നിസ്സാമി
പുനരാഖ്യാനം: അബ്ദുള്ള പേരാമ്പ്ര
അദ്ധ്യായം – ഏഴ്
നേരം പുലര്‍ന്ന് വരുന്നതേ ഉണ്ടായിരുന്നുള്ളു. ബ്രസ ഷെയ്ഖിന്റെ കൊട്ടാരം ലക്ഷ്യമിട്ട്, ഇബ്നുസലാം തിടുക്കപ്പെട്ട് നടന്നു വരുന്നത് ഷെയ്ഖിന്റെ ദൃഷ്ടിയില്‍ പെട്ടു. ഷെയ്ഖ് തന്റെ ഇരിപ്പിടത്തിലിരുന്ന് ചില കണക്കുകള്‍ തയ്യാറാക്കുന്ന നേരമായിരുന്നു അത്.
ഇബ്നുസലാം വന്ന മാത്രയില്‍ തന്നെ ഷെയ്ഖിന്റെ കാതില്‍ എന്താ രഹസ്യം മന്ത്രിച്ചു. എല്ലാം വിസ്തരിച്ചു കേട്ടതിനുശേഷം ഷെയ്ഖ് പറഞ്ഞു:
“ശരി, അങ്ങനെയെങ്കില്‍ നാളെ രാവിലെ തന്നെ അങ്ങോട്ടു പോകാം. ലൈലയ്ക്കും അത് ഇഷ്ടമാകും.”
ഇബ്നുസലാമിന്റെ ചുണ്ടില്‍ ഗൂഡമായ ഒരു മന്ദസ്മിതം മിന്നിത്തെളിഞ്ഞു.
ഷെയ്ഖിന് അയല്‍ദേശത്ത് ഒരു രഹസ്യ പാര്‍പ്പിടമുണ്ട്. ഒരു പര്‍വൃതത്തിന്റെ കീഴെ പ്രകൃതിസുന്ദര മായ ഇടം. അവിടെ രണ്ടുനില കൊട്ടാരം ഷെയ്ഖിന് പിതാമഹന്‍മാര്‍ വഴിയേ കിട്ടിയതാണ്. പലപ്പോഴും വേനല്‍ക്കാലമാകുമ്പോള്‍ കുടുംബസമേതം അവര്‍ ആ കൊട്ടാരത്തിലേക്ക് പോകും. പിന്നിട് തിരിച്ചു വരുന്നത് മഞ്ഞുകാലത്താണ്.
പിറ്റേന്ന് തന്നെ പരിവാരങ്ങളോടെ ഷെയ്ഖും കുടുംബവും യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തി. ലൈലക്ക് ഒന്നും മനസ്സിലായില്ല. അവളുടെ എല്ലാ ഉന്മേഷവും കെട്ടുപോയി. പക്ഷേ, ഉപ്പയോട് മറുത്തെന്തെങ്കിലും പറയാന്‍ അവള്‍ അശക്തയായിരുന്നു.
ലൈലയും കുടുംബവും താമസം മാറ്റിയത് ക്വൈസ് അറിഞ്ഞതേയില്ല. അവളുടെ ആഗമനവും പ്രതീക്ഷിച്ച് അയാള്‍ രണ്ടു ദിവസം നദീതീരത്ത് കാത്തിരുന്നു. പല രാത്രികള്‍ അങ്ങനെ കഴിഞ്ഞു.
ക്വൈസിന്റെ ഓരോ കാത്തിരിപ്പും വിഫലമായി. ലൈലയെക്കുറിച്ചുള്ള വാര്‍ത്തകളൊന്നും അറിയാതെ അയാള്‍ ഭ്രാന്തനെപ്പോലെയായി.
ലൈല തന്റെ പിതാവിനോടൊപ്പം പര്‍വ്വതത്തിനു സമീപമുള്ള അവരുടെ വേനല്‍ക്കാല വസതിയിലേക്ക് താമസം മാറ്റിയ വിവരം ക്വൈസ് എങ്ങനെയോ അറിഞ്ഞു. ലൈലയെ വിവാഹം കഴിക്കാനുള്ള ആഗ്രഹവുമായി ഇബ്നുസലാമും ഒപ്പമുണ്ടെന്ന കാര്യം ക്വൈസ് മനസ്സിലാക്കി. അതോടെ അയാളുടെ പ്രതീക്ഷകളെല്ലാം വാടിയ പൂക്കളാണ്.
ഒരു നാള്‍ ക്വൈസ് തന്റെ കൊട്ടാരത്തില്‍ നിന്ന് ആരുമറിയാതെ മാനസിക വിഭ്രമം ബാധിച്ചവനെ പ്പോലെ ഇറങ്ങിയോടി. എങ്ങോട്ടെന്നില്ലാതെയുള്ള ഒരു യാത്ര. യാത്രയിലുടനീളം അയാള്‍, “ലൈല, ലൈലാ” എന്ന് ഉറക്കെ വിളിച്ചു കരഞ്ഞുകൊണ്ടിരുന്നു. കാണുന്നവരുടെ ഹൃദയം അലിഞ്ഞു പോകുന്ന കാഴ്ച! ക്വൈസിന്റെ മനസ്സില്‍ മറ്റൊരു ചിന്തയും തെളിഞ്ഞു വന്നില്ല.
മരുഭൂമിയിലെ ഓരോ മണല്‍ത്തരിക്കും മുള്‍ച്ചെടിക്കുരുന്നിനും ലൈലയുടെ പേര്‍ സുപരിചിതമായിത്തീരും വരെ ക്വൈസ് അവളുടെ പേര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. രാവെന്നോ, പകലെന്നോ ഇല്ലാതെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടുള്ള ക്വൈസിന്റെ യാത്രകള്‍…
അലഞ്ഞും അലറിക്കരഞ്ഞും, ക്വൈസ് മരുഭൂമിയില്‍ തളര്‍ന്നു വീണു. കൊട്ടാരം വിട്ടിറങ്ങിപ്പോയ തന്റെ ഓമനപ്പുത്രനെ അന്വേഷിച്ച് ഉപ്പയും, ഭൃത്യനായ സൈദും കുതിരപ്പുറമേറി മണല്‍പ്പരപ്പാകെ അമ്പേഷിച്ചിറങ്ങി. ഒടുവില്‍ ഒരു മണല്‍ക്കൂനയുടെ സമീപം വെച്ച് അവര്‍ ക്വൈസിനെ കണ്ടെത്തി. അവന്‍ ആകെ ക്ഷീണിതനും ചിത്ത്രഭമം സംഭവിച്ചവനുമായി മാറിക്കഴിഞ്ഞിരുന്നു.
കുതിരപ്പുറത്ത് താങ്ങിയിരുത്തി ഉപ്പ അവനെ കൊട്ടാരത്തിലെത്തിച്ചു. ആവശ്യമായ പരിചരണങ്ങള്‍ കിട്ടിയപ്പോള്‍ അവന്റെ ബോധം ചെറുങ്ങനെ തെളിഞ്ഞു വരാന്‍ തുടങ്ങി. അപ്പോഴും ലൈലയുടെ പേര്‍ അവന്‍ ഉച്ചരിച്ചുകൊണ്ടിരുന്നു. സാവധാനം ‘പ്രണയ്രഭാന്തന്‍’ എന്നൊരു പേര്‍ നാട്ടിലും പരദേശത്തും വന്നുചേര്‍ന്നു.
മകന്റെ പ്രണയത്തെക്കുറിച്ച് ഉപ്പയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. പക്ഷേ, എന്തു ചെയ്യും? ലൈലയുടെ ഉപ്പ യമനിലെ ഷെയ്ഖുമായി അടുപ്പത്തിലായിരുന്നില്ലല്ലോ. പലപ്പോഴും ഏറ്റുമുട്ടിയിട്ടുണ്ട്. ഇത്തരമൊരു അവസ്ഥയില്‍ അയാളെ കാണുന്നതില്‍ വലിയ അര്‍ത്ഥമില്ല.
ഒരു നാള്‍ വിഷണ്ണുനായിരിക്കുന്ന മകനോട് ഉപ്പ പറഞ്ഞു: “മോനെ, നിന്റെ പ്രയാസം എനിക്കറിയാം. നീ എന്തുമാത്രം അവളെ പ്രണയിക്കുന്നുണ്ടെന്നും അറിയാം. ബ്രസാ ഷെയ്ഖ് നമ്മുടെ ശ്രതുവാണെന്ന കാര്യം നിനക്കുകൂടി അറിയുന്നതല്ലേ?”
അയാള്‍ തുടര്‍ന്നു.
“അതുകൊണ്ട്, ശത്രുവിന്റെ പുത്രിയുമായുള്ള പ്രണയം വിവേകശൂന്യമാണ്. ഒരിക്കലും നമുക്ക് പറ്റിയതല്ലത്. നിനക്ക് അവളെ വിസ്മരിക്കുന്നതാവും നല്ലത്.”
പക്ഷേ, ക്വൈസിനെ അതില്‍ നിന്നും വേര്‍പെടുത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ആ ബന്ധം അത്രയ്ക്ക് അലിഞ്ഞുചേര്‍ന്നതാണല്ലോ.
ലൈലയെ വിവാഹം ചെയ്തുകഴിഞ്ഞാല്‍ മകന്‍ നഷ്ടപ്പെട്ട എല്ലാ ഉന്മേഷവും ആരോഗ്യവും പൂര്‍വ്വാധികം ഭംഗിയായി തിരിച്ചുകിട്ടുമെന്ന് അവന്റെ ഉപ്പയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു.
അതിനാല്‍ ബ്രസ ഷെയ്ഖുമായി ചങ്ങാത്തം സ്ഥാപിക്കാനും ഒരു നാള്‍ കൊട്ടാരത്തില്‍ ചെന്ന് ഈ വിഷയം സംസാരിക്കാനും അയാള്‍ തീരുമാനിച്ചു. അയാളുടെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇനി അവളുടെ ഉപ്പയെങ്ങാനും വിസമ്മതിക്കുകയാണെങ്കില്‍ ഒരു യുദ്ധത്തിനും അയാള്‍ തയ്യാറായിരുന്നു. അത്തരമൊരു തീരുമാനത്തിലേക്ക് അയാളുടെ മനസ്സ് പാകപ്പെട്ടു.
(തുടരും)