ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ് ഈ ദിവസം കണക്കാക്കപ്പെടുന്നത്. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്.
ഉദ്ഭവം:
ക്രിസ്തുമസ് ഉത്ഭവത്തെപ്പറ്റി വ്യക്തമായ ചരിത്ര രേഖകളില്ല. ഡിസംബർ 25 ക്രിസ്തുവിന്റെ ജന്മദിനമായി ആചരിക്കാനുള്ള കാരണവും ചരിത്രകാരന്മാർക്ക് അജ്ഞാതമാണ്. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടുമുതലാണ് ഡിസംബർ 25 ക്രിസ്തുമസ്സായി ആചരിക്കപ്പെടാൻ തുടങ്ങിയതെന്നാണ് ഏറ്റവും പ്രബലമായ വാദം. ക്രിസ്ത്യാനിയായി മാറിയ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ഡിസംബർ 25 തന്റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികൾക്കും പേഗൻ മതവിശ്വാസികൾക്കും പൊതുവായ ഒരാഘോഷദിനാമായി പ്രഖ്യാപിച്ചു എന്നാണ് കരുതപ്പെടുന്നത്.
കത്തോലിക്കർ, പ്രൊട്ടസ്റ്റന്റ് സഭകൾ, ഗ്രീക്ക് ഓർത്തഡോക്സ് സഭ, റുമേനിയൻ ഓർത്തഡോക്സ് സഭ എന്നിവർ ഡിസംബർ 25നാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. എന്നാൽ പൗരസ്ത്യ ക്രിസ്ത്യൻ ഓർത്തഡോക്സ് സഭകളിൽ മിക്കവയും ജനുവരി ഏഴ് യേശുവിന്റെ ജനനദിനമായി ആചരിക്കുന്നു. കലണ്ടർ രീതികളിൽ വരുത്തിയ പരിഷ്കാരങ്ങൾ മൂലമാണ് ഇത്തരത്തിൽ രണ്ടു തീയതികൾ ക്രിസ്തുമസ്സായി വന്നത്. ഏതായാലും ലോകത്തിന്റെ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും ഡിസംബർ 25 ആണ് ക്രിസ്തുമസ്സായി ആഘോഷിക്കുന്നത്.
ക്രിസ്തുമസ്സിന്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങൾക്കും കാലഘട്ടങ്ങൾക്കുമനുസരിച്ച് വ്യത്യസ്തമാണ്. തികച്ചും മതപരമായ ആഘോഷങ്ങളേക്കാൾ മതേതരമായ രീതികൾക്കാണ് ഇന്ന് മിക്ക രാജ്യങ്ങളിലും പ്രാമുഖ്യം കാണുന്നത്. ഏതായാലും ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട മിക്ക അനുഷ്ഠാനങ്ങളും ജർമ്മനിയിൽ നിന്ന് വന്നതാണെന്ന് പൊതുവേ കരുതപ്പെടുന്നു. ക്രിസ്തുമസ് മരം, പരസ്പരം സമ്മാനങ്ങൾ കൈമാറൽ എന്നിവ ഉദാഹരണം. ജർമ്മനിയിൽ ക്രിസ്തുമതം പ്രചരിക്കുന്നതിനുമുൻപ് നിലവിലുണ്ടായിരുന്ന യൂൽ എന്ന ശൈത്യകാല വിശേഷദിനത്തിലെ ആചാരങ്ങളാണ് പിന്നീട് ക്രിസ്തുമസ്സിലേക്കും അനുരൂപണം ചെയ്തത്.
ആരാണ് സാന്റാക്ലോസ് അപ്പൂപ്പൻ?
ക്രിസ്തുമസ് നാളുകളിൽ സാർവ്വദേശീയമായി നിറഞ്ഞു നിൽക്കുന്ന രൂപമാണ് സാന്റാക്ലോസ്. നാലാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന സെന്റ് നിക്കോളസ് എന്ന പുണ്യചരിതനാണ് സാന്റാക്ലോസായി മാറിയത്. ക്രിസ്തുമസ് ഒരുക്കങ്ങളുടെ നാളുകൾക്കിടയിൽ ഡിസംബർ ആറിനാണ് വിശുദ്ധ നിക്കോളസിന്റെ അനുസ്മരണദിനം. ഇക്കാരണത്താൽ ഡച്ചുകാർ സെന്റ് നിക്കോളസിനെ ക്രിസ്തുമസ് സമ്മാനങ്ങൾ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങി. ഡച്ചുകോളനികളിലൂടെ ഈ രീതി സാർവദേശീയമാവുകയും ചെയ്തു. സെന്റ് നിക്കോളസ് എന്നത് ലോപിച്ച് സാന്റാക്ലോസുമായി. ഇന്ന് സാന്റാക്ലോസ് അപ്പൂപ്പൻ, ക്രിസ്തുമസ് പപ്പാ, അങ്കിൾ സാന്റാക്ലോസ് എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്നു.
ആംഗ്ലോ–അമേരിക്കൻ പാരമ്പര്യമുള്ള നാടുകളിൽ സാന്റാക്ലോസിന്റെ വരവ് പ്രത്യേകരീതിയിലാണ്. ഇവിടങ്ങളിലെ വിശ്വാസമനുസരിച്ച് ക്രിസ്തുമസ് തലേന്ന് പാതിരാത്രിയിൽ ശൈത്യകാല മാനുകൾ വലിക്കുന്ന വണ്ടിയിലാണ് സാന്റാക്ലോസ് എത്തുന്നത്. ഒരോവീടുകളുടെയും സിമ്മിനികളിലൂടെ അകത്തെത്തുന്ന സാന്റാ ആരും കാണാതെ സമ്മാനങ്ങൾ വിതറി തിരിച്ചുപോകുന്നു. അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ക്രിസ്തുമസ് നാളുകളിൽ വീടുകളിലെ ചിമ്മിനി അലങ്കാര ദീപ്തമാക്കുക, ശൈത്യകാല മാനുകളുടെ രൂപം അലങ്കരിച്ചു വയ്ക്കുക എന്നീ രീതികൾ പ്രചാരത്തിലുണ്ട്. സാന്റാക്ലോസ് അപ്പൂപ്പൻ ക്രിസ്തുമസ് തലേന്ന് ആരുമറിയാതെ വച്ചിട്ടുപോയ സമ്മാനങ്ങളാണെന്നു പറഞ്ഞാണ് മതാപിതാക്കൾ കുട്ടികൾക്ക് ക്രിസ്തുമസ് സമ്മാനങ്ങൾ നൽകുന്നത്.
എല്ലാ കൂട്ടുകാർക്കും മണിച്ചെപ്പിന്റെ സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ!