സുജ ശശികുമാർ
കള്ളിമുണ്ടുടുത്ത് വീട്ടിൽ നിന്നിറങ്ങവേ മണികെട്ടിയ ഒരു കാടൻ പൂച്ച അതുവഴി വന്ന കുറിഞ്ഞി പൂച്ചയെ ശല്യം ചെയ്യുന്നു. അവൾ പരാതി പറയാനെന്ന പോലെ എന്റെ കാലിന്നരികെ വന്നിരുന്ന് എന്തെല്ലാമോ പറയുന്ന പോലെ ശബ്ദമുണ്ടാക്കി തൊട്ടുരുമ്മി നിന്നു.
ഞാൻ കാടനോടു ചോദിച്ചു. “അവൾക്ക് ഇഷ്ടമില്ലെങ്കിൽ പിന്നെന്തിനാടാ പുറകേ നടക്കുന്നത്?”
അതു കേട്ട് മനസ്സിലായപോലെ അവൻ തിരിഞ്ഞു നടന്ന് കുറ്റിക്കാട്ടിൽ വിസർജജ്യം ചെയ്തു മടങ്ങി. കുറിഞ്ഞി നന്ദി പ്രകടനമെന്ന പോലെ എന്റെ പിന്നാലെ കൂടി.
ബഷീറിന്റെ മീൻ കൂക്ക് കേട്ടപ്പോ അവൾക്ക് സന്തോഷമായി. അവൾ വഴിയരികിൽ കാത്തുനിന്നു. അപ്പോഴാണ് ഉടലിൽ തുന്നിയ ചിത്രശലഭത്തിന്റെ കുപ്പായമണിഞ്ഞ് സുന്ദരിയായ ഒരുവളുടെ വരവ്.
ഇന്നോളം അവിടെ എവിടെയും കണ്ടിട്ടില്ല. അവളെ കണ്ടപ്പോ മനസ്സിലൊരു കവിത വിരിഞ്ഞു -അതു മനസ്സിലാവാഹിച്ച്, നാരാണേട്ടന്റെ പീടികയിലിരിക്കേ പരദൂഷണക്കാരി നാണിത്തള്ള വന്നു. അവരെ കണ്ടതും ഞാനെഴുന്നേറ്റു പോകാനൊരുങ്ങി. അവരുടെ പരദൂഷണ ഭാണ്ഡം അഴിക്കുന്നതിനു മുന്നേ രക്ഷപ്പെടാമെന്നു കരുതി. അവിടെ പരാജയപ്പെട്ടു.
കാര്യങ്ങൾ വേറെ വഴിക്കു പോയി. കവിത നല്ലൊരു കഥയായി മാറി. എങ്കിലും മനസ്സിൽ പതിഞ്ഞ വരികൾ അവളിലെ ചാരുത വർദ്ധിപ്പിച്ചു. മനസ്സിൽ മായാതെ അവളുടെ മുഖവും തെളിഞ്ഞു നിൽക്കുന്നു. അവളേതാന്നോ? നാണപ്പൻ മുതലാളിയുടെ വീട്ടുവേലക്കാരിയാണത്രേ. വേലക്കാരിക്ക് ഇത്രേം സൗന്ദര്യമോ?
അവളുടെ കഥ കേട്ടപ്പോ കവിതയല്ല നോവലെഴുതാനാ തോന്നിയത്. ആ ഉടലിൽ തുന്നിയ ശലഭങ്ങളുടെ കുപ്പായമിട്ട് അവൾ പിന്നെയും എന്റെ മുന്നിലൂടെ കടന്നു പോയി. ഒപ്പം ഒരു ചാറ്റൽ മഴയും. അവളുടെ ഉടലിൽ തുന്നിയ കുപ്പായം മഴ നനഞ്ഞൊട്ടി. അവൾ പതിവിലും സുന്ദരിയായി.
എന്നിലൂടൊരു പ്രണയകവിത പനിനീർ സുഗന്ധമായി വിടർന്നു….
1 comment
Good