“എന്താ കുട്ടികളേ, ഇന്ന് നല്ല സന്തോഷത്തിലാണല്ലോ.” വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന അച്ചുവിനെയും അർച്ചനയെയും നോക്കി അവിടേയ്ക്കു വന്ന അപ്പൂപ്പൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
“ദേ അപ്പൂപ്പൻ..” എന്ന് വിളിച്ചുകൊണ്ട് കുട്ടികൾ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തി.
“അപ്പൂപ്പാ, ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയുമോ?” കുട്ടികൾ ചോദിച്ചു.
“മക്കള് പറയൂ, എന്താ?” അപ്പൂപ്പൻ തിരിച്ചു ചോദിച്ചു.
“അപ്പൂപ്പാ, ഇന്നാണ് സ്വാതന്ത്ര്യദിനം.” കുട്ടികൾ ഒരുമിച്ചു പറഞ്ഞു.
അപ്പൂപ്പൻ ചിരിച്ചു.
“ഓഹോ, ഇന്നാണല്ലേ? എങ്കിൽ പറയൂ ഏത് വർഷമാണ് നമുക്ക് സ്വാതന്ത്ര്യം കിട്ടിയത്?”
“1947.” കുട്ടികൾ ഒരുമിച്ചു ഉത്തരം പറഞ്ഞു.
“കൊള്ളാം..മിടുക്കനും മിടുക്കിയും. ഇന്നത്തെ തലമുറയും ആ വർഷം ഓർത്തു വയ്ക്കുന്നുണ്ടല്ലോ.” അപ്പൂപ്പൻ പറഞ്ഞു.
കുട്ടികൾ ചിരിച്ചു.
“ഒരുപാട് ധീര നേതാക്കന്മാർ ബ്രിട്ടീഷുകാരുമായി പോരാടി മരിച്ചിട്ടുണ്ട്, ഈ സ്വാതന്ത്ര്യം കിട്ടാനായി. ഇപ്പോൾ അവരെല്ലാം പാഠപുസ്തകങ്ങളിൽ ഒതുങ്ങി അല്ലേ?..” ആ വൃദ്ധൻ ചിരിച്ചു.
“അപ്പൂപ്പാ, അന്ന് ഈ ബ്രിട്ടീഷുകാർ വന്നപ്പോൾ ഈ രാജ്യത്തെ എല്ലാപേർക്കും കൂടി ഒരുമിച്ചു യുദ്ധം ചെയ്‌താൽ പോരായിരുന്നോ?” കുട്ടികൾക്ക് സംശയമായി. ഇത്രയും വലിയ രാജ്യത്തെ ബ്രിട്ടീഷുകാർ കീഴടക്കുകയോ?
“അന്ന് നമ്മുടെ രാജ്യത്തു ഐക്യം ഇല്ലാത്തതിനാലാണ് അവർ ഇവിടം ഭരിച്ചത്. എന്തായാലും അവസാനം അവർക്കു ഇവിടം വിട്ടു പോകേണ്ടി വന്നു.”
അപ്പൂപ്പൻ അത് പറയുമ്പോൾ ആവേശഭരിതനായി.
“ആട്ടെ, ഇന്ന് സ്വാതന്ത്ര്യദിനമല്ലേ, ഈ ദിവസം നിങ്ങൾ എന്താണ് രാജ്യത്തിന് വേണ്ടി ചെയ്യാൻ പോകുന്നത്?” വൃദ്ധൻ കുട്ടികളോട് ചോദിച്ചു.
“ഞങ്ങൾ കുട്ടികൾ എന്ത് ചെയ്യാനാ അപ്പൂപ്പാ?”
“നിങ്ങൾ നിങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുക. ആദ്യം വീട്ടിൽ നിന്ന് തന്നെ തുടങ്ങണം. അച്ഛനമ്മമാരെ സഹായിച്ചു കൊണ്ട് തന്നെ തുടങ്ങാമല്ലോ. അതുപോലെ ഈ രാജ്യത്തെ ഓരോ പൗരന്മാരും നമ്മൾ ഭാരതീയരാണ് എന്ന ബോധത്തോടെ രാക്ഷ്ട്രീയം, മതം എല്ലാം മാറ്റി വച്ച് ഒരുമിച്ചു നമ്മുടെ രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള മനസ്സുണ്ടാകട്ടെ.” ഒന്നു നിർത്തിയിട്ട് വൃദ്ധൻ തുടർന്നു, “നിങ്ങൾ പറഞ്ഞപോലെ നിങ്ങൾ കുട്ടികളാണ്. നിങ്ങൾ വലുതാകുമ്പോൾ ഈ അപ്പൂപ്പൻ പറഞ്ഞതെല്ലാം മനസ്സിൽ വച്ചാൽ മതി”.
“തീർച്ചയായും അപ്പൂപ്പാ, അപ്പൂപ്പൻ പറഞ്ഞത് പോലെ ഞങ്ങൾക്ക് കഴിയുന്നത് ഞങ്ങൾ ചെയ്യാം. ആട്ടെ, ഞങ്ങൾ എന്തൊക്കെയാണ് ചെയ്യേണ്ടത്?” അവരുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് അപ്പൂപ്പൻ ചിരിച്ചു.
“ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമ്മുടെ നാട് എന്നും ശുചിയായി ഇരിക്കാൻ നമ്മൾ ഏവരും ശ്രദ്ധിക്കണം. നമ്മൾ നമ്മുടെ വീട് എങ്ങനെയാണോ വൃത്തിയായി സൂക്ഷിക്കുന്നത് അതുപോലെ. പിന്നെ എല്ലാവരും നമ്മുടെ സഹോദരങ്ങളാണ് എന്ന ബോധത്തോടെ സംസാരിക്കുക. മുതിർന്നവരെ ബഹുമാനിക്കുക. അങ്ങനെ നമ്മുടെ ഭാരതീയ സംസ്കാരം കാത്തു സൂക്ഷിക്കുക. നിങ്ങളെ പോലുള്ളവരിലാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി. മാറ്റ് രാജ്യക്കാർ നമ്മളെ എന്നും അത്ഭുതത്തോടെ കാണണം. നിങ്ങൾ മത്സരിക്കേണ്ടത് രാജ്യത്തിനും നല്ലതു വരാൻ കൂടിയായിരിക്കണം.” കുട്ടികൾ അപ്പൂപ്പൻ പറയുന്നത് ശ്രദ്ധയോടെ കേട്ടിരുന്നു. എന്നിട്ടു ചോദിച്ചു.
“അപ്പൂപ്പാ, നമ്മൾ കുറച്ചുപേർ വിചാരിച്ചാൽ ഈ ഇന്ത്യയെന്ന മഹാരാജ്യം മുഴുവൻ എങ്ങനെ….?”
“നിങ്ങൾ കൂട്ടുകാരിലൂടെ ഈ ആശയം വളർത്തണം. അങ്ങനെ നമ്മുടെ ഈ കൊച്ചു ഗ്രാമം, അത് കണ്ടു അടുത്ത ഗ്രാമം, പിന്നെ കേരളം മുഴുവൻ, പിന്നെ മറ്റു സംസ്ഥാനങ്ങൾ…അങ്ങനെ അങ്ങനെ…എല്ലാവരും ഇച്ഛാശക്തിയോടെ നമ്മുടെ രാജ്യത്തെ നോക്കി കാണും. രാഷ്ട്രീയമല്ല രാഷ്ട്രമാണ് വലുതെന്നു ആശയം മുതിർന്നവരിലും എത്തണം. ഇപ്പോൾ മനസ്സിലായോ?” അപ്പൂപ്പൻ ചോദിച്ചു.
“മനസ്സിലായി അപ്പൂപ്പാ, വളരെ നന്ദിയുണ്ട് ഇങ്ങനെ ഒരു ആശയം തന്നതിന്. ഞങ്ങൾക്കു ഇപ്പോഴാണ് ഈ സ്വാതന്ത്ര്യദിനത്തിന്റെ മഹത്വം കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത്.”
“അപ്പോൾ നിങ്ങൾക്ക് ഈ അപ്പൂപ്പന്റെ വക ‘സ്വാതന്ത്ര്യദിനാശംസകൾ’” അപ്പൂപ്പൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അപ്പൂപ്പനും ഞങ്ങളുടെ ‘സ്വാതന്ത്ര്യദിനാശംസകൾ’” എന്ന് പറഞ്ഞു കൊണ്ട് അവർ അപ്പൂപ്പനെ സല്യൂട്ട് ചെയ്തു.
എല്ലാ കൂട്ടുകാർക്കും മണിച്ചെപ്പിന്റെ വക ‘സ്വാതന്ത്ര്യദിനാശംസകൾ’!
നിങ്ങളുടെ ആശംസകളും നിർദേശങ്ങളും താഴെ എഴുതാവുന്നതാണ്.