തെ കാഴ് മുഴുവൻ ഉപയോഗിച്ച് കഴിഞ്ഞിരുന്നു. അതറിഞ്ഞ മാലാഖയുടെ മുത്തശ്ശി
നീലക്കാറിന്റെ സഹായത്തിനെത്തി.
ഒരു ദീർഘ നിശ്വാസമെടുത്തു ചെവിയിൽ തലോടിക്കൊണ്ട് ആ മാലാഖ മുത്തശ്ശി നീലക്കാറിന് നേരെ കൈ ചൂണ്ടി.
“പ്ലോപ്..”
അത്ഭുതം! നീല കാർ വീണ്ടും നീല കട്ടയായി മാറി!
വീട് ഉണ്ടാക്കികൊണ്ടിരുന്ന കുട്ടി ചുറ്റും നോക്കിയപ്പോൾ നീലക്കട്ട അവന്റെ കണ്ണിൽ പെട്ടു. അവൻ അതെടുത്തു വീടിന്റെ ചിമ്മിനിയായി ഉപയോഗിച്ചു. നീലക്കട്ട സന്തോഷവാനായി. അവൻ പിന്നീട് ഒരിക്കലും മറ്റു രൂപത്തിലേക്ക് മാറാൻ ആഗ്രഹിച്ചില്ല.
മറ്റു കട്ടകളും പല രൂപത്തിലേക്ക് മാറാൻ ആഗ്രഹം പറഞ്ഞപ്പോൾ നീലക്കട്ട തന്റെ കഥ അവരോടും പറഞ്ഞു.
എന്നിട്ടു അവസാനം ഇങ്ങനെ പറഞ്ഞു, ” എന്നെ വിശ്വസിക്കൂ, നമ്മൾ നീലക്കട്ടയായും, ചുവന്ന കട്ടയായും, മഞ്ഞക്കട്ടയായും ഇരിക്കുന്നതിനേക്കാൾ ഭംഗി വേറൊന്നും ആയാൽ
കിട്ടില്ല…”
1 comment
അക്കരപ്പച്ച എന്ന് നമ്മൾ പറയാറുള്ളത് ഇതിനെയല്ലേ കഥ Super ആശംസകൾ, അഭിനന്ദനങ്ങൾ