സിന്ദുമോൾ തോമസ്
നീയൊരുമിച്ചുള്ള നാലു
ചിത്രങ്ങളൊഴികെ, മറ്റെല്ലാം
ഞാൻ മറവിയുടെ തീയിലെറിഞ്ഞു.
ഒന്നാമത്തേത്
എന്റെ കൊള്ളയടിക്കപ്പെട്ട ബാല്യത്തിന്റെ
മോചനദ്രവ്യം
രണ്ടാമത്തേത്
എന്റെ വിഹ്വലമായ കൗമാരത്തിന്റെ
തിരിച്ചടവ്
മൂന്നാമത്തേത്
ഞാൻ തടവറയിലടച്ച യൗവനത്തിന്റെ
പലിശ, കൂട്ടുപലിശ ചേർത്ത്
നാലാമത്തേത്
വാർദ്ധക്യത്തിൽ നിന്റെ ഓർമ്മകളിൽ
ജീവിക്കാനുള്ള അച്ചാരം
നാലുചിത്രങ്ങൾ
ചിതലരിക്കും വരെ
വസന്തമെന്നെ പിരിയില്ലെന്നു
വാഗ്‌ദത്തം ചെയ്തിരിക്കുന്നു.