കോവിഡ് സൃഷ്ടിച്ച ഈ ദുരിതകാലം മനക്കരുത്തോടെ നേരിടുകയാണ് നാം. എല്ലാ സങ്കുചിതത്വങ്ങള്‍ക്കുമപ്പുറം മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കപ്പെട്ട നാളുകള്‍ കൂടിയാണിത്. ഈ ദുരിതപര്‍വ്വത്തില്‍ അസാമാന്യമായ ഇടപെടലാണ് ഈ നാട് കാഴ്ച്ചവച്ചത്. സ്വജീവിതത്തെ നിസാരവത്ക്കരിച്ച് അപരനുവേണ്ടി ഇറങ്ങിപ്പുറപ്പെട്ടവര്‍ കോവിഡിന്റെ എല്ലാ മേഖലകളിലും നാടൊട്ടുക്കും ജനങ്ങള്‍ക്ക് ആശ്വാസമെത്തിച്ചു. കോവിഡ് ബാധിച്ചവരെ ചുമന്നും ശുശ്രൂഷിച്ചും കേരളം അതിന്റെ ത്യാഗോജ്ജലമായ അധ്യായം ചരിത്രത്തില്‍ എഴുതി ചേര്‍ത്തു. ഈ കാലയളവ് നല്‍കുന്ന പാഠങ്ങള്‍ അതിരറ്റ മനുഷ്യസ്നേഹത്തിന്റെയും മാനവികതയുടേതുമാണ്. ഭാവിയോട് മനുഷ്യ അതിജീവനത്തിന്റെ ഈ നാളുകളുടെ ചരിത്രം കൂടി പറയണം. ഈ സാഹചര്യത്തിലാണ് നാം മോഹന്‍ ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മഗാന്ധിയുടെ, നൂറ്റാണ്ടുകളുടെ കോളനിവാഴ്ചയില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേക്ക് നമ്മെ കൈപിടിച്ചുയര്‍ത്തിയ നമ്മുടെ ഗാന്ധിയപ്പൂപ്പന്റെ 153 മത് ജന്മദിനം ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ എന്തുകൊണ്ടും ഉചിതമായി തോന്നിയ ചിന്ത നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ കേരളസന്ദര്‍ശനങ്ങളെ കുറിച്ച് പറയുക എന്നതാണ്.
ഭാരതംമൊട്ടുക്കും സഞ്ചരിച്ച് സ്വാതന്ത്ര്യസമരത്തിന് ഊര്‍ജ്ജം പകര്‍ന്ന മഹാത്മാവ് അഞ്ച് തവണയാണ് കേരളത്തിലെത്തിയത്. നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത് സമിതി അംഗീകരിച്ച ശേഷം ഷൗക്കത്തലിയുമായി ഇന്ത്യമുഴുവന്‍ സഞ്ചരിക്കുന്നതിനിടക്കാണ് ഗാന്ധിജി ആദ്യം കേരളം സന്ദര്‍ശിച്ചത്. 1920 ഓഗസ്റ്റ് 18ന് അദ്ദേഹം കോഴിക്കോട് കടപ്പുറത്ത് നടന്ന യോഗത്തില്‍ പ്രസംഗിച്ചു.
അടുത്ത സന്ദര്‍ശനം വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു. 1924 മാര്‍ച്ച് 30ന് ആരംഭിച്ച ആ സത്യാഗ്രഹം ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം തല്‍കാലത്തേക്ക് നിര്‍ത്തി വച്ചു. അദ്ദേഹം സവര്‍ണ്ണ ഹിന്ദുക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം ആശാവഹമല്ലാത്തതിനെത്തുടര്‍ന്ന് ഏപ്രില്‍ 7ന് സത്യാഗ്രഹം പുനരാരംഭിച്ചു.
(Image courtesy: Google.com)
ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അവര്‍ണ്ണ ജാഥ നവംബര്‍ 13ന് തിരുവനന്തപുരം നഗരത്തെ പിടിച്ചു കുലുക്കി. തുടര്‍ന്ന് 1925 മാര്‍ച്ച് 8ന് ഗാന്ധിജി വീണ്ടും കേരളത്തില്‍ എത്തി. അദ്ദേഹം എറണാകുളം വഴി മാര്‍ച്ച് 10ന് വൈക്കത്ത് എത്തി സത്യാഗ്രഹികളോടൊത്ത് പ്രഭാത ഭജനയില്‍ പങ്കെടുത്തു. പിന്നീട് തിരുവിതാംകൂര്‍ പോലീസ് കമ്മീഷണര്‍ പീറ്റുമായി ചര്‍ച്ച നടത്തി. 13ന് വര്‍ക്കല കൊട്ടാരത്തില്‍ എത്തി തിരുവിതാംകൂര്‍ റീജന്റ് റാണീ സേതുലക്ഷ്മി ബായിയുമായും ദിവാനുമായും ചര്‍ച്ച നടത്തി. ഇതിന്റെ ഫലമായി സത്യാഗ്രഹ സ്ഥലത്തെ പോലീസ് ഇടപെടല്‍ അവസാനിച്ചു. നവംബര്‍ 23ന് വൈക്കം ക്ഷേത്ര നിരത്തുകള്‍ പൊതുജനങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തു. അദ്ദേഹം, ബാലനായ ചിത്തിര തിരുനാള്‍, കൊച്ചി മഹാരാജാവ് എന്നിവരേയും സന്ദര്‍ശിച്ച് മാര്‍ച്ച് 19ന് പാലക്കാടു വഴി മടങ്ങി. ഈ വരവില്‍ അദ്ദേഹം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രസംഗിച്ചു. ചാലക്കുടി, കൊച്ചി, വര്‍ക്കല എന്നിവിടങ്ങളില്‍ അദ്ദേഹം യോഗം നടത്തി. മാര്‍ച്ച് 12ന് ശ്രീ നാരായണഗുരു, കെ. കേളപ്പന്‍ എന്നീ കേരള നേതാക്കളെ അദ്ദേഹം സന്ദര്‍ശിച്ചു. ശ്രീ നാരായണഗുരുവിനെ സന്ദര്‍ശിച്ച ശേഷം ആണ് അദ്ദേഹം അവര്‍ണ്ണരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
ഗാന്ധിജി മൂന്നാമതും കേരളത്തിലെത്തുന്നത് തിരുവാര്‍പ്പ് ക്ഷേത്ര നിരത്തുകളില്‍ അയിത്തജാതിക്കാരെ വഴിനടക്കാന്‍ അനുവദിക്കുന്നതിനായി തിരുവിതാംകൂര്‍ രാജാവിനേയും റാണിയേയും കണ്ട് ചര്‍ച്ച നടത്താനാണ്. 1927 ഒക്ടോബര്‍ 9ന് അവരുമായി സംസാരിച്ചശേഷം അദ്ദേഹം പാലാക്കാട്ട് കാമകോടി ശങ്കരാചാര്യരുമായും ചര്‍ച്ച നടത്തി. കോഴിക്കോട് സമ്മേളനത്തില്‍ വച്ച് ‘അന്ത്യജനോദ്ധാരണ സംഘം’ എന്ന സംഘടനക്ക് രൂപം നല്‍കി. പാലക്കാട്ടും കോഴിക്കോട്ടും അദ്ദേഹം പ്രസംഗിച്ചു.
(Image courtesy: Google.com)
ഗാന്ധിജി നാലാമത് കേരളത്തിലെത്തുന്നത് 1934ല്‍ ജനുവരി 10 മുതല്‍22 വരെ ആണ്. ഹരിജന്‍ ഫണ്ട് ശേഖരണാര്‍ത്ഥം ആയിരുന്നു അദ്ദേഹം കേരളത്തില്‍ എത്തിയത്. ഈ സന്ദര്‍ശനത്തിനിടയില്‍ ആണ് ”കൗമുദി” എന്ന പെണ്‍കുട്ടി വടകരയില്‍ വച്ച് തന്റെ ആഭരണങ്ങള്‍ ഗാന്ധിജിയ്ക്ക് സംഭാവന നല്‍കിയത്.
ഗാന്ധിജി അഞ്ചാമതായി (അവസാനമായി) കേരളം സന്ദര്‍ശിക്കുന്നത് 1937ല്‍ ജനുവരി 12 മുതല്‍21 വരെ ആണ്. ഇത് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.
ഗാന്ധിജി പകര്‍ന്നു നല്‍കിയ ഊര്‍ജ്ജമാകാം തലമുറകള്‍ കൈമാറി ഈ ആതുരകാലത്തും നമ്മളില്‍ നന്മയായി നിറയുന്നത്. എങ്കിലും കൂടിവരുന്ന പേടികള്‍ക്ക് നടുവിലാണ് നാം. പൊന്നിനും മണ്ണിനും വേണ്ടി, മയക്കുമരുന്നിനും മദ്യത്തിനും വേണ്ടി മരണങ്ങള്‍ ഒത്തിരികാണുന്നു നാം. ഞാനും നിങ്ങളും പേടിക്കുന്നു. കാലം ഇരുളുകയാണോ എന്ന ഉത്ഖണ്ഡയോടെയും ചെറുത്തുനില്‍പ്പുകള്‍ നമ്മളില്‍ നിന്നു തുടങ്ങണമെന്ന ആഹ്വാനത്തോടെയും ഈ ഒക്ടോബര്‍ രണ്ട് നമ്മുക്ക് ആഘോഷിക്കാം.
– അനില്‍ ഗോപാല്‍