Poems

ഇതെന്റെ പുതിയ ചിന്തകളെ തൊട്ടുണർത്തുന്നു (കവിത)

നിഥിൻകുമാർ ജെ.

ഇവിടെയിനി ഒരിടമുണ്ടോ?
അക്ഷരം മറന്നൊരുവന്റെ
ഒച്ചയാണ്‌ ചുറ്റും.

ചോര കല്ലിച്ച മാംസത്തിൽ
ചാരം മൂടി മറയുമ്പോൾ
മഞ്ഞുപാളികൾ അലിയുന്നു.

മേഘമൊരു കുടനിവർത്തി നിൽക്കുമ്പോൾ
മഴത്തുമ്പികൾ പാടുന്നു,
നൃത്തമാടുന്ന ശലഭകാറ്റുകൾ
തെന്നി മാഞ്ഞുപോകുന്നു.

ഇവിടെയിനി അക്ഷരം
പിറക്കാതെ പോകയോ?
ശബ്ദമില്ലാത്ത സംഗീതമാണ്‌ ചുറ്റും.
മണ്ണും പെണ്ണും ചേരും ഇടമാണിത്‌.

അക്ഷരപ്പിറവിക്ക്‌
കാലം സാക്ഷിയാകയോ?
ഒരനക്കമില്ലാത്ത ഞരക്കമില്ലാത്ത
ഒരു പിണ്ഡമായി അക്ഷരം മാറുകയോ?

കുഴികുത്തി മൂടുവാൻ പാകമൊരു
മാംസതുണ്ടമായി
ഓരോ അക്ഷരയിതളുകളും.

ഒരു തുണ്ടു ഭൂമിയിൽ
ഒരായിരം കടലാസു കൊട്ടാരം
നെയ്തു നേർത്ത അനവധി രാവുകൾ.

പാതിയിൽ കത്തിയമർന്നു തീരുകയോ?
ഈയലുകൾ പാറുന്നു.
മൃത്യു തീർത്ത കവചത്തിൽ
പറ്റിപിടിച്ചു എരിയുന്നു.
അടർന്ന തൂവലുകൾ
കാറ്റിലാടി തിമിർക്കുന്നു.

മറവിയൊരു മരണമായി മാറുകയോ?
മരണത്തിൽ തീർത്ത മതിലുകളിൽ
മഴവിള്ളൽ തീർക്കുകയോ?

എഴുതിത്തുടങ്ങും മുമ്പ്‌
തൂലിക മുറിഞ്ഞൊടുങ്ങുകയോ?
മഷി പടർന്ന കടലാസുകളിൽ
രക്തഗന്ധം പടരുകയോ?

മൊഴികളിൽ തീർത്ത ചുവരുകൾ
അലിഞ്ഞടങ്ങുകയോ?
നിറമില്ലാപ്പക്ഷിക്കും ചിറകുണ്ട്‌
മണമില്ലാപ്പൂവിനും ഇതളുണ്ട്‌
ആരോ പറഞ്ഞത്‌ ഓർമ്മയുണ്ട്‌.

ഓർമ്മ മരിച്ചു തുടങ്ങിയ
ഒടുവിലത്തെ രാവിൽ
ചുവർച്ചിത്രത്തിലെഴുതിയ വാക്കുകൾ.

#malayalam #poem #literacy #reading #online #magazines #writing

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More