സുജ ശശികുമാർ
കഷ്ടപ്പാടിനറുതി വരുത്തുവാൻ
കഷ്ടപ്പെട്ടെട്ടെടുത്ത വൻ ഭാഗ്യക്കുറി.
ഇത്രയും നാൾ കിട്ടാതിരിക്കുകിൽ
ഒട്ടുമേ പ്രതീക്ഷയില്ലാതെ
പെട്ടെന്നൊരു ദിനം വന്നെത്തി
ഭാഗ്യദേവത തൻ കടാക്ഷം.
ആനന്ദത്തിലാറാടിയന്നവൻ
അധികമായുസ്സില്ലാത്തവസ്ഥയിലെത്തിയിന്നവന്റെ ദിനങ്ങൾ.
കടം ചോദിച്ചു കൈ നീട്ടിവന്നെത്തിയോരനവധി
സഹായഹസ്തങ്ങൾക്കു മുന്നിൽ
കരുണതൻ കടാക്ഷവുമായ വൻ.
ഇന്നലെയോളമുള്ളൊരാ സ്വസ്ഥത നഷ്ടമായ്
ഉറക്കമില്ലാത്തരാത്രികൾ തള്ളി നീക്കി.
കാലനായ് മാറുമോ മനുജരെന്നാധിയിന്നവനെ
പേടി സ്വപ്നമായ് തേടിയെത്തി.
പേപിടിച്ച ശുനകനെപ്പോലവർ
ഭാഗ്യവാനെ പല പല
ദിക്കുകൾ തേടി അലയുന്നു കൂട്ടമായ്.
സമ്പത്തു വന്നു ചേർന്നൊരാ നേരത്ത്
അന്ധത മിഴികളിൽ പടരവേ
സമ്പന്നനെന്ന
സത്കീർത്തി വന്നുഭവിക്കിലും
സന്തത സഹചാരികൾ പോലും കാലന്മാരായിത്തീരുന്നു.
കണ്ടു പഠിക്കേണമിന്നു നാമേവരും
ഉള്ള പണത്തിനെ കരുതലായ് വെക്കുവാൻ
പെട്ടെന്നു വന്നു ചേരുന്നതൊക്കെയും
ഒട്ടുമേ നല്ലതല്ലെന്നറിയുക.
പെട്ടെന്നു തന്നെ മരണത്തെ പുൽകുവാനൊരൊറ്റക്കാരണമാവാതിരിക്കട്ടെ…
ഭാഗ്യമിന്ന് ഹതഭാഗ്യമായ് മാറാതിരിക്കട്ടെ..