കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലാണ് എഴുത്തുകാരിയായ സുജ ശശികുമാർ ജനിച്ചത്. ചെറുപ്പം മുതൽ തന്നെ വായനയിലും എഴുത്തിലും ആഴമുള്ള താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന അവർ, പിന്നീട് സാഹിത്യരംഗത്ത് സ്വന്തമായൊരു വ്യക്തിത്വം സൃഷ്ടിച്ചു.
ശ്രീ. കേളുക്കുട്ടി നായരും (കെ.എസ്.ഇ.ബി.), ചേനച്ചം കുഴിയിൽ ശോഭനഅമ്മയും ആണ് അവരുടെ മാതാപിതാക്കൾ. സഹോദരൻ ശ്രീ. സതീഷ്കുമാർ കെ.എസ്.ഇ. ബി. സീനിയർ സൂപ്രണ്ട് ആണ്. കുടുംബത്തിന്റെ പ്രോത്സാഹനവും വിദ്യാഭ്യാസത്തിനോടുള്ള ആത്മാർഥതയും അവരുടെ സൃഷ്ടിപരമായ വളർച്ചയ്ക്ക് വഴിതെളിച്ചു.
വിദ്യാഭ്യാസജീവിതം ഉണ്ണികുളം ജി.യു.പി സ്കൂളിലും, കുട്ടമ്പൂർ ഹൈസ്കൂളിലും തുടർന്ന് ബാലുശ്ശേരി അക്കാഡമിക് കോളേജിലും പൂർത്തിയാക്കിയ ശേഷം, ബാലുശ്ശേരി ഹിന്ദി കോളേജിൽ ഹിന്ദി ടി.ടി.സി. നേടി. കൂടാതെ, നന്മണ്ട കമ്പ്യൂട്ടർ സെന്ററിൽ നിന്നും കമ്പ്യൂട്ടർ കോഴ്സും ചെയ്തു. പഠനകാലത്ത് തന്നെ കവിതകളിലും, കഥകളിലും സജീവമായിരുന്നു.
സ്കൂൾ തലം തൊട്ടേ ഡാൻസിനും, പാട്ടിനും എല്ലാം സജീവമായിരുന്ന സുജക്ക് അതിലൂടെ ധാരാളം സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. പിന്നീട്, നിരവധി സാഹിത്യ കൂട്ടായ്മകളിൽ സുജയും ഭാഗമായിട്ടുണ്ട്. കലാകൗമുദി പോലുള്ള മുഖ്യധാരാ മാസികകളിലും, വിദ്യാഭോഷിണിയിലും, സ്കൂൾ മാഗസിനുകളിലും കഥകളും, കവിത
കളും, അതുപോലെ തന്നെ മുഖം മാസികയിൽ കഥകളും വന്നിട്ടുണ്ട്. ‘നീ എന്നിലെ വെളിച്ചം’ (കവിത സമാഹാരം), ദേവൂട്ടിയുടെ കാക്കപുരാണം (ബാലസാഹിത്യം) എന്നിവ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്.

‘നീ എന്നിലെ വെളിച്ചം’ എന്ന കവിത സമാഹാരത്തിന് 2019-20 വർഷത്തെ പ്രൊഫസർ ബി. ഹൃദയകുമാരി പുരസ്കാരം ലഭിച്ചു. 2022 ൽ ശ്രീനാരായണ ഗുരു നവോത്ഥാന ക്രീയേഷൻ ആലപ്പുഴയുടെ വക സുഗതകുമാരി പുരസ്കാരവും, ബുക്ക് കഫെയുടെ മലയാള കാവ്യ പുരസ്കാരവും, വനിതാദിന കവിത മത്സരങ്ങളിൽ രണ്ടാം സ്ഥാനവും, 2025 ൽ ഓണക്കാലത്ത് വിഷയാധിഷ്ഠിത കഥാ രചന മത്സരത്തിൽ ഒന്നാം സ്ഥാനവും, ദേവൂട്ടിയുടെ കാക്കപുരാണം എന്ന ബാലകഥാ സമാഹാരത്തിന് 2025 ൽ ബോധി മാഗസിന്റെ ബാലാർക്ക ബാലസാഹിത്യ പുരസ്കാരവും കിട്ടി.
ഇപ്പോൾ ബാലസാഹിത്യ രംഗത്ത് കൂടുതൽ സജീവമായി പ്രവർത്തിക്കുന്ന സുജ ശശികുമാർ, പുറത്തിറങ്ങാനിരിക്കുന്ന പുതിയ പുസ്തകങ്ങളുമായി വായനക്കാരെ വീണ്ടും ആകർഷിക്കാൻ ഒരുങ്ങുകയാണ്.
ഭർത്താവ്: മീത്തലെ വീട്ടിൽ, ശ്രീ. ശശികുമാർ (ഇലക്ട്രിക്ക് കോൺട്രാക്ട് വർക്ക്).
മക്കൾ: ശരണ്യ, സൂര്യദേവ്.
വിലാസം: ‘കൃഷ്ണകൃപ’ മിത്തലെ വീട്ടിൽ, നന്മണ്ട പി.ഒ., കോഴിക്കോട് – 673513

വെയിൽച്ചില്ല തളിർത്തപ്പോൾ ഉരുണ്ടുകൂടിയത്
(കഥാസമാഹാരത്തിന്റെ അവതാരിക – ശിവൻ സുധാലയം)
കോഴിക്കോട് നന്മണ്ടയിലെ സുജ സമകാലികങ്ങളിലെ നല്ല വിചാരക്കാരിയാണ്. പുറമേരിയും പിഷാരിക്കാവും കൊയിലാണ്ടിയും ഒക്കെ ഊട്ടിയും ഉഴുതും മുന്നിട്ട ഒരു ഭൂതം ഇവർക്കുണ്ട്.
കുട്ടികൾക്ക് വേണ്ടി, ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും ശ്രദ്ധേയമായ ചെറു രചനകളും കുഞ്ഞു കഥകളും ഹൃദയഹാരിയായി പുറപ്പെട്ട് നമുക്ക് മുന്നിലേക്ക് വരാറുണ്ട്.ക്ഷിപ്രങ്ങളിൽ കൂനിക്കൂടി ഇരിക്കാൻ പാകപ്പെടാത്ത ഒരു ജന്മം.
കൃത്യങ്ങളിൽ സുകൃതികളെ വിരിയിച്ചെടുക്കാൻ സുജക്ക് പ്രത്യേക കഴിവുണ്ട്. ഇതാ ഏറെ ശ്രദ്ധിക്കപ്പെട്ടു പോവും എന്നുറപ്പുള്ള മുപ്പത്തിമൂന്ന് കഥകൾ. അഹമ്മതി തൊട്ടുതീണ്ടാത്ത എഴുത്തുബലം.
നോക്കാം നമുക്ക് ചിലത്…
പരിചിതനായ അപരിചിതൻ എന്ന കഥയിൽ ഒരു ഉമ്മ – ഉപ്പ ബന്ധമുണ്ട്. കനലിൽ വിരിയിച്ചെടുത്ത വികാര സമുദ്രം. ഉമ്മ ഉപ്പ ബന്ധങ്ങളുടെ നേർവര ആയി നമുക്ക് കഥയെ നെഞ്ചേറ്റാം. നാട്ടുമാങ്ങ ഈ രചനയിലെ നായകന് ദേവൂട്ടി ആണ് തുണ.അവൻ്റെ മനസ്സ് അങ്ങനെ രൂപപ്പെടുത്തി.
ക്രൂര വിചാരങ്ങൾ ഒടുവിൽ ഒരു കൊലയിലേക്ക് എത്തുമ്പോഴും വിലാപാങ്ങളുടെ ഊഞ്ഞാൽക്കുഴയിൽ അനുവാചകൻ വെപ്രാളം കൊള്ളുന്നു. നുണ എന്ന കഥ ദിക്ക് മുറിച്ച പ്രണയരാജ്യത്തെ തടവുകാരൻ്റേതാണ്. യാത്ര.. പുഴ മുറിച്ചു കടന്ന് ഒരു വിധ ഏടാകൂടവും കൂടാതെ സമന്വയിച്ച ആവിഷ്കാരം. കടൽ പറയുക അവളുടെ കടലിഷ്ടങ്ങൾ ആവുമ്പോൾ മണൽ ഒരു ബിംബതുലനം സാധിച്ചെടുക്കുന്നു.
മതിൽ വർത്തമാനകാലത്തിൻ്റെ അന്യമതിലുകളെ കലഹം കൊണ്ട് വേർതിരിച്ച് കാലത്തിലേക്ക് തൂക്കിക്കെട്ടുന്നു വാക്കിൻ്റെ മിനുസം കൊണ്ട് ച്യുതി വരാത്ത എഴുത്തുപുഷ്ടി. കണ്ണട ഉൾബലമാണ്. ഉത്തമമായ കാഴ്ച്ച ഉൾക്കാഴ്ച്ച എന്നിവ കൊണ്ട് തീർച്ചപ്പെട്ട എഴുത്ത്. പറയാതെ വയ്യ.
നിറമില്ലാത്ത മോഹം എന്ന ആഖ്യാനം യാത്ര കൊതിച്ച് മരണത്തിലേക്ക് ചെന്നെത്തുന്ന വിധസാരങ്ങളെ കുലുക്കി മറിക്കുന്നു. ഒറ്റവാക്കിൽ ഉത്തരം എന്നുള്ള ചെറു കഥാ മനസ്സിൽ തുന്നിവെച്ച മൗനത്തെ കുറിച്ച് പറയുകയാണ്. വ്യവസ്ഥാപിതങ്ങളായ ജീവന വിന്യാസങ്ങളെ കടം കയറി ഒറ്റക്കയറിൽ കുരുക്കുന്ന വിശപ്പ് ഞാൻ പലവുരു വായിച്ചു…നിഴൽ ചിലപ്പോ ഒരു ബോധമാണ് എന്ന് സുജയ്ക്കറിയാം.
അവസാന ഫലം എന്ന രചന മോഹത്തിൽ കിളിർത്ത ചില്ലുകൊട്ടാരം പോലെ സുന്ദരം. ജീവിതം ഒരിക്കലും ഒരു വിഴുപ്പല്ല എന്നും അതിജീവനം ഒരു തുറന്നു സ്നേഹിക്കലാണ് എന്നും കഥാകാരിക്ക് തീർച്ച.
പെണ്ണുകാണൽ എന്ന പേരിൽ ഉള്ള കഥ ഒരു വിധ കെട്ടുപാടുകളും ഇല്ലാത്ത വീട് സ്വർഗ്ഗം പോലെ നമുക്ക് കിട്ടുന്നു. അമ്മയുടെ കോടതി ഒരു പ്രസന്ന വിതാനമാണ്. ഏറെ മാനങ്ങളുള്ള സൃഷ്ടി.
അനുകൂലങ്ങളിൽ മാത്രം ചമ്മണം പടിഞ്ഞിരുന്നുകൊണ്ട് ഒരു കുന്നിൻ്റെ കൂമ്പ് തൊടാൻ വയ്യ എന്ന് സുജക്കറിയാം. നേർത്തും പേർത്തും നടന്നുകൊണ്ട് കർമ്മം പഠിക്കുമ്പോൾ ലോകനാർ കാവും തളിയും മന്ത്രഗീതങ്ങളിൽ ദേവകാലം നെയ്യും എഴുത്തായി.
എടുപ്പറിഞ്ഞ മിടുക്കിൻ്റെ ഉയരങ്ങളാണ് കഥ മുപ്പത്തി മൂന്നും. ബോധിയുടെ പ്രിയ എഴുത്തുകാരിയുടെ ഈ കഥാകുടന്ന ഒത്തിരി വായനകളും അംഗീകാരങ്ങളും നേടി ഉയരത്ത് എത്തും എന്ന് ഞാൻ ഉറപ്പിക്കുന്നു. യശസ്സുണ്ടാവട്ടെ എഴുത്തുകാരിക്ക്.
