അങ്ങനെ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന മലയാളത്തിന്റെ സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ആമസോൺ പ്രൈമിൽ വന്നെത്തിക്കഴിഞ്ഞു.
സിനിമയുടെ ഒന്നാം ഭാഗം എവിടെ നിർത്തിയോ അവിടെ നിന്നാണ് രണ്ടാം ഭാഗം തുടങ്ങുന്നത്. ഒന്നാം ഭാഗത്തിനോട് തികച്ചും നീതിപുലർത്താൻ രണ്ടാം ഭാഗത്തിന് കഴിഞ്ഞു എന്ന് തന്നെ വേണമെങ്കിൽ പറയാമെന്ന രീതിയിലാണ് ജീത്തു ജോസഫ് എന്ന സംവിധായകൻ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ ആകാംഷയോടെ ഇരുത്താൻ സംവിധായകന് കഴിഞ്ഞു.
സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ജോർജ്കുട്ടിയും (മോഹൻലാൽ) കുടുംബവും ഒരുപക്ഷെ പഴയ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും മാറിയിട്ടില്ല എന്ന് ഇവിടെ കാണിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് കടന്നു പോകുന്ന പോലീസ് വാഹനങ്ങൾ കാണുമ്പോൾ അവരുടെ പരുങ്ങലുകൾ ഇതാണ് പറയുന്നത്. പോലീസുകൾ മറന്നെന്നു കരുതിയ വർഷങ്ങൾ പഴക്കമുള്ള ആ കേസ് ഇപ്പോൾ അന്വേഷിക്കുന്നത് പുതിയൊരു ഓഫീസറാണ് (മുരളി ഗോപി). ഷാഡോ പോലീസിനെയും മറ്റും വച്ചുള്ള അദ്ദേഹത്തിന്റെ അന്വേഷണം ജോർജ്കുട്ടിയെ കുടുക്കാൻ വേണ്ടിയുള്ളതായിരുന്നു.
ഈ സിനിമയിലെ ഓരോ കഥാപാത്രവും അവരവരുടെ റോളുകൾ നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. പ്രത്യേകിച്ചും മോഹൻലാൽ എന്ന അതുല്യ നടൻ, തന്റെ ചെറിയ ഭാവ വ്യത്യാസങ്ങളിലൂടെ ജോർജ്കുട്ടിയായി ജീവിക്കുകയായിരുന്നു. കൂടാതെ മുരളി ഗോപി, സിദ്ധിക്, ആശ ശരത്, സായികുമാർ മുതലായവർ. സിനിമയിലുടനീളം ട്വിസ്റ്റുകൾ കൊണ്ട് നിറച്ച് ഒരു ത്രില്ലർ സ്വഭാവം കൊണ്ട് വരാൻ ബുദ്ധിപരമായി തയ്യാറാക്കിയ തിരക്കഥക്ക് കഴിഞ്ഞു എന്ന് തന്നെ പറയാം.
ദൃശ്യം 2 കാണുമ്പോൾ, പ്രേക്ഷകണേ രണ്ടു തട്ടിൽ ചിന്തിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു എന്നു കാണാം. ഒരു കുറ്റം ചെയ്താൽ, അത് ആരായാലും രക്ഷപെടാൻ പാടില്ല എന്ന് വാശിയോടെ ചിന്തിക്കുന്ന പോലീസ് ഓഫീസറിനോടൊപ്പം നിൽക്കണോ, അതോ തന്റെ കുടുംബത്തെ രക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ ശ്രമിക്കുന്ന നായക കഥാപാത്രത്തോടൊപ്പം നിൽക്കണോ എന്ന ചിന്ത പ്രേക്ഷകനിൽ സൃഷ്ടിക്കാൻ സിനിമക്ക് കഴിഞ്ഞു.
ആമസോൺ പ്രൈം റിലീസിന് ശേഷം ദൃശ്യം 2 എല്ലാ തിയേറ്ററുകളിലും ഉടൻ എത്തുമെന്നാണ് വിവരം. അപ്പോൾ ഒരുപാടു പ്രേക്ഷകരിൽ എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.