നിസ്സാമി
പുനരാഖ്യാനം: അബ്ദുള്ള പേരാമ്പ്ര
അദ്ധ്യായം – ആറ്
മേത്തരം അത്തറ് ശരീരമാകെ പൂശി കൊട്ടാരത്തില്‍ അവള്‍ക്കായി പണികഴിപ്പിച്ച ആഭരണങ്ങളണിഞ്ഞ് പുത്തന്‍ രാജകീയ ഉടുപ്പുകളാലെ ലൈല, ആരുമറിയാതെ ഗോവണിപ്പടികള്‍ ഇറങ്ങി താഴെ എത്തി. പിന്‍ഭാഗത്തെ ചെറുവാതില്‍ തുറന്നു കിടപ്പുണ്ടായിരുന്നു.
ഉദ്യാനം നറുനിലാവില്‍ കുളിച്ചുനിന്നു. എവിടെ നിന്നോ രാപ്പക്ഷികള്‍ കുറുകുന്നതിന്റെ മധുരതരമായ ശബ്ദം കേട്ടുകൊണ്ടിരുന്നു. ഒരു ഇളംകാറ്റ് ലൈലയെ തഴുകി എങ്ങോട്ടോ പാഞ്ഞുപോയി. കാറ്റില്‍ അതുവരെ ആസ്വദിച്ചിട്ടില്ലാത്ത ഒരു സുഗന്ധം അവള്‍ക്കനുഭവപ്പെട്ടു.
ലൈലയുടെ മനസ്സില്‍ കാമുകനെക്കുറിച്ചുള്ള ചിന്ത ആവേശം തീര്‍ത്തു. അവളുടെ മനസ്സില്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഒരൊറ്റ വികാരം മാത്രം. എങ്ങനെയെങ്കിലും ക്വൈസിന്റെ അടുത്ത് എത്തിപ്പെടണം.
നിറയെ മരങ്ങള്‍ നിഴലിട്ട വഴിയിലൂടെ ചാന്ദ്രപ്രകാശത്തില്‍ ലൈല ക്വൈസിന്റെ അരികിലേക്ക് ധൃതിപ്പെട്ടു നടന്നു. ആ പാദചലനത്തില്‍ കരിയിലകള്‍ ശബ്ദിക്കുന്നത് മാത്രം കേട്ടു. നടന്നും, ഓടിയും അവള്‍ ഒടുവില്‍ നിര്‍ദ്ദിഷ്ട സ്ഥാനത്ത് എത്തിച്ചേര്‍ന്നു.
ചുറ്റുമുള്ള പായല്‍ത്തറയില്‍ വീണ് പതഞ്ഞൊഴുകുന്ന നദി. അത് സമതലത്തില്‍ സ്ഫടിക സമാനം ജലമെത്തയൊരുക്കി നീണ്ടു നിവര്‍ന്നു കിടന്നു. അങ്ങിങ്ങായി വെള്ളിനൂല്‍ കണക്കെ വെള്ളം ചീറ്റിത്തെറിക്കുന്നു!
കിതപ്പ് ഒന്നു ശമിയ്ക്കാനായി തണുത്ത കാറ്റേറ്റ് ലൈല നദിക്കരയില്‍ ധ്യാനനിമഗ്നയായി നിന്നു. താന്‍ ഓടിയും കിതച്ചും വന്നത് ക്വൈസ് അറിയരുത്. കിതപ്പൊന്നടങ്ങിയപ്പോള്‍ അവള്‍ ചുറ്റിലും ഒന്ന് കണ്ണോടിച്ചു. തന്റെ പ്രിയതമന്‍ എവിടെയാണുള്ളത്? പെണ്‍പ്രാവിനെ അപഹരിച്ച് പ്രേമലേഖനം അതിന്റെ കാലില്‍ കെട്ടി അയച്ച ആ സൂത്രശാലി!
ലൈയ്ക്ക്, ക്വൈസിനെ അവിടെയൊന്നും കാണാനേ കഴിഞ്ഞില്ല. എവിടെയാണവന്‍ മറഞ്ഞിരിക്കു ന്നത്? ലൈല ഉദ്വേഗത്തോടെ കണ്ണുകള്‍ നാലുപാടും പായിച്ചു. ആ നിമിഷത്തില്‍, ഒളിഞ്ഞിരുന്ന് ലൈലയെ പറ്റിക്കാനൊന്നും ക്വൈസിന് കഴിയുമായിരുന്നില്ല. ഈയൊരു അസുലഭ നിമിഷത്തിനു വേണ്ടിയിരുന്നല്ലോ അവനും കൊതിച്ചു കഴിഞ്ഞത്.
മരഛായയുടെ നിഴല്‍പറ്റി ഉദ്വേഗഭരിതയായി ചെറിയ കിതപ്പോടെ നില്‍ക്കുന്ന ലൈലയെ ക്വൈസ് ഇതിനകം കണ്ടെത്തിക്കഴിഞ്ഞിരുന്നു. അരുവിയുടെ അപ്പുറത്തുനിന്നും അതിവേഗം ക്വൈസ് ലൈലയുടെ അരികിലേക്ക് ഓടിവന്നു. അവനെ കണ്ടതും ലൈല വെളിച്ചത്തിലേക്ക് നീങ്ങിനിന്നു.
“തന്റെ രൂപം ശരിക്കും അവന്‍ കണ്‍കുളിര്‍ക്കെ കാണട്ടെ,” അവള്‍ ന്രമമുഖിയായി നിന്നു.
“അല്ല, ഇത് ലൈല തന്നെയാണോ? അതോ ആകാശത്തുനിന്നും പറന്നിറങ്ങിയ മാലാഖയോ?”
ക്വൈസ്, അവളുടെ മുഖം തന്റെ കൈളില്‍ കോരിയെടുത്ത് ഒരു കുസൃതിച്ചിരിയോടെ തിരക്കി. പര സ്പരം ആ കണ്ണുകള്‍ ഇടഞ്ഞു. ആകാശത്തുനിന്നും ചന്ദ്രൻ കൂടുതല്‍ പ്രകാശത്തോടെ തിളങ്ങി, അവരുടെ രൂപത്തെ വെളിപ്പെടുത്തി. അധികമൊന്നും അവര്‍ സംസാരിച്ചില്ല. ആ നോട്ടങ്ങളില്‍ തന്നെ വാക്കുകളുടെ ഒരു കാട് പൂത്തുനിന്നിരുന്നു.
ക്വൈസ് പറഞ്ഞു:
“പ്രിയേ നിന്നെ ഞാന്‍ മനസ്സിലാക്കുന്നു. എന്തുമാത്രം സാഹസപ്പെട്ടാണ് നീയിത്ര ദൂരം താണ്ടി എന്നെ കാണാന്‍ വന്നത്? നിന്നെ ഞാന്‍ കടലോളം പ്രണയിക്കുന്നു.”
“പ്രിയനേ, ഞാന്‍ അങ്ങയേയും.” അവര്‍ പരസ്പര ഗാഡഃമായി പുണര്‍ന്നു. രണ്ട് ഇണപ്രാവുകളുടെ സമാഗമം. അത് കണ്ട് ചന്ദ്രനും നദിയിലെ ഓളങ്ങളും കണ്ണടച്ചു.
അവര്‍ രണ്ടുപേരും തുടര്‍ രാത്രികളിലും അവിടെ സമാഗമിച്ചു. അങ്ങനെ പ്രണയപ്രതിജ്ഞകള്‍ പലതും പുതുക്കി. ഇരുവരും തങ്ങളുടെ സ്വപ്നങ്ങള്‍ പങ്കുവെച്ച് മണിക്കൂറുകളോളം ഇളംകാറ്റു കൊണ്ടും പക്ഷികളുടെ കിളിനാദം കേട്ടും ഇരുന്നു. അങ്ങനെയങ്ങനെ ആ പ്രണയബന്ധം കൂടുതല്‍ ദൃഡതരമായി.
ഒരു രാത്രിയില്‍, പിരിയാന്‍ മനസ്സില്ലാതെ ഇരുപേരും അവിടെ മടിച്ചു നില്‍ക്കുകയാണ്. അപ്പോള്‍ ക്വൈസ് ലൈലയുടെ വിരലുകളില്‍ അമര്‍ത്തിച്ചുംബിച്ച് കൊണ്ട് പറഞ്ഞു:
“ലൈലാ, അനന്തവിസ്തൃതമാണ് ഈ ഭൂമി. അവിടെ നാം സർവ്വ സ്വാതന്ത്രരായിട്ട് വസിക്കുന്നു. ഈ നദിയില്‍ നിന്ന് പഠനം ചെയ്തും, മണല്‍ക്കാട്ടില്‍ മാത്രം മുളയ്ക്കുന്ന ഫലങ്ങള്‍ ശേഖരിച്ച് ഹിതം പോലെ നാം ഭക്ഷിക്കുന്നു. കാട്ടുതിന പൊടിച്ച് നിന്റെ കൈകള്‍കൊണ്ട് ഉണ്ടാക്കുന്ന അപ്പം സ്വാദോടെ രുചിക്കുക. എങ്കില്‍ ഈ ലോകം മുഴുവന്‍ ഉപേക്ഷിക്കാന്‍ ഞാന്‍ തയാറാണ്.”
അവന്‍ ഇങ്ങനെ തുടര്‍ന്നു; “നിന്റെ ഇഷ്ടക്കാരുടെ വെറുപ്പും വിദ്വേഷവും അകറ്റി, നിന്നെ മാത്രം പ്രണയിച്ച് ഓരോ നിമിഷവും നിന്റെ കൂടെത്തന്നെ ഞാന്‍ ആനന്ദജീവിതം തുടരുമായിരുന്നു.”
അതുകേട്ട് ലൈല തെല്ലിട മൗനിയായി: ആ കണ്ണുകള്‍ നിറഞ്ഞു. അവ ഇടത് കൈത്തലം കൊണ്ട് തുടച്ച് ലൈല പറഞ്ഞു:
“അങ്ങ് എന്താണോ പറഞ്ഞത് അതിന് ഞാനും ഒരുക്കമാണ്.”
“എങ്കില്‍, നമുക്ക് ഒരു കാര്യം ചെയ്യാം. എല്ലാം ഉപേക്ഷിച്ച് നമുക്കിവിടം വിട്ട് എങ്ങോട്ടെങ്കിലും പോവാം.”
“ഇപ്പോള്‍ തന്നെയോ?” ലൈല തിരക്കി.
“അല്ല, ഇപ്പോഴല്ല. അതിനുവേണ്ടി നീ തയ്യാറായിക്കൊള്ളുക്,” ക്വൈസ് തുടര്‍ന്നു;
“നാളെ ഇതേനേരം നല്ല വേഗതയുള്ള രണ്ട് കുതിരകളുമായി ഞാന്‍ വരും. ഇതേ സ്ഥലത്ത് നീ എനിക്ക് വേണ്ടി കാത്തു നില്ക്കണം ഒരു കുതിര എങ്ങനെയാണോ മണല്‍ തട്ടിത്തെറിപ്പിച്ച് വായുവേഗത്തില്‍ കുതിക്കുന്നത്, അതേപോലെ ഈ ലോകത്തെ തട്ടിത്തെറിപ്പിച്ച് മറ്റൊരു ലോകത്തേക്ക് നമുക്ക് പോകണം.”
ലൈല ആ കൈകളില്‍ മുറുകെ പിടിച്ചു. അന്നു രാത്രി സ്വപ്നങ്ങള്‍ മാത്രം കണ്ട് ലൈല തന്റെ കിടപ്പുമുറിയില്‍ ഉറക്കം വരാതെ കിടന്നു.
(തുടരും)