ബംഗാൾ ഉൾക്കടലിന്റെയും അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും തീരത്തുള്ള കുമാരി അമ്മൻ ക്ഷേത്രത്തിൽ നിന്നുമാണ് കന്യാകുമാരിക്ക് ഈ പേര് കിട്ടിയത്. നൂറ്റാണ്ടുകളായി ആദ്ധ്യത്മിക കേന്ദ്രവും കലാ കേന്ദ്രവുമാണ് കന്യാകുമാരി. കന്യാകുമാരി ഒരു വ്യാപാര കേന്ദ്രവുമായിരുന്നു. ചേര, ചോള, പാണ്ട്യ, നായക രാജാക്കന്മാർ കന്യാകുമാരി ഭരിച്ചിട്ടുണ്ട്.
പിൽക്കാലത്ത് കന്യാകുമാരി പത്മനാഭപുരം ആസ്ഥാനമായ വേണാടിന്റെ ഭാഗമായിത്തീർന്നു. വേണാട് ഭരിച്ചിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ 1729 മുതൽ 1758 വരെയുള്ള കാലഘട്ടത്തിൽ വേണാടിന്റെ അതിർത്തി ആലുവ വരെ വികസിപ്പിച്ച് തിരുവിതാംകൂർ സ്ഥാപിച്ചതിനു ശേഷം കന്യാകുമാരി ജില്ല തെക്കൻ തിരുവിതാംകൂർ എന്ന് അറിയപ്പെടുന്നു. 1741-ഇൽ പ്രസിദ്ധമായ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ മഹാരാജാവ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പരാജയപ്പെടുത്തി. 1947 വരെ കന്യാകുമാരി തിരുവിതാംകൂറിന്റെ ഭാഗമായി തുടർന്നു.
1947-ഇൽ തിരുവിതാംകൂർ, ഇന്ത്യൻ യൂണിയനിൽ ചേരുകയും രാജഭരണം അവസാനിക്കുകയും ചെയ്തു. 1949 -ഇൽ തിരു-കൊച്ചി സംസ്ഥാനം രൂപവൽക്കരിച്ചപ്പോൾ കന്യാകുമാരിയും തിരു-കൊച്ചിയുടെ ഭാഗമാക്കി മാറ്റി. 1956-ഇൽ ഭാഷയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾ പുനർനിർമ്മിക്കുകയും ചെയ്തു കന്യാകുമാരിയെ തമിഴ്‌നാട് സംസ്ഥാനത്തിന്റെ ഭാഗമായി മാറ്റി.
കന്യാകുമാരിയിലുള്ള വാവതുറൈ മുനമ്പിൽ നിന്ന് 500 മീറ്ററോളം അകലെ കടലിലായി രണ്ടു പാറകളിൽ ഒന്നാണ്, വിവേകാനന്ദപ്പാറ. വിവേകാനന്ദസ്വാമികൾ കടൽ നീന്തിക്കടന്ന് 1892 ഡിസംബർ 23,24,25 തീയതികളിൽ ഇവിടെ ധ്യാനിച്ച് ഇരുന്നിരുന്നു. അതുപോലെ തന്നെ അവിടുത്തെ മറ്റൊരു ആകർഷണമാണ് തിരുവള്ളുവർ പ്രതിമ. തത്ത്വചിന്തകനും മതേതര സദാചാരവും സ്വാഭാവശുദ്ധിയും ഉള്ള തമിഴ് കവിയും, തിരുക്കുറലിന്റെ എഴുത്തുകാരനും ആയ തിരുവള്ളുവരുടെ 133 അടി ഉയരമുള്ള ശിൽപമാണ് തിരുവള്ളുവർ പ്രതിമ അല്ലെങ്കിൽ വള്ളുവർ പ്രതിമ.
കന്യാകുമാരിയിൽ മഹാത്മാഗന്ധിയുടെ ചിതാഭസ്മം കടലിൽ നിമഞ്ജനം ചെയ്യുന്നതിനു മുമ്പ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ച സ്ഥലത്ത് പിന്നീട് നിർമ്മിച്ചതാണ് ഗാന്ധിമണ്ഠപം. ക്ഷേത്രങ്ങളുടെ മാതൃകയിൽ നിർമ്മിച്ച ഇതിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് സൂര്യന്റെ ആദ്യകിരണങ്ങൾ പതിക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
ശുചീന്ദ്രം രഥോത്സവം, മണ്ടയ്‌ക്കാട് കൊട, കുമാരകോവിൽ തൃക്കല്ല്യാണ ഉത്സവം, കോട്ടാർ സെന്റ് സേവ്യേഴ്‌സ് തിരുനാൾ എന്നിവ പ്രതിവർഷം നിരവദി തീർത്ഥാടകരെ ആകർഷിക്കുന്നു. പൊങ്കൽ, ദീപാവലി, ഓണം, ക്രിസ്തുമസ്, റംസാൻ എന്നിവയും കന്യാകുമാരി ജില്ലയിൽ കൊണ്ടാടുന്നു.