പത്രം ഓഫീസിലെ ചീഫ് എഡിറ്ററുടെ മുന്നിലേയ്ക്ക് ഓടി എത്തുന്ന സ്റ്റാഫ്.
“എന്താടോ ഇങ്ങനെ ഓടിക്കിതച്ചുകൊണ്ട് വരുന്നത്?” മുതലാളിയുടെ ചോദ്യം.
“അതേ, സർ, നാളെ പോകേണ്ട ഒരു വാർത്തയിൽ തിരുത്തുണ്ട്.”
“ങേ അതെന്താണ്?”
“പാലത്തിന് സമീപം ഒരാൾ പരിക്കേറ്റു കിടന്നില്ലേ?”
“അതെ…അതിന്?” എഡിറ്റർ നെറ്റി ചുളിച്ചു.
“അത് … ‘കുറേ നായകളുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്’ എന്ന ഹെഡ്ലൈനിലാണ് നമ്മൾ ന്യൂസ് കൊടുക്കാൻ ഇരുന്നത്.”
ബാക്കി കേൾക്കാനായി ചീഫ് എഡിറ്റർ സ്റ്റാഫിന്റെ മുഖത്തേയ്ക്കു നോക്കി.
“പക്ഷേ, അത് നായകളുടെ ആക്രമണമല്ലായിരുന്നു. കുറച്ചു ആൾക്കാർ ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചതാണ്.”
“എങ്കിൽ ഒരു കാര്യം ചെയ്യൂ, വാർത്താ കോപ്പിയിൽ മാറ്റം വരുത്തിക്കോളൂ…”
“അപ്പോൾ ഹെഡ്ലൈൻ മാറ്റണ്ടേ?”
“എന്തിന്? ഹെഡ്ലൈൻ മാറ്റണ്ട”.
ഇതും പറഞ്ഞു ചീഫ് എഡിറ്റർ കസേരയിലേക്ക് ചാരി ഇരുന്നു.