“തെങ്ങിന്റെ പൊത്തിൽ ഒരു തത്തയൊണ്ട് ഇത്താത്ത”
“ഏത് തെങ്ങ്?”
“ആ തലയില്ലാത്ത തെങ്ങ്”
ആമിനമോൾ തെങ്ങിന് നേരെ വിരൽ ചൂണ്ടി പറഞ്ഞു ഇത്താത്ത തെങ്ങിന്റെ മുകളിലേക്ക് കണ്ണുകൾ പായിച്ചു. കണ്ണുകൾ ഉയരുന്നതിനൊപ്പം കഴുത്തുമുയർത്തി.
“അമ്പൊ! അത് വലുതാണ്. അതിന്റെ മേലെ കേറാൻ പറ്റില്ല.”
“കേറാം.. കുഞ്ഞുമൂസ കേറും, ഞാൻ പറയാം”
ഇത്താത്ത അതിനെ തടഞ്ഞു.
“അയ്യോ അത് വേണ്ട. മൂസക്കാക്ക് വേറെ ഒരുപാട് പണിയുണ്ട്.”
ആമിന കരഞ്ഞു തുടങ്ങി. ഇത്താത്ത ആമിനയെ ആശ്വസിപ്പിച്ചു.
“സാരല്ല.. ഞാൻ പറയാം. മൂസക്കാക്കയോട്, മോൾക്ക് മൈനയെ പിടിച്ചു തരാൻ ഇത്താത്ത പറയാം. മോള് കരയണ്ട.”
ആമിന ഇത്താത്തയോട് ചേർന്നിരുന്നു. തന്റെ നിറഞ്ഞ കണ്ണുകൾ ഇറുക്കിയടച്ചു ആമിന നിറഞ്ഞ കണ്ണിൽ നിന്നും കണ്ണുനീർ ഇത്താത്തയുടെ കയ്യിൽ വീണു.
ആമിനയുടെ കണ്ണുകൾ തുടച്ചു നൽകി അവളെ ഇത്താത്ത തന്റെ നെഞ്ചോട് ചേർത്തു.
“ഇത്താത്തയുടെ നെഞ്ചിൽ ചൂട് കൂടുതലാ മോൾക്ക് അത് ഇഷ്ടമാ.” ആമിന പറഞ്ഞു.
ഇത്താത്ത ചിന്തയിലായിരുന്നതിനാൽ ആമിന പറഞ്ഞതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഒന്നരവയസുള്ളപ്പോൾ തന്റെ കയ്യിൽ തന്നിട്ട് പോയതാണ് ആമിനയുടെ ബാപ്പയും ഉമ്മയും. രണ്ട് വർഷമായി ആമിനയുടെ ബാപ്പയും ഉമ്മയും ഇത്താത്തയാണ്. മരിക്കും മുന്നേ ഒന്ന് പറഞ്ഞാ മോളെ നോക്കണെന്ന്.
ഇത്താത്തയുടെ കണ്ണുകൾ നിറയുന്നത് ആമിന കണ്ടു.
“ഇത്താത്ത അലോയിക്കണേ..?”
“ഒന്നൂല്യ.”
ഉച്ചതിരിഞ്ഞു തെങ്ങിന് വളമിടാനായി മൂസയെത്തി. മൂസയ്ക്ക് പ്രായം അമ്പത് കഴിഞ്ഞു . പക്ഷേ നീലമില്ല. അതുകൊണ്ടാണ് ആമിനയും ഇത്താത്തയും മറ്റുള്ളവരും മൂസയെ കുഞ്ഞിമൂസ എന്ന് വിളിക്കുന്നത്. മൂസയ്ക്ക് അതിലൊരു പരാതിയുമില്ല. മൂസ പാവമാണ്. നല്ല സഹായിയും. ആമിനയുടെ ആവശ്യം മൂസയുടെ ഇത്താത്ത പറഞ്ഞു.
“മൂസാക്ക ആമിനക്ക് വാശിയാ. ന്തേലും ചെയ്യ്.”
“ഇത്താത്ത തെങ്ങിൽ കേറാൻ പാടാ…മുട്ടൻ തെങ്ങാണ്. അയിന്റെ നീളം കണ്ടില്ലേ…മാനം തൊട്ടു നിക്കുവാ…പോരാത്തേന് അയിന് മണ്ടയും ഇല്ല.”
മൂസ തെങ്ങിൽ നോക്കി ഇത്താത്തയോട് പറഞ്ഞു.
ഇത്താത്തയുടെ മുഖം വാടി.
“വിശമിക്കണ്ട..ന്തേലും വഴി നോക്കട്ട്..”
ഇത്താത്തയുടെ മിഴികൾ തിളങ്ങി. മൂസ നോക്കട്ടെയെന്നു പറഞ്ഞാൽ പിന്നെ അത് ഉറപ്പാണ്. മൂസയുടെ മകളുടെ പ്രായം മാത്രമേ ഇത്താത്തയ്ക്ക് ഒള്ളു. എന്നാലും മൂസ ഇത്താത്ത എന്നാണ് വിളിക്കുക. മൂസ മാത്രമല്ല ആ നാട്ടിലെ എല്ലാരും പ്രായം മറന്ന് ഇത്താത്ത എന്നാണ് വിളിക്കുക.
ഇത്താത്തയ്ക്കും അതിന്റെ കാരണമറിയില്ല. തിരക്കാനും പോയിട്ടില്ല. വിളിക്കുന്നവരോട് വിളിക്കരുതെന്നും പറയാറില്ല.
ഒരു ഇരുപത്തിയാറുകാരിക്ക് കിട്ടുന്ന ബഹുമാനം കുറച്ചു കൂടുതലാണ്.
എന്നൊക്കെ പലപ്പോഴും തോന്നിട്ടുണ്ട്.
മൂസ തിരികെ പോയി.
ആമിന കുഞ്ഞുമൂസയെയും കാത്ത് വരാന്തയിൽ ചെറിയപാവാടയുടെ ഇടയിൽ കാലുകൾ ഒതുക്കി ചമ്മണം പടിഞ്ഞിരിക്കയാണ്.
“ഇത്താത്ത കുഞ്ഞുമൂസയെ കാണുന്നില്ലല്ലോ..”
“വരും. നീ വിഷമിക്കണ്ട.”
വരാന്തയിൽ നൂല് സൂചിയിൽ കോർത്തുകൊണ്ട് പറഞ്ഞു.
അപ്പോഴേക്കും മൂസ കേറിവന്നു. ചെറിയ ഒരു എലിപ്പെട്ടിയും കയ്യിൽ.
“അതെന്താ കുഞ്ഞുമൂസ..”
ആമിന തിരക്കി
“അതൊരു സൂത്രം”.
“എന്ത് സൂത്രം?”
“പറയാം എന്റെ കുഞ്ഞാമിനെ..”
മൂസ വാത്സല്യത്തോടെ ആമിനയുടെ അടുത്തായി ഇരുന്ന് എലിപ്പെട്ടി തുറന്ന് അതിൽ നിന്നും ഒരു മൈനയെ എടുത്ത് വരാന്തയിൽ ഒഴിഞ്ഞു കിടന്ന ചെറിയ കിളിക്കൂട്ടിൽ ഇട്ട് ആമിനക്ക് നൽകി
മൂസ ഇത്താത്തയെ നോക്കി. ഇത്താത്ത പുഞ്ചിരിച്ചു.
കൂട്ടിൽ നിന്നും കുറച്ചു നാൾക്ക് മുൻപ് ഒരു തത്തമ്മ പറന്നു പോയത് മുതൽ കൂട് വരാന്തയിൽ വെറുതെയിരിക്കയാണ്.
“ഇത് എവിടുന്നാ മൂസ?”
ഇത്താത്ത തിരക്കി.
“ഞമ്മടെ മോൾ എവിടന്നോ കൊണ്ടുവന്നെയാ.. കൊണ്ടുവന്നപ്പോൾ കാലിൽ മുറിവ് ഉണ്ടായിരുന്നു. അവൾ അതിനു മരുന്ന് വെച്ച് കെട്ടി, ആമിന മോൾക്കായി നേരത്തെ ഞാൻ കരുതിയതാ ഇത്. കാല് ഒന്ന് ശരിയാവട്ടെ എന്ന് കരുതി.”
ആമിനമോൾക്ക് ഒത്തിരി സന്തോഷമായി.
ഇത്താത്ത പുറത്തേക്ക് ഇറങ്ങി. പിന്നാലെ മൂസക്കയും.
“മൂസ, സത്യം പറ.”
ഇത്താത്ത ചോദിച്ചു.
“അത് മോളെ.. വീട്ടിൽ കൊച്ചുമോൾ വളർത്തിയിരുന്നതാ.. അവൾ കൊറച്ചു വലുതല്ലേ.. പറന്നു പോയെന്നു പറഞ്ഞാൽ മനസിലാകും.. ആമിന കുഞ്ഞല്ലേ.. അവളുടെ മനസ്സ് വേദനിച്ചാൽ അത് നിനക്ക് സഹിക്കുവോ, നമ്മളെ കൊണ്ട് പറ്റുന്നതല്ലേ ചെയ്യാൻ പറ്റൂ. ഇത്രയും അവളെടെ സന്തോഷത്തിനു ചെയ്യണ്ട”.
“മൂസക്ക…”
ഇത്താത്തയുടെ മിഴികൾ നിറഞ്ഞു.
മൂസ പുഞ്ചിരിച്ചു.
ആമിന സന്തോഷത്തോടെ മൈനയെ കളിപ്പിച്ചുകൊണ്ടിരിന്നു.
– നിഥിൻകുമാർ ജെ പത്തനാപുരം