ജയേഷ് പണിക്കർ
പുതുമണ്ണിൻ ഗന്ധമങ്ങാസ്വദിച്ചും
പുലരിത്തുടുപ്പിലുണർന്നങ്ങനെ
മലയാള ഭാഷ തൻ മധുരം നുകർന്നും
മഹനീയ ഭൂവിതിൻ സൗന്ദര്യവും
മതിലേഖ ചിരി തൂകും വാനുമങ്ങു
മനതാരിലായി നിറച്ചുവയ്ക്കും
മലയാളിയാണു ഞാനെന്നുമെന്നും
തെളിനീരൊഴുകുന്ന പുഴകളുമാ
തരുനിര നിറയുന്ന തീരങ്ങളും
പരി മൃദു മാരുതനൊഴുകിയെത്തും
ഹൃദയം കവരുമാ സൗരഭവും
കൂട്ടിനായെത്തുന്നൊരാ സോദര
രായിരം കൂടെപ്പിറക്കാതെ പോയങ്ങനെ
മലയാള നാടിന്റെ മകനായ് പിറക്കുവാൻ
കഴിയുന്നതോയെന്റെ ജന്മപുണ്യം.