ആലപ്പുഴയ്ക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറിൽ കയറ്റി യാത്രാമദ്ധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് അയാൾ ഈ മൃതദേഹം വീട്ടിലെത്തിച്ച്, മരിച്ചു എന്നുറപ്പ് വരുത്തിയശേഷം കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി ആളൊഴിഞ്ഞ വഴിയരുകിൽ കാറുൾപ്പെടെ കത്തിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് – പൈനുമ്മൂട് റോഡിനരുകിൽ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറിൽ, കത്തിയ നിലയിൽ ചാക്കോയെ കണ്ടെത്തിയത്.
സുകുമാരക്കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കുറുപ്പ്’. ചിത്രത്തിൽ ദുൽഖർ സൽമാനാണ് സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കുന്നത്. യുവനടൻ ടോവിനോ തോമസും ചിത്രത്തിൽ പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. വേഫാറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവിയും ചിത്രസംയോജനം വിവേക് ഹർഷനും കൈകാര്യം ചെയ്യുന്നു. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക.ഇവരെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ,വിജയരാഘവൻ, പി ബാലചന്ദ്രൻ,സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. കമ്മാര സംഭവം എന്ന ചിത്രത്തിലൂടെ ദേശിയ പുരസ്‌കാരം നേടിയ വിനേഷ് ബംഗ്ലാൻ കലാസംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തത് സുഷിൻ ശ്യാമാണ്.
1984-ൽ റിലീസ് ചെയ്ത NH 47 എന്ന ചിത്രത്തിലും സുകുമാരക്കുറുപ്പിൻറ്റെ ജീവിതകഥയാണ് പറഞ്ഞത്. സാജൻ നിർമ്മിച്ച്, ബേബി സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ ടി ജി രവി, ജഗതി ശ്രീകുമാർ, ശ്രീനാഥ്, ലാലു അലക്സ്, ബാലൻ കെ നായർ, ശുഭ തുടങ്ങിയവരാണ് അഭിനയിച്ചത്. ടി ജി രവിയാണ് സുകുമാരകുറുപ്പായി അഭിനയിച്ചിരിക്കുന്നത്.
‘NH 47’ എന്ന ചിത്രത്തിലെ ഒരു രംഗം
സുകുമാരക്കുറുപ്പിന്റെ യഥാർത്ഥ കഥ:
കേരളത്തിൽ ചെങ്ങന്നൂരിനടുത്തുള്ള ചെറിയനാട് എന്ന സ്ഥലത്തുകാരനായ സുകുമാരക്കുറുപ്പ് തന്റെ ‘ഭാര്യയോടൊപ്പം ജോലിസ്ഥലമായ അബുദാബിയിലാണ് കഴിഞ്ഞിരുന്നത്. അങ്ങനെയിരിക്കേ, വേഗത്തിൽ വലിയൊരു പണക്കാരനാകാനുള്ള പദ്ധതി അയാളുടെ മനസ്സിൽ ഉദിച്ചു. ഇതിനോടനുബന്ധിച്ച്, അബുദാബിയിൽ വച്ച് 301616 ദിർഹത്തിനുള്ള (ഏകദേശം 30 ലക്ഷം രൂപ) ഒരു ഇൻഷുറൻസ് പോളിസി അയാൾ എടുത്തു. തുടർന്ന്, താൻ ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടു എന്ന് ബന്ധപ്പെട്ടവരെയെല്ലാം ബോധ്യപ്പെടുത്താൻ അയാൾ തീരുമാനിച്ചു. അങ്ങനെയാകുമ്പോൾ, ഇൻഷുറൻസ് തുക മുഴുവൻ അയാളുടെ ‘ഭാര്യയ്ക്ക് കൈപ്പറ്റാമല്ലോ. തുടർന്ന് അവർക്ക് എവിടെയെങ്കിലും സുഖമായി ജീവിക്കാൻ സാധിക്കും. ഈ അസ്പഷ്ടമായ ആശയം പിന്നീട് വ്യക്തമായ പദ്ധതിയായി മാറി. സുകുമാരക്കുറുപ്പിന്റെ അളിയനും (ഒന്നാംപ്രതി) വിശ്വസ്തനായ ഡ്രൈവറും (രണ്ടാംപ്രതി) അബുദാബിയിലെ കമ്പനിയിലെ ഒരു പ്യൂണും ഇതിലെ പങ്കാളികളായി. തങ്ങളുടെ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനായി, ആലപ്പുഴ മെഡിക്കൽ കോളജ് ലബോറട്ടറിയിൽനിന്ന് അവർ അല്പം ‘ഈതർ’ കൈക്കലാക്കി.
1984 ജനുവരി ആദ്യ ആഴ്ച സുകുമാരക്കുറുപ്പും ഒന്നാം പ്രതിയും പ്യൂണിനോടൊപ്പം തിരുവനന്തപുരത്തെത്തി. ഗൂഢാലോചനക്കാർ (സുകുമാരക്കുറുപ്പ്, ഒന്നും രണ്ടും പ്രതികൾ, പ്യൂൺ) ചേർന്ന് ചെറിയനാടുള്ള ‘സ്മിതഭവനിൽ’ (സുകുമാരക്കുറുപ്പിന്റെ ഭാര്യവീട്) ഒത്തുചേർന്ന് പദ്ധതി നടപ്പിലാക്കാനുള്ള വിശദവിവരങ്ങൾ ചർച്ചചെയ്തു. 1984 ജനുവരി 21-ാം തീയതി അതിനുള്ള ദിവസമായി അവർ തിരഞ്ഞെടുത്തു.
മുൻകൂട്ടി തീരുമാനിച്ച ആ ദിവസം അവർ നാലുപേരും കല്പകവാടിയിൽ (ആലപ്പുഴ ടൗണിന് 20 കി.മീ. തെക്കുഭാഗത്തുള്ള ദേശീയപാതയോട് ചേർന്നുള്ള ഒരു ടൂറിസ്റ്റ് ഹോട്ടൽ) ഒത്തുചേർന്നു. സുകുമാരക്കുറുപ്പ് തന്റെ അമ്പാസിഡർ കാറിലാണ് (KLY 5959) അവിടെ എത്തിച്ചേർന്നത്. മറ്റുള്ളവർ ഒന്നാം പ്രതിയുടെ കാറിൽ (KLY7831) എത്തിച്ചേർന്നു. സുകുമാരക്കുറുപ്പ് ഒരു കാറിലും മറ്റുള്ളവർ മറ്റേ കാറിലുമായി ദേശീയപാതയിലൂടെ തെക്കുഭാഗത്തേക്ക് യാത്രതിരിച്ചു. സുകുമാരക്കുറുപ്പിനോട് വലിപ്പസാദൃശ്യമുള്ള ആരെയെങ്കിലും കണ്ടെത്തുകയായിരുന്നു അവരുടെ ഉദ്ദേശ്യം. പക്ഷേ, 23 കിലോമീറ്ററിലധികം സഞ്ചരിച്ചിട്ടും (ഏകദേശം ഓച്ചിറ എന്ന സ്ഥലംവരെ) അങ്ങനെ ഒരാളെ കണ്ടെത്താൻ അവർക്ക് സാധിച്ചില്ല. തിരിച്ചുവരുന്ന വഴി കരുവാറ്റ എന്ന സ്ഥലത്തെത്തിയപ്പോൾ (ഓച്ചിറയിൽനിന്ന് ഏകദേശം 13 കി.മീ. അകലെ) ഒരാൾ അവരുടെ കാറിനു നേരേ കൈ കാണിച്ച് ലിഫ്റ്റ് അഭ്യർത്ഥിച്ചു. കൊല്ലപ്പെട്ട ചാക്കോ ആയിരുന്നു അത്. വീട്ടിലേക്കു പോകാൻ ഒരു വാഹനം കാത്തുനില്ക്കുകയായിരുന്നു ചാക്കോ. അയാൾക്ക് സുകുമാരക്കുറുപ്പിന്റെ വലിപ്പം ഉണ്ടെന്നു തോന്നിയ ഗൂഢാലോചനക്കാർ KLY 5959 എന്ന കാറിൽ ചാക്കോയ്ക്ക് ലിഫ്റ്റ് നല്കി. യാത്ര തുടരവേ, ചാക്കോയ്ക്ക് കുടിക്കാൻ എന്തോ നല്കിയെങ്കിലും അയാൾ അത് നിരസിച്ചു. പക്ഷേ, നിരന്തരമായി നിർബന്ധിച്ച് അവർ ചാക്കോയെക്കൊണ്ട് “ഈതർ’ കലർത്തിയ ബ്രാണ്ടി കഴിപ്പിച്ചു. നിമിഷങ്ങൾക്കകംതന്നെ ഒന്നാംപ്രതി ചാക്കോയുടെ കഴുത്ത് ഒരു ടവ്വൽകൊണ്ട് ബലമായി മുറുക്കുകയും കഴുത്ത് ഒടിക്കുകയും ചെയ്തു.
‘കുറുപ്പ്’ എന്ന ചിത്രത്തിലെ ഒരു രംഗം
പിന്നീട് അവർ ‘സ്മിതഭവനി’ലേക്ക് യാത്രയായി. ചാക്കോയുടെ മൃതദേഹം അവിടെ ഒരു മുറിയിലേക്ക് മാറ്റിയശേഷം, അവർ സുകുമാരക്കുറുപ്പിന്റെ ഷർട്ടും ലുങ്കിയും ആ ശരീരത്തിൽ ധരിപ്പിച്ചു. തുടർന്ന് അവർ മൃതദേഹം KLY 5959 കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ച്, വടക്കുഭാഗത്തേക്ക് രണ്ട് കാറുകളിലായി യാത്രയാരംഭിച്ചു. കൊല്ലക്കടവ് എന്ന സ്ഥലത്തെത്തിയപ്പോൾ അവർ ചാക്കോയുടെ ശരീരം എടുത്ത് KLY 7831 കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയശേഷം സമീപത്തെ നെൽവയലിലേക്ക് ആ കാർ തള്ളിവിട്ടു. അകത്തും പുറത്തും പെട്രോൾ തളിച്ചിരുന്ന കാറിന് തീപിടിക്കുകകൂടി ചെയ്തതോടെ അവർ മറ്റേ കാറിൽ KLY 5959 കയറി സ്ഥലംവിട്ടു. ഇതിനിടെ ഒന്നും രണ്ടും പ്രതികൾക്കും കുറേ പൊള്ളലേറ്റിരുന്നു. പുകനിറഞ്ഞ ആ അന്തരീക്ഷത്തിൽനിന്ന് ഓടി രക്ഷപ്പെടുമ്പോൾ, താഴെ വീണിരുന്ന ഗ്ലൗസ് എടുക്കാൻ അവർ ശ്രദ്ധിച്ചിരുന്നില്ല. അപ്പോൾ സമയം ഏകദേശം പുലർച്ചെ മുന്നുമണിയോടടുത്തിരുന്നു.
പുലർച്ചെ, കത്തിക്കൊണ്ടിരിക്കുന്ന കാർ കണ്ട്, സമീപവാസികൾ അതിനടുത്തേക്ക് ഓടി. കത്തുന്ന കാറിനു സമീപം ഒരു ഗ്ലൗസ് കിടക്കുന്നത് കണ്ടപ്പോൾത്തന്നെ സംഭവം ഒരു കൊലപാതകമാകാമെന്ന് ആളുകൾ സംശയിച്ചു. അങ്ങനെ അവരിലൊരാൾ മാവേലിക്കര പോലീസ് സ്റ്റേഷനിലെത്തി FIR (ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്) നല്കി. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് കേസിന് ഒരു പൂർണരൂപമായത്. സുകുമാരക്കുറുപ്പിന്റെ പ്യൂൺ മാപ്പുസാക്ഷിയാവുകയും പ്രോസിക്യൂഷന്റെ ഒന്നാം ദൃക്‌സാക്ഷിയായി തെളിവ് നല്കുകയും ചെയ്തു. സംഭവങ്ങളെല്ലാംതന്നെ നടന്നതുപോലെ അയാൾ വിശദീകരിച്ചു. മറ്റു പല സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ അയാൾ നല്കിയ തെളിവ് കോടതി വിശ്വസിച്ചു.
കടപ്പാട്: ജസ്റ്റിസ് കെ.ടി. തോമസ്